ദുബൈ നഗരത്തില്‍ ദിനേന 6,600 ഗതാഗത നിയമ ലംഘനങ്ങള്‍

Posted on: December 29, 2013 11:18 pm | Last updated: December 29, 2013 at 11:18 pm

traffic violationദുബൈ: വാഹനം ഓടിക്കുന്നവര്‍ നഗരത്തില്‍ ദിനേന നടത്തുന്നത് 6,600 ഗതാഗത നിയമ ലംഘനങ്ങളെന്ന് ദുബൈ പോലീസ്. ഗതാഗത നിയമ ലംഘനങ്ങളിലേക്ക് നയിക്കുന്നത് പ്രധാനമായും അമിത വേഗമാണെന്ന് ഗതാഗത വിഭാഗം തലവന്‍ മേജര്‍ ജനറല്‍ മുഹമ്മദ് സെയ്ഫ് അല്‍ സെഫിന്‍ വ്യക്തമാക്കി. 15 ലക്ഷം ഗതാഗതപ്പിഴയും ചാര്‍ജ്ജ് ചെയ്യപ്പെട്ടത് ഡ്രൈവറുടെ അഭാവത്തിലാണ്.
കഴിഞ്ഞ 11 മാസങ്ങളിലെ കണക്കെടുത്താല്‍ ഓരോ വാഹനവും ശരാശരി നാലു നിയമ ലംഘനങ്ങള്‍ നടത്തുന്നുവെന്ന് വേണം പറയാന്‍. 2013ല്‍ മൊത്തം 23 ലക്ഷം ഗതാഗത നിയമലംഘനങ്ങളാണ് നടന്നത്.
വാഹനം ഓടിക്കുന്നവരില്‍ 40,000 പേര്‍ക്കും പിഴ ലഭിക്കാന്‍ ഇടയാക്കിയത് വാഹനം ഓടിക്കവേ മൊബൈല്‍ ഉപയോഗിച്ചതിനാണ്. 24,831 പേര്‍ക്കും നിയമലംഘനത്തിന് പിഴ ചീട്ട് നല്‍കിയത് ഇവരുടെ അഭാവത്തിലാണ്. ഇത്തരം പിഴ ചുമത്തുമ്പോള്‍ ഡ്രൈവറുടെ സാന്നിധ്യം ഉണ്ടാവണമെന്ന് നിര്‍ബന്ധമില്ല, പലപ്പോഴും അത് പ്രായോഗികകവുമാവില്ലെന്നും അല്‍ സെഫിന്‍ പറഞ്ഞു. ഡ്രൈവറുടെ സാന്നിധ്യത്തിലായാല്‍ 200 ദിര്‍ഹം പിഴക്കൊപ്പം ലൈസന്‍സില്‍ നാലു ബ്ലാക്ക് പോയന്റും ചേര്‍ക്കാനാവും. ഗതാഗത നിയമ ലംഘകരെ കുടുക്കാന്‍ വിവിധ സ്ഥലങ്ങളില്‍ ക്യാമറകള്‍ ജാഗരൂകമാണ്. ഒട്ടുമിക്കയിടത്തും പോലീസ് പട്രോളിംഗ് ഉള്ളതും അമിത വേഗക്കാര്‍ ഉള്‍പ്പെടെയുള്ള നിയമലംഘകരെ പിടികൂടാന്‍ സഹായിക്കുന്നുണ്ട്.
മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി. 2013 ജനവരി മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ മദ്യപിച്ച് വാഹനമോടിച്ച 423 പേര്‍ പിടിയിലായി. 2012നെ അപേക്ഷിച്ച് ഇത്തരം കേസുകളുടെ എണ്ണത്തില്‍ 43 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഇതുമൂലം 324 അപകടങ്ങള്‍ സംഭവിച്ചു. 11 പേര്‍ക്ക് ജീവന്‍ നഷ്ടമായി, 65 പേര്‍ക്ക് പരിക്കേല്‍ക്കാനും മദ്യപിച്ചുള്ള വാഹനം ഓടിക്കല്‍ ഇടയാക്കി. 772 വാഹനങ്ങള്‍ക്ക് തകരാറ് സംഭവിക്കാനും ഇത് കാരണമായി. 2013ല്‍ 423 കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തത്. 2012ല്‍ ഇത്തരത്തിലുള്ള 295 അപകടങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്. നാലുമരണങ്ങളേ റിപ്പോര്‍ട്ട് ചെയ്തുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
മയക്കുമരുന്ന് ഉപയോഗം 20 അപകടങ്ങള്‍ക്ക് ഇടയാക്കി. ഒരാള്‍ മരിക്കുകയും ഏഴ് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
അമിതവേഗവുമായി ബന്ധപ്പെട്ട് 11.9 ലക്ഷം നിയമ ലംഘനങ്ങളാണുണ്ടായത്. വേഗം കുറച്ച് വാഹനം ഓടിച്ചതുമായി ബന്ധപ്പെട്ട് 36 പേര്‍ക്ക് പിഴ ചുമത്തി. 174 പേര്‍ക്ക് പിഴ ലഭിച്ചത് കാഴ്ച പ്രശ്‌നങ്ങള്‍ക്ക് കണ്ണട ഉപയോഗിക്കാത്തതിനാണ്. 10 വയസില്‍ താഴെ പ്രായമുള്ള കുട്ടികളെ മുന്‍ സീറ്റില്‍ ഇരുത്തിയതിന് 153 പേര്‍ക്കും പ്രത്യേക പരിചരണം ആവശ്യമുള്ളവര്‍ക്കായി നീക്കിവെച്ച പാര്‍ക്കിംഗ് മേഖലയില്‍ വാഹനം പാര്‍ക്ക് ചെയ്തതിന് 7,203 പേര്‍ക്കും പിഴ ചുമത്തിയതായും മേജര്‍ ജനറല്‍ മുഹമ്മദ് സെയ്ഫ് അല്‍ സെഫിന്‍ വിശദീകരിച്ചു.