Connect with us

Kerala

ആറന്മുള: ഭൂമി പോക്കുവരവ് ചെയ്തത് യു ഡി എഫ് സര്‍ക്കാര്‍

Published

|

Last Updated

തിരുവനന്തപുരം: ആറന്മുള വിമാനത്താവള പദ്ധതി ഭൂമി പോക്കുവരവ് ചെയ്തത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറിന്റെ വാദം തകര്‍ക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഭൂമി പോക്കുവരവ് ചെയ്തത് ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ കാലത്താണെന്ന് തെളിയിക്കുന്ന രേഖകളാണ് പുറത്തുവന്നിരിക്കുന്നത്. രേഖകള്‍ പ്രകാരം 2012 ഫെബ്രുവരി 17നും 2012 നവംബര്‍ 29നും ഇടയിലാണ് ഭൂമിയുടെ പോക്കുവരവ് നടന്നിരിക്കുന്നത്. മുന്‍ എല്‍ ഡി എഫ് സര്‍ക്കാറാണ് ഭൂമി പോക്കുവരവ് ചെയ്തു നല്‍കിയതെന്നും ഈ സര്‍ക്കാര്‍ തുടര്‍നടപടികള്‍ സ്വീകരിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇതുസംബന്ധിച്ച് മാധ്യമങ്ങളോട് പറഞ്ഞത്.
2011 നവംബര്‍ 18നാണ് ഭൂമി പോക്കുവരവ് ചെയ്തു നല്‍കാന്‍ പത്തനംതിട്ട ജില്ലാ കലക്ടര്‍ ഉത്തരവിട്ടത്. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറിക്ക് കലക്ടര്‍ കത്തയച്ചിരുന്നു. നാല് വില്ലേജുകളിലായി കെ ജി എസ് ഗ്രൂപ്പിന്റെ കൈവശം 89 ഹെക്ടര്‍ അധികം സ്ഥലമുണ്ടെന്നാണ് കത്തിലെ വിശദാംശം. 2012 ഫെബ്രുവരി 17 വരെ ഭൂമിയുടെ പോക്കുവരവ് നടന്നിട്ടില്ലെന്നു കത്തില്‍ കലക്ടര്‍ വ്യക്തമാക്കുന്നുണ്ട്. അതിനിടെ പോക്കുവരവിന് അനുമതി നല്‍കിയത് വിവാദമായതോടെ ഇതു റദ്ദാക്കിക്കൊണ്ട് കലക്ടര്‍ തുടര്‍ ഉത്തരവ് പുറത്തിറക്കി. കലക്ടറുടെ ഉത്തരവിനെതിരെ പദ്ധതി നടത്തിപ്പുകാരായ കെ ജി എസ് ഗ്രൂപ്പ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്.
അതേസമയം, വിഷയത്തില്‍ സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ രംഗത്തെത്തി. സര്‍ക്കാര്‍ തെറ്റുകളില്‍നിന്ന് തെറ്റുകളിലേക്ക് പോകുകയാണെന്നും പുനഃപരിശോധന നടത്തണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

Latest