രാജ്യത്തെ ജനാധിപത്യ സംവിധാനത്തില്‍ സമഗ്ര പരിഷ്‌കരണം വേണം: പ്രശാന്ത് ഭൂഷണ്‍

Posted on: December 29, 2013 12:44 am | Last updated: December 29, 2013 at 12:44 am

Prashant-Bhushanതിരുവനന്തപുരം: രാജ്യത്ത് ജനാധിപത്യ രീതിയില്‍ സമഗ്ര പരിഷ്‌കരണം ആവശ്യമുണ്ടെന്ന് ആം ആദ്മി പാര്‍ട്ടി സഹയാത്രികനും സുപ്രീം കോടതി അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ്‍. പിരപ്പന്‍കോട് ശ്രീധരന്‍ നായരുടെ സ്മരണാര്‍ഥം കേരള ലോയേഴ്‌സ് ക്ലബ് ഏര്‍പ്പെടുത്തിയ പുരസ്‌കാരം പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനില്‍ നിന്ന് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു പ്രശാന്ത് ഭൂഷണ്‍.
ജനാധിപത്യമെന്നാല്‍ ജനങ്ങള്‍ക്ക് വോട്ടുചെയ്ത് ഭരണാധികാരികളെ തിരഞ്ഞെടുക്കാനുള്ള അവകാശം മാത്രമായി മാറിയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഭരണകാര്യങ്ങളിലോ നയരൂപവത്കരണങ്ങളിലോ ജനങ്ങള്‍ക്ക് യാതൊരു പങ്കുമില്ല. അടുത്ത തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനുള്ള അവകാശം മാത്രമാണ് പിന്നീടുള്ളത്. ഇതിന് മാറ്റമുണ്ടാകണമെന്നും ജനങ്ങളുടെ വികാരം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കേണ്ടതായ ഒരു സാഹചര്യത്തിലാണ് ആം ആദ്മി പാര്‍ട്ടിക്ക് രൂപം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
അധികാര വികേന്ദ്രീകരണം ഗ്രാമപഞ്ചായത്ത് തലം മുതല്‍ ആരംഭിക്കണം. അധികാരവും ജനാധിപത്യവും ജനങ്ങളിലേക്ക് വികേന്ദ്രീകരിക്കപ്പെടണം. തീരുമാനങ്ങളെടുക്കാനുള്ള അധികാരം പഞ്ചായത്ത് തലം മുതല്‍ ജനങ്ങള്‍ക്ക് വിഭജിച്ച് നല്‍കണം. ജില്ലാ, സംസ്ഥാന, ദേശീയ തലങ്ങളിലും ജനങ്ങള്‍ക്ക് ഭരണകാര്യങ്ങളില്‍ തീരുമാനങ്ങളെടുക്കുന്നതില്‍ പങ്കുണ്ടായിരിക്കണം. ജനാധിപത്യ കാര്യങ്ങളിലും നയരൂപവത്കരണങ്ങളിലും പരിപൂര്‍ണമായ പരിഷ്‌കരണം കൊണ്ടുവരാനാണ് പാര്‍ട്ടി ഉദ്ദേശിച്ചിരിക്കുന്നതെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
ഭരണരംഗത്തെ പാളിച്ച മൂലം രാജ്യം പട്ടിണിയുടെ കാര്യത്തില്‍ ആഫ്രിക്കയെപ്പോലെയാകുകയാണ്. രാജ്യത്തെ 49 ശതമാനം കുട്ടികള്‍ പട്ടിണിയുടെ പിടിയിലാണ്. അഴിമതി പരമോന്നതിയിലെത്തിയ സമൂഹമാണ് നമ്മുടേത്. സാമൂഹിക രംഗത്തും രാഷ്ട്രീയ രംഗത്തും അഴിമതി ഒരുപോലെ കൊടികുത്തിവാഴുന്നു. സമൂഹത്തില്‍ രണ്ട് ശതമാനം ജനങ്ങള്‍ക്കു പോലും നീതി ലഭിക്കുന്നില്ല. രാജ്യത്തെ നീതിന്യായ വ്യവസ്ഥ തന്നെ തകര്‍ന്നിരിക്കുകയാണ്. നീതിന്യായ വ്യവസ്ഥയിലും ഉചിതമായ സ്ഥാനങ്ങളില്‍ അനുയോജ്യമായ നിയമനങ്ങള്‍ തന്നെ നടക്കാത്തതിനാല്‍ അവിടെയും അഴിമതിക്ക് കളമൊരുങ്ങുന്നു. അഴിമതിയുടെ ഫലമായി പൊതുജനങ്ങള്‍ക്ക് പ്രയോജനപ്പെടേണ്ട പണവും വിഭവങ്ങളും മറ്റു മാര്‍ഗങ്ങളിലേക്ക് ചെലവഴിക്കപ്പെടുന്നു. ഇതിലൂടെ സര്‍ക്കാറിന്റെ നയങ്ങളെല്ലാം ജനങ്ങള്‍ക്ക് പ്രയോജനപ്പെടാതെ പോകുന്നു.
