വിദ്യാര്‍ഥികള്‍ പഠിപ്പ് മുടക്കി പ്രതിഷേധിച്ചു

Posted on: January 21, 2014 2:00 pm | Last updated: January 21, 2014 at 2:00 pm

കൊളത്തൂര്‍: അധികൃതരുടെ അനാസ്ഥ കാരണം കോളജിന്റെ പ്രവര്‍ത്തനം അവതാളത്തിലാണെന്നാരോപിച്ച് മങ്കട ഗവ.കോളജിലെ വിദ്യാര്‍ഥികള്‍ പഠിപ്പ് മുടക്കി സമരം ചെയ്തു.
ഇതിന്റെ ഭാഗമായി ഇന്നലെ കോളജ് പ്രവര്‍ത്തിക്കുന്ന കൊളത്തൂര്‍ ജംഗ്ഷനിലും കുറുപ്പത്താല്‍ ടൗണിലും പ്രതിഷേധ പ്രകടനം നടത്തി. കോളജിലെ വിദ്യാര്‍ഥികള്‍ സംയുക്തമായാണ് പ്രകടനം നടത്തിയത്.
കോളജില്‍ ഉടന്‍ പ്രിന്‍സിപ്പളിനെ നിയമിക്കുക, താത്കാലിക കെട്ടിടത്തിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, സ്ഥിരം കെട്ടിടം നിര്‍മിക്കാനുള്ള നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.
കോളജിന്റെ ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെ പ്രിന്‍സിപ്പലിനെ നിയമിച്ചിട്ടില്ല. പ്രാഥമിക സൗകര്യങ്ങളും ഇവിടെ കുറവാണ്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി ഒരു ടോയ്‌ലറ്റാണ് താത്കാലിക കെട്ടിടത്തിനുള്ളത്.
ഏഴ് കോഴ്‌സുകളോടു കൂടി ആരംഭിച്ച കോളജില്‍ പ്രിന്‍സിപ്പലില്ലാത്തത് കാരണം കോളജിന്റെ പ്രവര്‍ത്തനം അവതാളത്തിലാണ്. കോളജിന് സ്ഥിരം കെട്ടിടം നിര്‍മിക്കുന്നതിന് സ്ഥലം കണ്ടെത്തി സ്ഥാപിക്കാനുള്ള നടപടികള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല.
കെട്ടിടം നിര്‍മിക്കുന്നതിന് 4.10 കോടി രൂപ എം എല്‍ എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്ന് അനുവദിച്ചിട്ടുണ്ട്. നാല് മാസത്തോളമായിട്ടും അധ്യാപകര്‍ക്ക് ശമ്പളം ലഭിച്ചിട്ടില്ല.