ക്രിസ്റ്റ്യാനോ @ 400

Posted on: January 8, 2014 6:29 am | Last updated: January 8, 2014 at 12:31 am

CHRSTIANO RONALDOമാഡ്രിഡ്: പോര്‍ച്ചുഗലിന്റെ ഇതിഹാസ താരം യൂസേബിയോക്ക് അന്ത്യാഞ്ജലിയെന്നോണം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ടഗോളുകള്‍. സ്പാനിഷ് ലാ ലിഗയില്‍ സെല്‍റ്റ വിഗോക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് റയല്‍ മാഡ്രിഡ് ജയിച്ചു കയറിയപ്പോള്‍ കരിയറിലെ നാനൂറാം ഗോളുമായി പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ നായകന്‍ ക്രിസ്റ്റ്യാനോ വെട്ടിത്തിളങ്ങി. ഫ്രഞ്ച് സ്‌ട്രൈക്കര്‍ കരീം ബെന്‍സിമയാണ് മറ്റൊരു സ്‌കോറര്‍. രണ്ടാം പകുതിയിലായിരുന്നു ഗോളുകള്‍. പതിനെട്ട് മത്സരങ്ങളില്‍ 44 പോയിന്റോടെ റയല്‍ മൂന്നാം സ്ഥാനത്താണ്. 49 പോയിന്റ് വീതമുള്ള ബാഴ്‌സലോണയും അത്‌ലറ്റികോ മാഡ്രിഡും ആദ്യ രണ്ട് സ്ഥാനങ്ങളില്‍. ശനിയാഴ്ച ബാഴ്‌സയും അത്‌ലറ്റികോയും തമ്മിലാണ് പോരാട്ടം. രണ്ടാം സ്ഥാനക്കാരുമായുള്ള പോയിന്റ് അകലം കുറയ്ക്കാനുള്ള അവസരമാണ് റയലിന് അടുത്ത മത്സരം.
അറുപത്തേഴാം മിനുട്ടില്‍ കരീം ബെന്‍സിമയാണ് റയലിന്റെ എക്കൗണ്ട് തുറന്നത്. 82,90 മിനുട്ടുകളില്‍ ക്രിസ്റ്റ്യാനോയുടെ ഗോളടി.
രണ്ടാം പകുതിയില്‍ റയല്‍ കോച്ച് കാര്‍ലോ ആന്‍സലോട്ടി നടത്തിയ സബ്സ്റ്റിറ്റിയൂഷനാണ് ഫലം ചെയ്തത്. ഇസ്‌കോക്ക് പകരം ജെസിയും ഡി മാരിയക്ക് പകരം ഗരെത് ബെയ്‌ലും ഇറങ്ങി. ജെസിയുടെ പാസിലാണ് ബെന്‍സിയുടെ ഗോള്‍. ഡാനി കാര്‍വാലിന്റെ പാസില്‍ ക്രിസ്റ്റ്യാനോ 399താം ഗോള്‍ നേടി. സ്റ്റോപ്പേജ് ടൈമില്‍ ക്രിസ്റ്റ്യാനോ നാനൂറാം ഗോള്‍ എന്ന നാഴികക്കല്ല് താണ്ടിയത് ഗരെത് ബെയ്‌ലിന്റെ അസിസ്റ്റില്‍. സീസണില്‍ ക്രിസ്റ്റ്യാനോക്ക് ബെയില്‍ ഒരുക്കുന്ന ഏഴാം ഗോളായിരുന്നു ഇത്.
സീസണില്‍ പോര്‍ച്ചുഗല്‍ താരത്തിന്റെ ഇരുപത്തൊമ്പതാം ഗോളും. ഫിഫ ലോകഫുട്‌ബോളറാകാന്‍ മത്സരിക്കുന്ന ക്രിസ്റ്റ്യാനോ തന്റെ മിടുക്ക് ഒരിക്കല്‍ കൂടി പ്രകടമാക്കിയ മത്സരമായിരുന്ന ഇത്.
അന്തരിച്ച വിഖ്യാത താരം യൂസേബിയോക്കാണ് ക്രിസ്റ്റ്യാനോ തന്റെ ഗോളുകള്‍ സമര്‍പ്പിച്ചത്.