Connect with us

Gulf

മുഹമ്മദ് നബി (സ) സര്‍വ ലോകത്തിന്റെയും പ്രവാചകര്‍: ഡോ. ഫാറൂഖ് നഈമി

Published

|

Last Updated

അജ്മാന്‍: മുഹമ്മദ് നബി (സ) സര്‍വ ലോകത്തിന്റെയും പ്രവാചകരാണെന്ന് എസ് എസ് എഫ് സംസ്ഥാന ഡെപ്യൂട്ടി പ്രസിഡന്റ് ഡോ. ഫാറൂഖ് നഈമി കൊല്ലം അഭിപ്രായപ്പെട്ടു. അജ്മാന്‍ സെന്‍ട്രല്‍ ഐ സി എഫ് “തിരുനബി വിളിക്കുന്നു” എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ലോകവ്യക്തികളുടെയും പ്രതിഭകളുടെയും ഇടയില്‍ നിന്നും മുഹമ്മദ് നബി(സ) യെ വിലയിരുത്തിയാല്‍ ഒരുപാട് പ്രത്യേകതകള്‍ കാണാനാകും. മാനവരാശിക്ക് മുഴുവനും മാര്‍ഗദര്‍ശകനായിരുന്നു മുഹമ്മദ് നബി (സ). ഇരുണ്ട ലോകത്ത് പ്രകാശവുമായാണ് പ്രവാചകര്‍ കടന്നു വന്നത്. മനുഷ്യത്വത്തിന്റെ ഒന്നുമറിയാതെ ജീവിച്ചിരുന്ന ഒരു സമൂഹത്തെ കഠിന പ്രയത്‌നം കൊണ്ട് ലോകത്തിന് മുഴുവന്‍ മാതൃകയാക്കി മാറ്റിയത് മുഹമ്മദ് നബി (സ) യുടെ വിജയമായിരുന്നു.
ജാതി-മത-ഭേതമന്യേ സുസ്ഥിരമായി ഒരു രാഷ്ട്ര നിലനില്‍പ്പിന് സുരക്ഷിതമായ ഒരു സമൂഹം സൃഷ്ടിക്കുന്നതിന് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും അധ്യാപനങ്ങളുമാണ് പ്രവാചക ചരിത്രത്തിലുടനീളം കാണാന്‍ കഴിയുക.
ലോകത്ത് ഓരോ സെക്കന്റിലും ഉച്ചരിക്കുന്നത് പ്രവാചകര്‍ മുഹമ്മദ് നബി (സ) യുടെ നാമമാണ്. ഭൗതികമായ പ്രതീകങ്ങളില്ലാതെ മനുഷ്യ ഹൃദയങ്ങളില്‍ ജീവിക്കുന്ന നേതാവ് ഈ ലോകത്ത് വേറെയില്ല. ലോകത്ത് ഏറ്റവും കൂടുതല്‍ വിളിക്കപ്പെടുന്ന നാമവും മുഹമ്മദ് എന്നാണ്. മുഹമ്മദ് നബിയുടെ ജന്മദിനത്തില്‍ ലോകത്ത് നിരവധി ദൃഷ്ടാന്തങ്ങളാണ് കാണാന്‍ കഴിഞ്ഞത്. സര്‍വ ചരാചരങ്ങളുടെയും പ്രവാചകനായ മുഹമ്മദ് നബി(സ) എന്നത്തെയും ഭരണാധികാരികള്‍ക്ക് മാതൃകയാണ്. പ്രവാചകരുടെ പ്രബോധന കാലത്ത് ശത്രുപക്ഷത്ത് നിന്ന് രൂക്ഷമായ ആക്രമണമുണ്ടായപ്പോഴും അവരുടെ നന്മക്ക് വേണ്ടിയല്ലാതെ പ്രവാചകര്‍ പ്രാര്‍ഥിച്ചിരുന്നില്ല. പ്രകൃതിയെ ആക്രമിച്ചാലുണ്ടാകുന്ന ഭവിഷ്യത്ത് പ്രവാചകര്‍ ചൂണ്ടിക്കാണിച്ചിരുന്നു. പ്രപഞ്ചത്തിന് മുഴുവന്‍ കാരുണ്യമായിരുന്ന മുഹമ്മദ് നബി (സ) യുടെ ജന്മദിനമാഘോഷിക്കല്‍ ഓരോ മുസ്‌ലിമിന്റെയും കടമയാണെന്നും ഫാറൂഖ് നഈമി അഭിപ്രായപ്പെട്ടു.
ഐ സി എഫ് അജ്മാന്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുര്‍റസാഖ് മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് മാരായമംഗലം അബ്ദുര്‍റഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. അഡ്വ. ഹംസ ഇരിക്കൂര്‍, അബ്ദുല്‍ ഹയ്യ് അഹ്‌സനി, അബ്ദുല്‍ ഖാദിര്‍ സഖാഫി ആറങ്ങാടി, പി കെ സി മുഹമ്മദ് സഖാഫി, സയ്യിദ് ഇസ്മാഈല്‍ ബുഖാരി, മൂസ ഹാജി പ്രസംഗിച്ചു. അബ്ദുല്‍ റശീദ് ഹാജി സ്വാഗതവും സകരിയ്യ ഇര്‍ഫാനി നന്ദിയും പറഞ്ഞു.