കലോത്സവ നഗരിയെ പൊടി പുലിവാല് പിടിപ്പിക്കുന്നു

Posted on: January 21, 2014 11:37 pm | Last updated: January 21, 2014 at 11:37 pm

പാലക്കാട്: ശക്തമായി വീശിയടിക്കുന്ന കാറ്റ്, കണ്ണിലും വായിലും മൂക്കിലും പാറിയെത്തുന്ന പൊടി, ചുട്ടുകത്തുന്ന വെയില്‍, രക്ഷാപ്രവര്‍ത്തനവുമായി ഫയര്‍ഫോഴ്‌സ്…. സ്‌കൂള്‍ കലോത്സവ നഗരിയില്‍ പൊടിപൂരം.
പറഞ്ഞു കേട്ട പാലക്കാടന്‍ കാറ്റും വെയിലും അനുഭവിച്ചറിയാത്തവരായി ആരുമില്ല ഇവിടെ. ശക്തമായ ചൂടില്‍ കലോത്സവ വേദികളില്‍ പൊടിക്കാറ്റ് അരങ്ങു തകര്‍ക്കുമ്പോള്‍ ഫയര്‍ഫോഴ്‌സിന്റെ രക്ഷാപ്രവര്‍ത്തനം മാത്രമാണ് ഏക ആശ്വാസം. നഗരിയിലും പരിസരത്തും വെള്ളം തളിച്ച് ഫയര്‍ഫോഴ്‌സ് അവസരോചിതമായി ഇടപെടുന്നുണ്ടെങ്കിലും കനത്തചൂടില്‍ മണ്ണ് നിമിഷ നേരം കൊണ്ട് ഉണങ്ങുന്നതിനാല്‍ പ്രയോജനം ഏറെ നേരം ലഭിക്കുന്നില്ല.
ദിവസവും മൂന്ന് നേരം വരെ വെള്ളം തളിക്കുന്നുണ്ട്. എന്നാല്‍ മുഖ്യവേദിയിലൊഴികെ ഫയര്‍ഫോഴ്‌സ് എത്താത്തതിനാല്‍ ഇവിടെ മത്സരാര്‍ഥികളും ആസ്വാദകരും ഒരുപോലെ പ്രയാസപ്പെടുകയാണ്. മത്സരത്തിന് ഏറെ നേരം മുമ്പ് മേക്കപ്പ് ചെയ്ത് എത്തുന്ന വിദ്യാര്‍ഥികളെ പൊടിക്കാറ്റ് വല്ലാതെ വലക്കുന്നുണ്ട്. മത്സരാര്‍ഥികളില്‍ ഭൂരിഭാഗം പേരും സ്റ്റേജിലേക്ക് കയറുന്നതിന് തൊട്ടു മുമ്പു വരെ മുഖം മറച്ചാണ് ഊഴം കാത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന നാടന്‍പാട്ട് മത്സരത്തില്‍ രാത്രിയുണ്ടായ പൊടിക്കാറ്റേറ്റ് മത്സരാര്‍ഥികളില്‍ ചിലര്‍ക്ക് തുമ്മലും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടിരുന്നു. വേദികളിലെ കര്‍ട്ടന്റെ പ്രവര്‍ത്തനത്തെയും കാറ്റ് ബാധിക്കുന്നുണ്ട്.
ഭക്ഷണശാല പ്രവര്‍ത്തിക്കുന്ന വിക്‌ടോറിയ കോളജ് മൈതാനിയിലും വില്ലന്‍ കാറ്റും പൊടിയും തന്നെ. കാറ്റും പൊടിയും വീശിയടിക്കുന്നത് ഭക്ഷണവിതരണത്തേയും ബാധിക്കുന്നുണ്ട്.
നേരത്തെ തന്നെ ഇലയിട്ട് കൂട്ടുകറികള്‍ വിളമ്പി ഭക്ഷണ വിതരണത്തിന് തയ്യാറെടുക്കാന്‍ പൊടിക്കാറ്റാണ് തടസ്സമാകുന്നത്. ശക്തമായ കാറ്റില്‍ ഇലകള്‍ പാറി പോകുന്നതിനാല്‍ കഴിക്കാനെത്തുന്നവര്‍ ഇരുന്നതിന് ശേഷമാണ് ഇലയിടുന്നത്. ഇത് ഭക്ഷണവിതരണം വൈകാനും കാരണമാകുന്നുണ്ട്. ഭക്ഷണ ഹാളിലേക്ക് പൊടി പാറിയെത്തുന്നത് തടയാനായി ഇവിടെ ഫയര്‍ഫോഴ്‌സ് വെള്ളം തളിച്ച് കൊണ്ട് രംഗത്തുണ്ട്. പൊടി ശ്വസിച്ച അലര്‍ജി മൂലം മുഖ്യവേദിയില്‍ വെല്‍ഫയര്‍ കമ്മിറ്റി ഒരുക്കിയ മെഡിക്കല്‍ സംഘത്തിന്റെ സഹായം തേടി നിരവധി വിദ്യാര്‍ഥികളും അധ്യാപകരുമാണ് എത്തുന്നത്.