റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല സമരത്തിലേക്ക്‌

Posted on: February 5, 2014 8:17 am | Last updated: February 5, 2014 at 8:17 am

കല്‍പ്പറ്റ: മിനിമം വേതനം നല്കുക, എപിഎല്‍ ഗോതമ്പ് പുനഃസ്ഥാപിക്കുക, ഭക്ഷ്യസുരക്ഷാ ബില്ലിലെ അപാകതകള്‍ പരിഹരിക്കുക, എപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് റേഷന്‍ വിഹിതം ഇരട്ടിയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് റേഷന്‍ ഡീലേഴ്‌സ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി അനിശ്ചിതകാലസമരത്തിലേക്ക്. ഇതിന് മുന്നോടിയായി നാളെ കടകള്‍ അടച്ച് ജില്ല സപ്ലൈ ഓഫീസിന് മുന്നിലും പത്തിന് താലൂക്ക് കേന്ദ്രങ്ങളിലും സമരം നടത്തുമെന്ന് ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സൂചനാസമരം നടത്തിയിട്ടും നടപടിയുണ്ടായില്ലെങ്കില്‍ 15 മുതല്‍ അനിശ്ചിതകാലത്തേക്ക് കടകള്‍ അടച്ചിട്ട് സമരം ചെയ്യാനാണ് തീരുമാനമെന്നും ഇവര്‍ പറഞ്ഞു. സമരത്തിന്റെ ഭാഗമായി ഈ മാസം ഒന്നുമുതല്‍ ഇന്റന്റ് നല്കുന്നതും സ്‌റ്റോക്കെടുക്കുന്നതും നിര്‍ത്തിവച്ചതിനാല്‍ വരുംദിവസങ്ങളില്‍ റേഷന്‍ വിതരണം മുടങ്ങും. നിലവില്‍ അന്ത്യോദയ അന്നയോജന പദ്ധതി പ്രകാരം നല്കാനുള്ള അരി മാത്രമാണ് റേഷന്‍ കടകളില്‍ സ്റ്റോക്കുള്ളത്. പുതിയ സ്റ്റോക്ക് എടുക്കാത്തതിനാല്‍ ഈ അരി തീരുന്നതോടെ റേഷന്‍ വിതരണം മുടങ്ങും.
തുച്ഛമായ കമ്മീഷന്‍ വ്യവസ്ഥയാണ് നിലവിലുള്ളതെന്നും ഇതിന് പകരം റേഷന്‍ കട ലൈസന്‍സിക്ക് 15,000 രൂപയും വില്പനക്കാരന് 8000 രൂപയും വേതനമായി നല്കുക, മൊത്തവ്യാപാര കേന്ദ്രങ്ങളില്‍ പോയി സ്‌റ്റോക്കെടുക്കുന്നതിന് പകരം സ്റ്റോക്ക് റേഷന്‍ കടകളില്‍ എത്തിക്കുക, റേഷന്‍ വ്യാപാരികളോടുള്ള അവഗണന അവസാനിപ്പിക്കുക, റേഷന്‍ വ്യാപാരികള്‍ക്ക് കമ്മീഷന്‍ ഇനത്തില്‍ നല്‍കാനുള്ള കുടിശിക ഉടന്‍ നല്‍കുക, വെട്ടിക്കുറച്ച മണ്ണെണ്ണ വിഹിതം പുനഃസ്ഥാപിക്കുക, മൊത്ത വിതരണ ഡിപ്പോകളിലെ അളവ്, തൂക്ക വെട്ടിപ്പ് തടയാന്‍ നടപടിയെടുക്കുക തുടങ്ങിയവയാണ് സമരക്കാരുടെ മറ്റ് ആവശ്യങ്ങള്‍. കേരള റേഷന്‍ റീട്ടെയില്‍ ഡീലേഴ്‌സ് അസോസിയേഷന്‍, കെഎസ്ആര്‍ഡിഎ എന്നീ സംഘടനകളും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. ജില്ലയിലെ 300 റേഷന്‍ കടകളില്‍ 110 എണ്ണം കഴിഞ്ഞ ആഴ്ചത്തെ വില്‍പനയുടെ വിശദാംശങ്ങള്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ നല്കിയിട്ടില്ല. ശേഷിക്കുന്ന 190 റേഷന്‍ വ്യാപാരികളും വരുംദിവസങ്ങളില്‍ സമരത്തില്‍ പങ്കുചേരുമെന്നും ഇവര്‍ പറഞ്ഞു.
ഓള്‍ കേരള റേഷന്‍ റീട്ടെയില്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ഡാനിയല്‍ ജോര്‍ജ്, സംസ്ഥാന കമ്മിറ്റി അംഗം വിനോദ് ചന്ദ്രന്‍, ജില്ലാ സെക്രട്ടറി ഇസ്മയില്‍, വൈത്തിരി താലൂക്ക് ഭാരവാഹികളായ പി. കുഞ്ഞബ്ദുള്ള, സുരേന്ദ്രന്‍, മുഹമ്മദ് സലിം, അയൂബ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.