Connect with us

Kasargod

ചുമട്ടുതൊഴിലാളി സമരം തുടരുന്നു; മലയോരത്ത് വ്യാപാരമേഖല പ്രതിസന്ധിയില്‍

Published

|

Last Updated

പരപ്പ: മലയോരമേഖലയായ ചിറ്റാരിക്കാല്‍, പരപ്പ, മാലോം, വള്ളിക്കടവ്, കൊന്നക്കാട്, ഭീമനടി, നര്‍ക്കിലക്കാട് തുടങ്ങിയ പ്രദേശങ്ങളുള്‍ക്കൊള്ളുന്ന ഭീമനടി മേഖലയില്‍ ഐ എന്‍ ടി യു സിയും സി ഐ ടിയും സംയുക്തമായി ആരംഭിച്ച അനിശ്ചിതകാല പണിമുടക്ക് ഏഴാം ദിവസത്തിലേക്ക് കടക്കുന്നു. സമരം മലയോരത്തെ വ്യാപാരമേഖലയെ പ്രതിസന്ധിയിലെത്തിച്ചു.
കൂലി വര്‍ധനവ് ആവശ്യപ്പെട്ട് ഈമാസം ഒന്നിനാണ് സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ പണിമുടക്ക് തുടങ്ങിയത്. സാധനങ്ങളുടെ കയറ്റിറക്ക് പൂര്‍ണമായും നിശ്ചലമാണ്. സമരം സംഘര്‍ഷാവസ്ഥയിലേക്കും വഴിമാറാന്‍ തുടങ്ങിയിട്ടുണ്ട്.
മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പരപ്പ യൂണിറ്റ് സെക്രട്ടറി പി ശശിധരന്‍ താന്‍ ഉള്‍പ്പെട്ട ഒരു ക്ഷേത്രത്തിലേക്ക് പൂജാസാധനങ്ങള്‍ കൊണ്ടുപോകുന്നത് കഴിഞ്ഞദിവസം സമരക്കാര്‍ തടഞ്ഞത് സംഘര്‍ഷത്തിന് കളമൊരുക്കി. ചുമട്ടുതൊഴിലാളികളുടെ ഈ നിലപാടില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ പരപ്പയില്‍ ഹര്‍ത്താല്‍ ആചരിച്ചിരുന്നു.
സമരം ശക്തമാക്കാനാണ് തൊഴിലാളികളുടെ തീരുമാനം. രണ്ട് വര്‍ഷത്തിലൊരിക്കലാണ് ചുമട്ട്‌മേഖലയില്‍ മലയോരത്ത് കൂലിവര്‍ധവ് നടപ്പിലാക്കാറുള്ളതെന്നും നിലവിലുള്ള കരാറിന്റെ കാലാവധി ഡിസംബര്‍ 31ന് അവസാനിച്ചുവെന്നും എന്നാല്‍ കരാര്‍ പുതുക്കാന്‍ വ്യാപാരികള്‍ തയ്യാറായിട്ടില്ലെന്നും സംയുക്ത തൊഴിലാളി യൂണിയന്‍ വിശദീകരിക്കുന്നു. എന്നാല്‍ തൊഴിലാളികള്‍ അനാവശ്യമായ പല ആവശ്യങ്ങളും ഉന്നയിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് വ്യാപാരി സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.

 

Latest