ഭൂമി, വനങ്ങള്‍, ജലം എന്നിവയെല്ലാം കോര്‍പറേറ്റുകളുടെ വാണിജ്യ ആവശ്യങ്ങള്‍ക്കായി ദുരുപയോഗപ്പെടുത്തുന്നു. ഭാവി തലമുറക്ക് ആവശ്യമായ രീതിയില്‍ ബോക്‌സൈറ്റ്, അയണ്‍ നിക്ഷേപങ്ങളൊന്നും രാജ്യത്ത് ഉണ്ടാകാത്ത അവസ്ഥയാണിപ്പോള്‍. രാജ്യത്തിന്റെ മുഴുവന്‍ നിയന്ത്രണങ്ങളും കോര്‍പറേറ്റ് മാഫിയകളുടെ കൈകളിലാണ്. നീര റാഡിയയുടെ ഫോണ്‍വിവരങ്ങള്‍ സംബന്ധിച്ച രേഖകള്‍ പുറത്തുവന്നപ്പോള്‍ രാജ്യത്തെ മുഴുവന്‍ അധികാരങ്ങളും തങ്ങളുടെ കൈകളിലാണ് എന്ന വിവരങ്ങളാണ് പുറത്തായത്.
രാജ്യത്തെ 80 ശതമാനം ജനങ്ങളും ലോക്പാല്‍ ബില്‍ വേണമെന്ന ആവശ്യം ഉയര്‍ത്തിയപ്പോഴും ആവശ്യം കണ്ടിട്ടേയില്ലെന്ന നിലപാടാണ് പാര്‍ലിമെന്റില്‍ നിന്നുണ്ടായത്. അഴിമതി തുടരാന്‍ സാധിക്കില്ലെന്നു കണ്ടാണ് കോണ്‍ഗ്രസും ബി ജെ പിയും ബില്ലിനെ എതിര്‍ത്തത്. മറ്റൊരു രാഷ്ട്രിയ പാര്‍ട്ടിക്കും തങ്ങളെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താനാകില്ല എന്ന വികാരമായിരുന്നു ഇരു പാര്‍ട്ടികള്‍ക്കുമെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
പിരപ്പന്‍കോട് ശ്രീധരന്‍ നായരുടെ പേരില്‍ എര്‍പ്പെടുത്തുന്ന പുരസ്‌കാരം ഏറ്റവും അര്‍ഹമായ ആളിനു തന്നെയാണ് ലഭിച്ചിരിക്കുന്നതെന്ന് പുരസ്‌കാരം സമ്മാനിച്ച് വി എസ് പറഞ്ഞു. സ്പീക്കര്‍ ജി കാര്‍ത്തികേയന്‍, മുന്‍മന്ത്രി എം വിജയകുമാര്‍, ജസ്റ്റിസ് രാജേന്ദ്രബാബു, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ പി ഡയചന്ദ്രന്‍ ചടങ്ങില്‍ സംബന്ധിച്ചു.