Connect with us

International

തുര്‍ക്കിയില്‍ 350 പോലീസ് ഉദ്യോഗസ്ഥരെ കൂടി മാറ്റി

Published

|

Last Updated

അങ്കാറ: സര്‍ക്കാറുമായി അടുത്തയാളുകള്‍ നടത്തിയ അഴിമതി അന്വേഷിക്കുന്നതിന്റെ ഭാഗമായി തുര്‍ക്കിയില്‍ തലസ്ഥാനത്തെ 350 പോലീസ് ഉദ്യോഗസ്ഥരെ തത്സ്ഥാനത്തുനിന്നും മാറ്റി. അങ്കാറയില്‍നിന്നും പുറത്തുള്ളവരെയാണ് ഇവര്‍ക്ക് പകരം നിയമിച്ചിരിക്കുന്നത്. അഴിമതി അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ മാസം നൂറോളം പോലീസുകാരെ പിരിച്ചുവിടുകയോ ഇവര്‍ സ്വയം പിരിഞ്ഞുപോകുകയോ ചെയ്തിരുന്നു. റെയ്ഡുകളില്‍ മക്കള്‍ പിടിയിലായതിനെത്തുടര്‍ന്ന് മൂന്ന് കാബിനറ്റ് മന്ത്രിമാരും രാജിവെച്ചിരുന്നു. നീതിന്യായ വകുപ്പും പോലീസും ചേര്‍ന്ന് നടത്തിയ വൃത്തികെട്ട ഗൂഢാലോചനയാണിതെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തിയിരുന്നു. അഴിമതി അന്വേഷണത്തിന്റെ ഭാഗമായി രാജ്യമൊട്ടുക്കും നിരവധി പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇതില്‍ അമ്പതോളം പേര്‍ ഉദ്യോഗസ്ഥരും വ്യവസായികളുമാണ്.
രണ്ട് മുന്‍ മന്ത്രിമാരുടെയും പൊതുമേഖലാ ബേങ്കായ ഹാള്‍ക് ബേങ്കിന്റെ ചീഫ് എക്‌സിക്യുട്ടീവിന്റെയും മക്കള്‍ ഇപ്പോഴും പോലീസ് കസ്റ്റഡിയിലാണ്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍, കള്ളക്കടത്ത്, തുടങ്ങിയ അന്വേഷിക്കുന്ന വകുപ്പിലെ പോലീസ് ഉദ്യോഗസ്ഥരും നീക്കം ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടും.