മലാക്പൂരിലെ ക്യാമ്പ് ഒഴിയാന്‍ വിസമ്മതിച്ച് മുസാഫര്‍നഗര്‍ ഇരകള്‍

Posted on: January 6, 2014 7:43 am | Last updated: January 6, 2014 at 7:43 am

Muzaffarnagar riotsമുസാഫര്‍നഗര്‍: ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് ഒഴിഞ്ഞുപോകില്ലെന്ന് മുസാഫര്‍നഗര്‍ കലാപത്തിനിരയായി ക്യാമ്പുകളില്‍ കഴിയുന്നവര്‍ വ്യക്തമാക്കി. ശംലി ജില്ലയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന മലാക്പൂര്‍ ക്യാമ്പിലെ അഭയാര്‍ഥികളാണ് ഒഴിഞ്ഞുപോകാന്‍ വിസമ്മതിച്ചത്.
കഴിഞ്ഞ ദിവസം ഭഗ്പതില്‍ നിന്നുള്ള ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദര്‍ശിക്കുകയും ഇവരോട് ക്യാമ്പുകളില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പക്ഷേ ഭയം കാരണം തങ്ങള്‍ പോകുന്നില്ലെന്നായിരുന്നു ഇവരുടെ മറുപടി. ശക്തമായ തണുപ്പ് മൂലം കൂടുതല്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറാന്‍ ഇവരോട് അഭ്യര്‍ഥിച്ചിരുന്നതായി ശാംലി ജില്ലാ മജിസ്‌ട്രേറ്റ് പി കെ സിംഗ് വ്യക്തമാക്കി. എന്നാല്‍ ക്യാമ്പില്‍ കഴിയുന്നവരെ ബലംപ്രയോഗിച്ച് നീക്കാനുള്ള ശ്രമം നടത്തിയെന്ന വാര്‍ത്ത സിംഗ് തള്ളിക്കളഞ്ഞു.
കലാപത്തെ തുടര്‍ന്ന് 250ലധികം കുടുംബങ്ങള്‍ ഈ ക്യാമ്പില്‍ കഴിയുന്നുണ്ട്. സ്വന്തം നാടുകളിലേക്ക് തിരിച്ചുപോയാല്‍ ഇവര്‍ക്ക് വേണ്ട മുഴുവന്‍ സുരക്ഷയും ഉറപ്പ് വരുത്തുമെന്ന് ജില്ലാ ഭരണാധികാരികള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ക്യാമ്പില്‍ കഴിയുന്നവര്‍ ഈ ആവശ്യം നിരാകരിച്ചതോടെ സംഘം മടങ്ങിപ്പോകുകയായിരുന്നു. അതേസമയം, ഉചിതമായ സ്ഥലം പകരം നല്‍കാതെ ക്യാമ്പില്‍ കഴിയുന്നവരെ ബലം പ്രയോഗിച്ച് ജില്ലാ ഭരണകൂടം മാറ്റിപ്പാര്‍പ്പിക്കാനുള്ള ശ്രമം നടത്തുകയാണെന്ന് ഡല്‍ഹിയിലെ ജംഇയ്യത്തുല്‍ ഉലമ ഹിന്ദ് സെക്രട്ടറി ഹക്കീമുദ്ദീന്‍ ചൂണ്ടിക്കാട്ടി.