Connect with us

Wayanad

വയനാട് വീണ്ടും ബ്ലേഡ് മാഫിയയുടെ പിടിയിലേക്ക്

Published

|

Last Updated

കല്‍പറ്റ: സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറോട്ടിറിയത്തിന്റെ കാലാവധി തീരാന്‍ ഒരു മാസം മാത്രം ബാക്കിനില്‍ക്കെ ജില്ലയിലെ സകല ബേങ്കുകളും കര്‍ഷകര്‍ക്ക് ജപ്തി നോട്ടീസുകള്‍ അയച്ചു തുടങ്ങി. കാര്‍ഷിക വായ്പയിലും വിദ്യാഭ്യാസ വായ്പയിലുമെല്ലാം ഇത്തരത്തില്‍ നോട്ടീസുകള്‍ ലഭിക്കുന്ന സാധാരണക്കാര്‍ എന്തുചെയ്യണമെന്ന് അറിയാതെ അന്തിച്ചുനില്‍ക്കുന്നു.

കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറോട്ടിറയത്തിന്റെ കാലാവധി അടുത്ത മാസമാണ് അവസാനിക്കുക. ഇത്തവണ കാര്‍ഷിക മേഖലയില്‍ വിളവെടുപ്പിന്റെ ഉല്‍സാഹമൊന്നും പ്രകടമല്ല. കാപ്പി ഉല്‍പാദനം 40 ശതമാനത്തോളം കുറഞ്ഞു. അടക്ക ഉല്‍പാദനത്തില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മുന്‍പ് ക്വിന്റല്‍ കണക്കില്‍ കുരുമുളക് പറിച്ചിരുന്ന തോട്ടങ്ങളില്‍ നിന്ന് പേരിന് പോലും മുളക് ഇല്ലെന്നായി. ഇഞ്ചിയും നേന്ത്രവാഴയും പോലുള്ള ഹൃസ്വകാല വിളകളിലും നെല്ലിലുമൊക്കെയാണ് കര്‍ഷകരില്‍ പലരുടെയും പ്രതീക്ഷ. ഇതാവട്ടെ കടത്തിന്റെ ചെറിയ ഭാഗം പോലും തിരിച്ചടയ്ക്കാന്‍ കഴിയും വിധം വരുമാനദായകവുമല്ല. കഷ്ടിച്ച് കുടുംബം കഴിഞ്ഞുകൂടാനുള്ള വരുമാനം മാത്രമാണ് പലര്‍ക്കും ഹൃസ്വകാല വിളകളില്‍ നിന്ന് ലഭിക്കുന്നത്. അതേസമയം കുരുമുളകും കാപ്പിയും അടയ്ക്കയും പോലുള്ള നാണ്യ വിളകളളില്‍ നിന്നുള്ള വരുമാനം പ്രതീക്ഷിച്ച് എടുത്തിരുന്ന ബാങ്ക് വായ്പയും മറ്റ് പണം ഇടപാടുകളും തീര്‍ക്കാന്‍ കഴിയാതെ മഹാഭൂരിപക്ഷം കര്‍ഷകരും ഇരുട്ടില്‍തപ്പുകയാണ്. ഇതിനിടെയാണ് ബാങ്കുകളുടെ ജപ്തി നോട്ടീസും. വരുമാനം കുറഞ്ഞതോടെ നേരത്തെ മുതല്‍ തന്നെ ജില്ലയില്‍ വീണ്ടും ബ്ലേഡ് മാഫിയ പിടിമുറുക്കി തുടങ്ങിയിരുന്നു.
സാധാരണക്കാരുടെ സഹായികളെന്ന് നടിച്ചെത്തുന്ന വട്ടിപ്പലിശക്കാര്‍ മുതല്‍ ഭൂമിയുടെ പ്രമാണങ്ങളും ബ്ലാക്ക് ചെങ്കും മുദ്രപത്രവുമൊക്കെ ഈട് വാങ്ങി വന്‍തുക കൊടുക്കുന്നവര്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നു. വട്ടിപലിശക്കാരുടെ പിടിയിലമരന്നുവരില്‍ ഏറെയും കൂലിവേലക്കാരും ചെറിയ വരുമാനക്കാരുമാണ്. തുണിക്കച്ചവടത്തിന്റെയും ഗൃഹോപകരണങ്ങള്‍ അടക്കം ഇന്‍സ്റ്റാള്‍മെന്റ് പദ്ധതികളുടെയും മറവില്‍ നാട്ടിന്‍ പുറങ്ങളിലെ വീടുകളിലെത്തുന്ന തമിഴ്‌നാട് സ്വദേശികളും തദ്ദേശവാസികളുമാണ് വട്ടിപലിശ ഇടപാട് കൂടുതലായി നടത്തുന്നത്.
