Connect with us

Malappuram

പൗരത്വ ബോധം വളര്‍ത്തിയെടുക്കല്‍ അനിവാര്യം: മജ്മഅ് സെമിനാര്‍

Published

|

Last Updated

നിലമ്പൂര്‍: അരാഷ്ട്രീയ ചിന്താഗതികളെ മറികടന്ന് വംശീയ വര്‍ഗ്ഗീയ വ്യതിയാനങ്ങള്‍ക്കതീതമായ പൗര ബോധം വളര്‍ത്തിയെടുത്താലേ രാഷ്ട്രത്തിന്റെ ഭദ്രത സംരക്ഷിക്കാനാകൂ എന്ന് മജ്മഅ് സില്‍വര്‍ ജൂബിലിയുടെ ഭാഗമായി നടത്തിയ ദേശീയോദ്ഗ്രഥന സംഗമം അഭിപ്രായപ്പെട്ടു.
വൈവിധ്യങ്ങളുടെ പൂര്‍ണ്ണതയിലുള്ള പ്രകാശമാണ് ഇന്ത്യയുടെ കരുത്ത്. മതേതരത്വത്തില്‍ അധിഷ്ഠിതമായ ഇന്ത്യയുടെ ആത്മാവ് മതങ്ങളാണെന്നും മത മേധാവിത്വ രാഷ്ട്രം ഇന്ത്യന്‍ സങ്കല്‍പങ്ങളില്‍ വിജയിക്കില്ലെന്നും സംഗമം അഭിപ്രായപ്പെട്ടു.
എം ഐ ഷാനവാസ് എം പി സംഗമം ഉദ്ഘാടനം ചെയ്തു. രാഷ്ട്രത്തിലെ ഛിദ്ര ശക്തികള്‍ വര്‍ഗീയത ആളിക്കത്തിക്കാന്‍ ശ്രമിക്കുകയാണെന്നും മതേതരത്വം ശക്തിപ്പെടുത്താന്‍ കൂട്ടായ ശ്രമങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയോദ്ഗ്രഥനത്തെ ശക്തിപ്പെടുത്തുന്നതില്‍ മജ്മഅ് അടക്കമുള്ള സമന്വയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിസ്സീമമായ പങ്കാണ് വഹിക്കുന്നത്. സുന്നിവോയ്‌സ് എഡിറ്റര്‍ അലവിക്കുട്ടി ഫൈസി എടക്കര അധ്യക്ഷത വഹിച്ചു. പ്രതികാര ചിന്തകള്‍ക്ക് ഇടവരുത്താതെ രാഷ്ട്രത്തിന്റെ ഭദ്രത ശക്തിപ്പെടുത്താനുള്ള ശ്രമം ത്വരിതപ്പെടുത്തണം. ബഹുസ്വര സമൂഹത്തിലധിഷ്ഠിതമായ ഒരു ജനവിഭാഗത്തെയാണ് വളര്‍ത്തിയെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമീണ വളര്‍ച്ചയാണ് രാജ്യങ്ങളുടെ പുരോഗതിക്ക് അടിസ്ഥാനമാക്കേണ്ടതെന്നും ഗ്രാമാന്തരങ്ങളില്‍ വിജ്ഞാന വിസ്‌ഫോടനത്തിലൂടെ അടിസ്ഥാന പുരോഗതി ആര്‍ജിക്കണമെന്നും സംഗമത്തില്‍ വിഷയാവതരണം നടത്തിയ മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി പറഞ്ഞു. ആശങ്കാജനകമായ പ്രചാരണങ്ങള്‍ നടത്തി രാഷ്ട്രത്തിന്റെ നിലനില്‍പ്പില്‍ ഉത്കണ്ഠയുണ്ടാക്കുന്നത് തടയണമെന്നും സാമ്രാജ്യത്വ ശക്തികള്‍ സമ്മാനിച്ച വിഭജനമാണ് രാജ്യത്തിന്റെ ശാപമെന്നും ബി ജെ പി ദേശീയ സമിതിയംഗം പി വാസുദേവന്‍ മാസ്റ്റര്‍ പറഞ്ഞു.
വര്‍ഗീയ വംശീയ വീക്ഷണങ്ങളെ യുക്തിപൂര്‍വ്വം നേരിട്ടാണ് രാഷ്ട്രം മുന്നേറിയതെന്നും ധ്രുവീകരണ ശക്തികളെ തിരിച്ചറിയണമെന്നും ഡി സി സി അംഗം അഡ്വ. ബാബു മോഹനക്കുറുപ്പ് അഭിപ്രായപ്പെട്ടു. ദാരിദ്ര നിര്‍മാര്‍ജ്ജനമാണ് മുഖ്യ അജണ്ടയാക്കേണ്ടതെന്നും വിഭവങ്ങളുടെ വിതരണത്തിലെ അസമത്വമാണ് സാമ്പത്തിക വളര്‍ച്ചയിലും ദാരിദ്ര നിര്‍മ്മാര്‍ജ്ജനത്തെ തടസ്സപ്പെടുത്തുന്നതെന്ന് രിസാല ചീഫ് എഡിറ്റര്‍ സുലൈമാന്‍ സഖാഫി മാളിയേക്കല്‍ ചൂണ്ടിക്കാട്ടി. മജ്മഅ് സില്‍വര്‍ ജൂബിലി സുവനീര്‍ “സമീക്ഷ” പി വി അന്‍വറിന് നല്‍കി എം ഐ ഷാനവാസ് എ പി പ്രകാശനം ചെയ്തു. ചടങ്ങില്‍ കൊമ്പന്‍ മുഹമ്മദ് ഹാജി, സ്വാദിഖ് കരിമ്പുഴ, വീരാന്‍ കുട്ടി മുസ്‌ലിയാര്‍, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി സംബന്ധിച്ചു.
രാവിലെ നടന്ന മുതഅല്ലിം സംഗമം സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹൈദ്രൂസ് മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഫൈസല്‍ അഹ്‌സനി രണ്ടത്താണി, ഉമറലി സഖാഫി എടപ്പുലം, സ്വാദിഖ് സഖാഫി പെരിന്താറ്റിരി വിഷയാവതരണം നടത്തി. ശരീഫ് സഅദി സ്വാഗതവും റഹ്മാനലി സഖാഫി നന്ദിയും പറഞ്ഞു.