പാറ ഖനനം: സമീപവാസികള്‍ പരാതി നല്‍കി

Posted on: January 13, 2014 11:00 am | Last updated: January 13, 2014 at 11:00 am

കുറ്റിയാടി: സമീപവാസികളെ ഭീതിയിലാക്കിയും നിയമങ്ങള്‍ കാറ്റില്‍ പറത്തിയും മരുതോങ്കര പഞ്ചായത്തിലെ നെല്ലിക്കുന്ന് ഭാഗം നീറ്റുകോട്ടപാറമലയില്‍ ക്വാറി പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കി.
നീറ്റുകോട്ട പാറ സംരക്ഷണ സമിതി വില്ലേജ് ഓഫീസര്‍ക്കും ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കുമാണ് പരാതി നല്‍കിയത്. 2004ല്‍ മണ്ണിടിച്ചിലില്‍ 10 പേര്‍ കൊല്ലപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം തൊട്ടില്‍പാലം പോലീസ് നടത്തിയ പരിശോധനയില്‍ ഉഗ്രശേഷിയുള്ളതും കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചതുമായ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. ഇത്തരം സ്‌ഫോടനങ്ങള്‍ പരിസ്ഥിതി ആഘാതമേല്‍പ്പിക്കുന്നതിന് പുറമെ നീരൊഴുക്ക് വറ്റാനും ഇടവരുത്തും. പ്രസ്തുത ക്വാറി അടച്ചുപൂട്ടിക്കാന്‍ നടപടി സ്വീകരിക്കാത്ത പക്ഷം ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് താമസം മാറ്റുന്നതടക്കമുള്ള പ്രക്ഷോഭ പരിപാടികള്‍ സ്വീകരിക്കുമെന്നും പാറ സംരക്ഷണം സമിതി മുന്നറിയിപ്പ് നല്‍കി.