സ്‌കൂള്‍ പരിസരത്തും ചങ്കുവെട്ടിയിലും പരസ്യമായി പാന്‍വില്‍പ്പന

Posted on: February 5, 2014 7:59 am | Last updated: February 5, 2014 at 7:59 am

PAN masalaകോട്ടക്കല്‍: സ്‌കൂള്‍ പരിസരത്തും ചങ്കുവെട്ടി ടൗണിലും പരസ്യമായി പാന്‍വില്‍പ്പന സജീവം.
അന്യസംസ്ഥാനത്തുള്ളവരാണ് പോലീസിനെയും നിയമത്തെയും വെല്ലുവിളിച്ച് വില്‍പ്പന നടത്തുന്നത്. ഗവ. രാജാസ് സ്‌കൂള്‍ പരിസരത്ത് പാതയോരത്ത് നിരത്തിവെച്ചാണ് വില്‍പന. സ്‌കൂള്‍ കുട്ടികള്‍ ഉള്‍പെടെയുള്ളവര്‍ ഇതിന്റെ നിത്യ ഉപഭോക്താക്കളാണെന്ന് പരിസരവാസികള്‍ പറയുന്നു.
ചങ്കുവെട്ടിയില്‍ തൃശൂര്‍ ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പുകേന്ദ്ര പരിസരത്താണ് വില്‍പ്പന. നിരവധി തവണ ഇത് പോലീസിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെങ്കിലും നടപടി ഉണ്ടായിട്ടില്ല. ടൗണിലെ കടകളില്‍ ഇടക്കിടക്ക് കയറി ഇറങ്ങുന്ന പോലീസ് സ്‌കൂള്‍ പരിസരത്തെ പാന്‍ ഉത്പ്പന്ന വില്‍പ്പനക്കെതിരെ നടപടി എടുക്കുന്നില്ലെന്നാണ് ആക്ഷേപം. ചങ്കുവെട്ടി ടൗണ്‍ പരിസരത്ത് കാലങ്ങളായി ഇത്തരം വസ്തുക്കളുടെ വില്‍പ്പനക്കാര്‍ തമ്പടിച്ചിട്ട്. അടക്ക, വെറ്റില തുടങ്ങിയ മുറുക്കാന്‍ വസ്തുക്കള്‍ മാത്രം പ്രദര്‍ശിപ്പിച്ചാണ് ഇവര്‍ വില്‍പ്പന നടത്തുന്നത്. പോലീസിന്റെ കണ്ണ് വെട്ടിക്കാനാണിത്. ഇതിന്റെ മറവില്‍ മറ്റ് ലഹരി വസ്തുക്കളും വില്‍പ്പന നടത്തുന്നത്. ഇവര്‍ക്കായി സ്ഥിരം ഉപഭോക്താക്കളുമുണ്ട്. സ്‌കൂള്‍ പരിസരത്തേക്കുകൂടി വില്‍പ്പനവ്യാപിപ്പിച്ചിട്ടും നടപടി ഇല്ലാത്തത് പ്രദേശം ലഹരി വില്‍പ്പനക്കാര്‍ക്ക് താവളമാകുകയാണെന്നതിന്റെ സൂചനയാണ്.