വാരാപ്പുഴ പീഡനം: മധൂര്‍ പെണ്‍കുട്ടിയുടെ സഹോദരി അറസ്റ്റില്‍; കൂടുതല്‍ പേര്‍ കുടുങ്ങും

Posted on: December 28, 2013 10:55 pm | Last updated: December 28, 2013 at 10:55 pm

കാഞ്ഞങ്ങാട്: കേരളത്തിലും കര്‍ണാടകയിലുമായി മധൂര്‍ സ്വദേശിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും പെണ്‍വാണിഭത്തിന് ഉപയോഗിക്കുകയും ചെയ്ത കേസുകളില്‍ കൂടുതല്‍ പേര്‍ പ്രതികളാകും.
സമ്പന്നന്മാരായ ഒരുപാടുപേര്‍ ഈ കേസില്‍ കുടുങ്ങുമെന്നാണ് പോലീസ് നല്‍കുന്ന സൂചന. കോട്ടിക്കുളം സ്വദേശി മുഹമ്മദ് ഹനീഫ എന്ന ചിമ്മിനി ഹനീഫയുടെ നേതൃത്വത്തിലാണ് മധൂര്‍ പെണ്‍കുട്ടിയെ പെണ്‍വാണിഭത്തിന് പലര്‍ക്കുമായി കാഴ്ച വെച്ചത് തിരിച്ചറിഞ്ഞിട്ടുണ്ട്. കുമ്പളയിലും കാസര്‍കോട്ടും ഉദുമയിലും കാഞ്ഞങ്ങാട്ടും പെണ്‍കുട്ടിയെ ഈ സംഘം പലര്‍ക്കുമായി കാഴ്ചവെച്ചതായി വ്യക്തമാകുകയും ചെയ്തിട്ടുണ്ട്. പടന്നക്കാട് ദേശീയപാതയ്ക്കിരികിലുള്ള ആരാധനാലയത്തിനടുത്തുള്ള ഒരുകെട്ടിടത്തിലും മറ്റൊരു വീട്ടിലും വെച്ച് പെണ്‍കുട്ടി പീഡനത്തിന് ഇരയായിരുന്നു. കുമ്പള അനന്തപുരത്തുള്ള ഒരു വീട് കേന്ദ്രീകരിച്ചാണ് പെണ്‍കുട്ടിയെ പലര്‍ക്കുമായി സംഘം കാഴ്ചവെച്ചതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
പെണ്‍കുട്ടിയുടെ സഹോദരി മധൂര്‍ പടഌയിലെ പുഷ്പാവതി, ഭര്‍ത്താവ് കണ്ണൂര്‍ ജില്ലയിലെ ചുണ്ട പാടിച്ചാലിലെ ആര്‍ കെ വിനോദ് എന്നിവരാണ് പെണ്‍കുട്ടിയെ പലര്‍ക്കുമായി കൈമാറിയത്. പീഡനക്കേസില്‍ വിദ്യാനഗര്‍ പോലീസ് ഒമ്പതുപേരെ പ്രതികളാക്കിയിരുന്നു. ഈ കേസില്‍ പുഷ്പാവതിയെ പോലീസ് അറസ്റ്റ് ചെയ്തു. വിനോദ് ഒളിവിലാണ്.
കാഞ്ഞങ്ങാട്ട് ഏഴ് പീഡനക്കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തത്. മുപ്പതിലധികം പേര്‍ കേസില്‍ പ്രതികളാകുമെന്നാണ് വിവരം. എറണാകുളം കാക്കനാട് ചൈല്‍ഡ് ഹോമില്‍ കഴിയുന്ന പെണ്‍കുട്ടിയെ കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി കാഞ്ഞങ്ങാട്-കാസര്‍കോട് പ്രദേശങ്ങളിലേക്ക് കൊണ്ടുവരാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. വിദ്യാനഗര്‍ പോലീസ് ഇതിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. പെണ്‍കുട്ടിക്ക് ഇപ്പോള്‍ 19 വയസ്സാണ് പ്രായം. പ്രായപൂര്‍ത്തിയായ സാഹചര്യത്തില്‍ പെണ്‍കുട്ടിയെ കോഴിക്കോട് ചേവായൂരിലുള്ള വ്യുമണ്‍സ് ഹോമിലേക്ക് മാറ്റാനുള്ള തീരുമാനവും പോലീസ് കൈക്കൊണ്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം അറസ്റ്റിലായ പുഷ്പാവതിയെ കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തിരിക്കുകയാണ്. കാഞ്ഞങ്ങാട്ട് പെണ്‍കുട്ടിയെ പീഡിപ്പിച്ചവരെ കുറിച്ചും പീഡിപ്പിച്ച സ്ഥലങ്ങളെ കുറിച്ചും പോലീസിന് വ്യക്തമായ വിവരം ലഭിച്ചതായി അറിയുന്നു. ഒരു പാന്റ് ധാരിയും ഒരു വെള്ളമുണ്ട് ധരിച്ച വ്യക്തിയും ചുവന്ന കുറിയിട്ട മറ്റൊരാളും പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. തെളിവുകളും മൊഴികളും ബലപ്പെടുത്താന്‍ പെണ്‍കുട്ടിയുടെ രഹസ്യമൊഴി കോടതിയില്‍ രേഖപ്പെടുത്താന്‍ നടപടിയും തുടങ്ങിയിട്ടുണ്ട്.