Connect with us

Kannur

കണ്ണൂരില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം; തിരച്ചില്‍ ഊര്‍ജിതമാക്കി

Published

|

Last Updated

കണ്ണൂര്‍: ജില്ലയിലെ വനമേഖലകളില്‍ കഴിഞ്ഞ രണ്ട് ദിവസമായി മാവോയിസ്റ്റ് സംഘത്തെ കണ്ടെന്ന വിവരത്തെ തുടര്‍ന്ന് അതിര്‍ത്തി വനമേഖലകളില്‍ പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. കണ്ണവം കൊളപ്പ ആദിവാസി കോളനിയിലും ഉദയഗിരി തുവരക്കാട് കോളനിയിലുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ മാവോയിസ്റ്റുകളെത്തിയതായി പോലീസിന് വിവരം ലഭിച്ചത്. കണ്ണവം വനമേഖലയോട് ചേര്‍ന്ന കൊളപ്പ, പെരുവ കോളനികളില്‍ വെള്ളിയാഴ്ച രാത്രിയോടെയാണ് മാവോയിസ്റ്റുകളെ നാട്ടുകാര്‍ കണ്ടതത്രെ. കൊളപ്പ കോളനിയിലെ കുങ്കന്‍ എന്നയാളുടെ വീട്ടിലെത്തിയ എട്ടംഗ സംഘം ഇവിടെ നിന്ന് അരി ചോദിച്ച് വാങ്ങിയ ശേഷം വനത്തിനുള്ളിലേക്ക് പോകുകയായിരുന്നു. പട്ടാള വേഷത്തിലുള്ള ആറ് പുരുഷന്മാരും രണ്ട് സ്ത്രീകളുമടങ്ങുന്ന സംഘത്തിന്റെ പക്കല്‍ രണ്ട് തോക്കുകളുണ്ടായിരുന്നതായി കുങ്കന്‍ പോലീസിനോട് പറഞ്ഞു.
രണ്ട് ദിവസം മുമ്പ് ഇരിട്ടി പേരട്ടക്കടുത്ത ഉപദേശിക്കുന്നിലും ഇത്തരത്തില്‍ തോക്കേന്തിയ സംഘത്തെ കണ്ടതായി നാട്ടുകാര്‍ പറയുന്നുണ്ട്. ഇവിടെ നിന്ന് ടാപ്പിംഗ് തൊഴിലാളിയായ ഹംസയുടെ വീട്ടിലെത്തി ഇവര്‍ സ്ഥലവിവരമന്വേഷിച്ചുവത്രെ. വ്യാഴാഴ്ച അര്‍ധരാത്രി ഉദയഗിരി തുവരക്കാട് കോളനിയിലും മാവോയിസ്റ്റുകളെന്ന് സംശയിക്കുന്ന സംഘത്തെ കണ്ടതായി നാട്ടുകാര്‍ പറയുന്നു. കോളനിയിലെ ഊരുമൂപ്പനെ അന്വേഷിച്ചാണത്രെ ഇവരെത്തിയത്.
ജില്ലയുടെ കിഴക്കന്‍ മലയോര പ്രദേശങ്ങളില്‍ മാവോയിസ്റ്റുകളെന്ന് സംശയിക്കുന്ന സംഘങ്ങളെ തുടര്‍ച്ചയായി കാണുന്നത് പോലീസിലും വലിയ ആശങ്കക്കിടയാക്കിയിട്ടുണ്ട്. പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്നലെ ഇരിട്ടി ഡി വൈ എസ് പി. പ്രദീപ്കുമാര്‍, സി ഐ. ഷാജി എന്നിവരുടെ നേതൃത്വത്തില്‍ തണ്ടര്‍ബോള്‍ട്ട് സേനയെ ഉപയോഗിച്ച് കൊളപ്പ, പെരുമ്പ ആദിവാസി കോളനികളിലും കണ്ണവം വനമേഖലകളിലും തിരച്ചില്‍ ഊര്‍ജിതമാക്കി. നേരത്തെ കണ്ണൂര്‍ ജില്ലയിലെ കിഴക്കന്‍ മലയോര പ്രദേശങ്ങളില്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന് വ്യക്തമായതായി ജില്ലാ പോലീസ് സൂപ്രണ്ട് സൂചിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ മലയോര പ്രദേശങ്ങളില്‍ കനത്ത ജാഗ്രത പുലര്‍ത്താനും നിര്‍ദേശം നല്‍കിയിരുന്നു.

---- facebook comment plugin here -----

Latest