ദുബൈയില്‍ മൂന്ന് ഉദ്യാനങ്ങള്‍; ഒരു പൊതുജന ചത്വരം

Posted on: February 5, 2014 6:30 pm | Last updated: February 5, 2014 at 5:51 pm

unnamedദുബൈ: ദുബൈയില്‍ മൂന്ന് പൊതു ഉദ്യാനങ്ങളും ഒരു പൊതുജന ചത്വരവും തുറക്കാന്‍ ദുബൈ ഉപ ഭരണാധികാരിയും യു എ ഇ ധനകാര്യ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് അല്‍ മക്്തൂം ഉത്തരവിട്ടു. 1.46 കോടി ദിര്‍ഹം ചെലവിലാണ് ഉദ്യാനങ്ങള്‍. 2015 ല്‍ പൂര്‍ത്തിയാകും.

നഗരത്തിന്റെ മുഖച്ഛായ മാറ്റാനുള്ള പദ്ധതിയുടെ ഭാഗമാണിതെന്ന് നഗരസഭാ ഡയറക്ടര്‍ ജനറല്‍ എഞ്ചി. ഹുസൈന്‍ നാസര്‍ ലൂത്ത പറഞ്ഞു. നിരവധി പഠനങ്ങളുടെയും പൊതുജനാഭിപ്രായങ്ങളുടെയും അടിസ്ഥാനത്തിലാണ് ഉദ്യാനങ്ങള്‍. കെട്ടിടങ്ങള്‍ മാത്രമല്ല, വിശ്രമകേന്ദ്രങ്ങളും നഗരത്തിന് ആവശ്യമാണ്. അല്‍ തവാര്‍ രണ്ട്, ഊദ് മുതീന, മിസ്ഹാര്‍ ഒന്ന് എന്നിവിടങ്ങളിലാണ് ഉദ്യാനങ്ങള്‍. മുഹൈസിന മൂന്നിലാണ് പൊതുജന ചത്വരം. ഏതാണ്ട് 7.46 ഹെക്ടര്‍ ഇതിനുവേണ്ടി നീക്കിവെക്കും. കളിസ്ഥലങ്ങള്‍, നടപ്പാതകള്‍, ഇരിപ്പിടങ്ങള്‍, ശൗചാലയങ്ങള്‍ തുടങ്ങിയവ ഉദ്യാനങ്ങളില്‍ ഒരുക്കും. വൃക്ഷങ്ങള്‍, കുറ്റിക്കാടുകള്‍, പൂച്ചെടികള്‍, പച്ചപ്പരവതാനികള്‍ എന്നിവ ഉപയോഗപ്പെടുത്തും.
അല്‍ തവാറില്‍ രണ്ട് ഹെക്ടറിലാണ് ഉദ്യാനം. 520 മീറ്ററില്‍ റണ്ണിംഗ് ട്രാക്ക് സവിശേഷതയാണ്. സൗരോര്‍ജം ഉപയോഗപ്പെടുത്തും. ഊദ് മുതീന പാര്‍ക്കില്‍ സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഉണ്ടാകും. കുട്ടികള്‍ക്ക് പ്രത്യേക കളിസ്ഥലവും സജ്ജീകരിക്കും-അദ്ദേഹം പറഞ്ഞു.