സംസ്ഥാനത്ത് പ്രവാസി കമ്മീഷന്‍ രൂപവത്കരിക്കണം: കോടിയേരി

Posted on: February 3, 2014 12:52 pm | Last updated: February 3, 2014 at 12:52 pm

കോഴിക്കോട്: പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി സംസ്ഥാനത്ത് പ്രവാസി കമ്മീഷന്‍ രൂപവത്കരിക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍.
പ്രവാസികളുടെ പരിരക്ഷക്കായി നോര്‍ക്ക സംവിധാനം വിപുലീകരിക്കണം. പ്രവാസി കമ്മീഷന്‍ രൂപവത്കരിക്കുന്നതോടെ അവരുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാനുള്ള വേദി ലഭിക്കും. വിവിധ രാജ്യങ്ങളില്‍ നടക്കുന്ന നിയമപരമായ പുതിയ മാറ്റങ്ങള്‍ കണക്കിലെടുത്ത് സമഗ്ര കുടിയേറ്റം രാജ്യത്ത് നടപ്പാക്കണമെന്നും കോടിയേരി പറഞ്ഞു.
പ്രവാസികളും പ്രശ്‌നങ്ങളും എന്ന വിഷയത്തില്‍ കേരള പ്രവാസി സംഘം ജയ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ദേശീയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മിഡില്‍ ഈസ്റ്റ് രാജ്യങ്ങൡ നടക്കുന്ന കുടിയേറ്റങ്ങള്‍ ഇപ്പോള്‍ പരിമിതമായി. പുതിയ കുടിയേറ്റ രാജ്യങ്ങള്‍ കണ്ടെത്തണം. നിതാഖാത്ത് പോലുള്ള നിയമ പ്രശ്‌നങ്ങളില്‍ അകപ്പെട്ട് കേരളത്തിലേക്കെത്തുന്നവര്‍ക്ക് ഇപ്പോള്‍ ആവശ്യമായ സുരക്ഷ ലഭിക്കുന്നില്ല. പ്രവാസികള്‍ക്കായി സംരക്ഷണ നിയമം നടപ്പാക്കണം. 35 കോടിയിലധികം കുടിയേറ്റക്കാര്‍ ലോകത്തുണ്ട്. ഇതില്‍ തന്നെ 50 ശതമാനം സ്ത്രീകളാണ്. സ്ത്രീകള്‍ക്ക് സംരക്ഷണം ലഭിക്കുന്ന തരത്തിലാകണം സമഗ്ര കുടിയേറ്റ നിയമം നടപ്പാക്കേണ്ടത്. നിയമപ്രശ്‌നങ്ങള്‍ മൂലം തിരിച്ചെത്തുന്ന പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കമെന്നും അദ്ദേഹം പറഞ്ഞു.
സാംസ്‌കാരിക പ്രവാസി മന്ത്രി കെ സി ജോസഫ് സെമിനാറിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കേരള പ്രവാസി സംഘം പ്രസിഡന്റ് പി ടി കുഞ്ഞുമുഹമ്മദ് അധ്യക്ഷനായിരുന്നു.
കേരള പ്രവാസി സംഘം പുറത്തിറക്കിയ പ്രവാസലോകം പുസ്തകത്തിന്റെ രണ്ടാംപതിപ്പ് കെ സി ജോസഫില്‍ നിന്നും കോടിയേരി ബാലകൃഷ്ണന്‍ ഏറ്റുവാങ്ങി പ്രകാശനം നിര്‍വഹിച്ചു. പ്രവാസി സംഘം പ്രസിഡന്റ് പി ടി കുഞ്ഞുമുഹമ്മദ് അധ്യക്ഷനായിരുന്നു. പ്രവാസി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി എം എ സലാം, കെ വി അബ്ദുല്‍ ഖാദര്‍ എം എല്‍ എ, ഡോ ഖദീജമുംതാസ്, ടി പി രാമകൃഷ്ണന്‍ പങ്കെടുത്തു.