ആയിരം രൂപക്ക് ഒരു മാസത്തേക്ക് നൂറ് രൂപയെന്നതാണ് ഇത്തരക്കാരുടെ കണക്ക്. ആയിരം രൂപ കടമായി വാങ്ങുമ്പോള്‍ ആദ്യം തന്നെ പലിശയിലേക്ക് നൂറ് രൂപ കഴിച്ച് തൊള്ളായിരമാണ് നല്‍കുക. ഓരോ ആഴ്ചയും 250 രൂപ വീതം തിരിച്ചടച്ച് നാലാഴ്ച കൊണ്ട് വീണ്ടും ആയിരം രൂപ മടക്കിക്കൊടുക്കണം. അതായത് തൊള്ളായിരം രൂപ മാത്രം കടം കൊടുത്ത് ഒരു മാസം കൊണ്ട് നേടുന്നത് 1100 രൂപ. ഇത്തരത്തില്‍ നാലായിരവും അയ്യായിരവുമൊക്കെ ആവശ്യാനുസരണം വട്ടിപലിശക്കാരോട് വാങ്ങുന്ന രീതി നാട്ടിന്‍പുറങ്ങളില്‍ പതിവായിട്ടുണ്ട്. ആവശ്യത്തിന് പണം കാലതാമസമില്ലാതെ കിട്ടുന്നതിലാന്‍ പലിശയെ കുറിച്ച് അതൃപ്തിയോ പരാതിയോ പുറത്തറിയിക്കാന്‍ പാവപ്പെട്ടവര്‍ തയ്യാറാവുന്നുമില്ല. ആയിരവും രണ്ടായിരവുമൊക്കെ കടം വാങ്ങുന്നവര്‍ ഇത് അടച്ച് തീര്‍ത്ത് വീണ്ടും ഇതേ പലിശക്കാരനോട് തന്നെ കൂടുതല്‍ കൂടുതല്‍ വായ്പ വാങ്ങുകയാണ്. എത്ര അടച്ചാലും ബാധ്യത തീരാത്ത വിധം പലിശയുടെ നീരാളിപ്പിടുത്തത്തില്‍ അകപ്പെട്ടവര്‍ നാട്ടിന്‍പുറങ്ങളില്‍ നിരവധിയാണ്.
കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഭൂമിയുടെ ക്രയവിക്രയം കാര്യമായി നടക്കാത്ത സാഹചര്യത്തില്‍ സാധാരണക്കാര്‍ക്ക് മക്കളുടെ വിദ്യാഭ്യാസം, രോഗ ചികില്‍സ, വീട് നിര്‍മാണം, വിവാഹം അടക്കമുള്ള അത്യാവശ്യകാര്യങ്ങള്‍ക്കൊന്നും പണം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യമാണ് വന്‍കിട ബ്ലേഡുകാര്‍ മൂതലാക്കുന്നത്. ഭൂമിയുടെ പ്രമാണം ഈട് വാങ്ങിയും ബ്ലാങ്ക് ചെക്കുകളും മുദ്രപത്രങ്ങളുമൊക്കെ ഒപ്പിട്ടുവാങ്ങിയും നടത്തിയിട്ടുള്ള ബ്ലേഡ് ഇടപാടില്‍ കുടുങ്ങിയിട്ടുള്ള നിരവധി സാധാരണക്കാര്‍ ജില്ലയിലുണ്ട്. അടുത്തകാലത്ത് ബത്തേരി പോലീസ് സ്റ്റേഷന്‍ പരിധിയിലെ മലങ്കരയില്‍ ജീവനൊടുക്കേണ്ടി വന്ന ഷാജിയുടെ അനുഭവം ഇതിലൊന്ന് മാത്രം.ബ്ലേഡുകാരുടെ ചൂഷണത്തിന് ഇരകളാവുന്ന കര്‍ഷകരുടെ എണ്ണം ജില്ലയില്‍ കൂടി വരികയാണ്. എന്നാല്‍ വന്‍കിട ബ്ലേഡുകാരെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസും മറ്റ് അധികൃതരും സ്വീകരിക്കുന്നതെന്നും പരാതി ഉയരുന്നുണ്ട്. മുന്‍പ് ബ്ലേഡ് സംഘങ്ങള്‍ക്ക് എതിരായ പ്രക്ഷോഭം ശക്തമായ സാഹചര്യത്തില്‍ ചില ബ്ലേഡുകാരുടെ വീടുകളിലും ഓഫീസുകളിലും പരിശോധന നടത്തി രേഖകള്‍ പിടിച്ചെടുത്തതല്ലാതെ ശക്തമായ നടപടി ഉണ്ടായിട്ടില്ല. 2012 ഓഗസ്റ്റില്‍ ബ്ലേഡിന്റെ പിടിയിലകപ്പെട്ടാണ് എള്ളുമന്ദത്തെ മോഹനന്‍ എന്ന കര്‍ഷഖ തൊഴിലാളി ആത്മഹത്യ ചെയ്തത്. ബ്ലേഡ് പലിശക്കാരുടെ കുരുക്കില്‍ അകപ്പെട്ട ബത്തേരി നായ്ക്കട്ടി സ്വദേശി തങ്കച്ചന്‍ സ്വന്തം വൃക്ക വിറ്റാണ് കടക്കാരില്‍ നിന്ന് രക്ഷപ്പെട്ടത്. ഒരു ലക്ഷം രൂപയുടെ ചിട്ടിയില്‍ ചേര്‍ന്ന വാഴവറ്റ സ്വദേശി ജോസിന്റെ 35 സെന്റ് ഭൂമി ബ്ലേഡുകാര്‍ കൈവശപ്പെടുത്തി. ബ്ലേഡ് പലിശക്കാര്‍ കൊടുത്ത നിരവധി വണ്ടിചെക്ക് കേസുകള്‍ ജില്ലയിലെ വിവിധ കോടതികളിലായി നടക്കുന്നുണ്ട്. സഹകരണ ബേങ്കുകളടക്കം കാര്‍ഷിക വായ്പാ വിതരണം നിര്‍ത്തിവെച്ചതും ഷെഡ്യൂള്‍ഡ് ബേങ്കുകള്‍ വലിയ വായ്പകളില്‍ മാത്രം ശ്രദ്ധയൂന്നിയതും ചെറുകട കര്‍ഷകരെയും ബ്ലേഡിന്റെ പിടിയിലേക്ക് എത്തിച്ചിരിക്കുകയാണ്.