കാത്തിരിപ്പിന് അറുതി; കനോലികനാല്‍ നവീകരണ പ്രവൃത്തി തുടങ്ങി

Posted on: January 16, 2014 7:59 am | Last updated: January 16, 2014 at 7:59 am

കോഴിക്കോട്: കാത്തിരിപ്പിന് വിരാമം. കനോലി കനാലിന്റെ നവീകരണ പ്രവൃത്തി ആരംഭിച്ചു. ആദ്യഘട്ടത്തില്‍ പുതിയറ പാലം മുതല്‍ എരഞ്ഞിക്കല്‍ വരെയുള്ള 9.145 കിലോമീറ്റര്‍ ദൂരത്തിന്റെ പ്രവൃത്തിയാണ് ഇന്നലെ ആരംഭിച്ചത്. ഇതിന്റെ പ്രവൃത്തി മെയ് 31കം പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കലക്ടര്‍ സി എ ലത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നാഷണല്‍ റൂറല്‍ ഇന്‍ഫ്രാസ്‌ട്രെക്ച്ചര്‍ ഡവലപ്‌മെന്റ് ഫണ്ടില്‍ നിന്ന് 4.60 കോടി രൂപയാണ് നവീകരണത്തിന് ഇറിഗേഷന്‍ വകുപ്പിന് ലഭിച്ചിരിക്കുന്നത്. അറവുശാലകളില്‍ നിന്നും ആശുപത്രികളില്‍ നിന്നുമുള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നിക്ഷേപിക്കപ്പെട്ട് ഒഴുക്ക് നിലച്ച അവസ്ഥയിലാണ് കനാല്‍. ഏറെ ശ്രമകരമായ പ്രവൃത്തിയാണ് നവീകരണമെങ്കിലും ഇത് സമയബന്ധിതമായി പൂര്‍ത്തികരിക്കാന്‍ വേണ്ട സജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് കലക്ടര്‍ പറഞ്ഞു. കനാലില്‍ നിന്ന് നീക്കം ചെയ്യുന്ന മാലിന്യങ്ങള്‍ താത്കാലികമായി നിക്ഷേപിക്കാന്‍ മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ഒരേക്കര്‍ സ്ഥലം വിട്ട് നല്‍കിയിട്ടുണ്ട്.
നഗരത്തില്‍ നിന്നുള്ള മാലിന്യങ്ങള്‍ നിറയുന്നതും കുളവാഴയും പായലുമുള്‍പ്പെടെ തിങ്ങിവളരുന്നതും കനോലി കനാലിലെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നുണ്ട്. ജനങ്ങളുടെ സമീപനത്തില്‍ മാറ്റം വരുത്താതെ കനോലി കനാലിനെ പഴയ അവസ്ഥയിലേക്ക് എത്തിക്കാന്‍ സാധിക്കില്ല. 11.20 കിലോമീറ്റര്‍ ദൈര്‍ഘ്യമുളള കനോലി കനാലിന്റെ നവീകരണം പൂര്‍ത്തിയായാലും ജലഗതാഗതം ആരംഭിക്കാന്‍ ഏറെ കടമ്പകളുണ്ട്. പുതിയറ പാലം ഉയര്‍ത്തുന്നതടക്കമുള്ള നടപടികള്‍ ഇറിഗേഷന്‍ വകുപ്പും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് തയ്യാറാക്കി അനുമതിക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു.