Connect with us

Palakkad

സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി പ്രവര്‍ത്തനം അവതാളത്തില്‍

Published

|

Last Updated

പാലക്കാട്: സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി ഇപ്പോഴും പരാധീനതകളുടെ നടുവില്‍. ആവശ്യത്തിന് ജീവനക്കാരും ലാബ് സൗകര്യവും ഇല്ലാതെയാണ് രണ്ട് വര്‍ഷമായി ആശുപത്രിയുടെ പ്രവര്‍ത്തനം.
ആശുപത്രിയില്‍ അനസ്‌തേഷ്യ നല്‍കാനുള്ള ഡോക്ടറും ശുചീകരണ ജീവനക്കാരും ഇല്ലാത്തത് പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. തുടക്കത്തില്‍ 103 കിടക്കകളോടെ പ്രവര്‍ത്തനം ആരംഭിച്ച ആശുപത്രിയില്‍ ഇപ്പോള്‍ 250 കിടക്കകളുണ്ട്. ലാബ് ടെക്‌നീഷ്യന്‍ ജീവനക്കാരെ സ്ഥിരമായി നിയമിക്കാതെ എം ആര്‍ ലൈബ്രറി, ഫാര്‍മസി, സ്‌റ്റോര്‍കീപ്പര്‍ തുടങ്ങി ക്ലര്‍ക്ക്, പ്യൂണ്‍ തസ്തികകള്‍ വരെ ഒഴിഞ്ഞുകിടക്കുകയാണ്. 20 വിഭാഗങ്ങളിലായി 73ഓളം തസ്തികകളിലാണ് നിയമനം നടത്താനുള്ളത്.
രോഗികളുടെ എണ്ണം അനുദിനം വര്‍ധിക്കുമ്പോഴും ഒഴിവുകള്‍ നികത്താത്തത് ആശുപത്രിയുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ടെന്ന് ജീവനക്കാര്‍ക്കുതന്നെ പരാതിയുണ്ട്. ആശുപത്രിയിലെ ഒഴിവുകളെസംബന്ധിച്ച് അധികൃതര്‍ നിരവധി തവണ ആരോഗ്യമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ടെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ല. പ്രസവശസ്ത്രക്രിയകള്‍ക്കുള്ള സൗകര്യംകൂടി പുനഃസ്ഥാപിച്ചതോടെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ തിരക്കേറിയിട്ടുണ്ട്.
നിലവിലുള്ള ജീവനക്കാര്‍ ഇതിന്റെ ഭാരംകൂടി സഹിക്കേണ്ട സ്ഥിതിയാണ്. ഓരോമാസവും ശരാശരി അഞ്ഞൂറുപ്രസവക്കേസുകള്‍ മാത്രം ഇവിടെ എത്താറുണ്ട്. ഇത്രയും പേരുടെ രക്തപരിശോധനയും മറ്റും നടത്തേണ്ടതും ഈ ആശുപത്രിയില്‍ത്തന്നെ. നിയമനങ്ങള്‍ വൈകിയാല്‍ ആശുപത്രിയുടെ പ്രവര്‍ത്തനം താളംതെറ്റുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

Latest