വനാതിര്‍ത്തിയില്‍ യുവതിയെ കാട്ടാന കുത്തികൊന്നു

Posted on: January 24, 2014 5:25 pm | Last updated: January 24, 2014 at 8:26 pm

മാനന്തവാടി: വിറക് ശേഖരിക്കാന്‍ പോയ യുവതിയെ വനാതിര്‍ത്തിയില്‍ ഭര്‍ത്താവിന് മുന്നില്‍ വെച്ച് കാട്ടാന കുത്തിക്കൊന്നു. തിരുനെല്ലി എരുവക്കി അമൃതാ നിവാസില്‍ എമ്മടി മുരളിധരന്റെ ഭാര്യ കനകലത(35) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് പന്ത്രണ്ടിനായിരുന്നു സംഭവം. ഭര്‍ത്താവിന് പുറമെ മറ്റ് രണ്ട് സ്ത്രീകളും ഒപ്പമുണ്ടായിരുന്നു. വിറക് ശേഖരിച്ച് മടങ്ങുന്നതിനിടയില്‍ ആനയുടെ മുമ്പില്‍ പെടുകയായിരുന്നു. മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടു. പിന്തുടര്‍ന്നെത്തിയ ആന കനകലതയെ കുത്തി വീഴ്ത്തുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.

വിവരമറിഞ്ഞ് ഡി എഫ് ഒ എ ഷാനവാസിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി. തിരുനെല്ലി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം ജില്ലാ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി. ഭര്‍ത്താവ് മുരളീധരന്‍ സി പി എം തിരുനെല്ലി ബ്രാഞ്ച് കമ്മിറ്റിയംഗവും തിരുനെല്ലി ക്ഷേത്രം ജീവനക്കാരനുമാണ്. മക്കള്‍: അമൃത, അഭിനന്ദ്, അഭിജിത്ത്.