ഷാര്‍ജയില്‍ ഗ്രോസറികളില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ നിരോധിച്ചു

Posted on: December 28, 2013 8:34 pm | Last updated: December 29, 2013 at 9:51 am

no_smoking-2158_0ഷാര്‍ജ: സിഗരറ്റ് ഉള്‍പ്പെടെയുള്ള പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നതിന് ഷാര്‍ജയില്‍ നിരോധനം പ്രാബല്യത്തില്‍. താമസ മേഖലയിലും വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപത്തുമുള്ള ഗ്രോസറികളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും സിഗരറ്റ് ഉള്‍പ്പെടെയുള്ള പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നതിനാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ 10ന് ഷാര്‍ജ നഗരസഭ ഗ്രോസറി-സൂപ്പര്‍മാര്‍ക്കറ്റ് ഉടമകള്‍ക്ക് സര്‍ക്കുലര്‍ അയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നു മുതല്‍ നിരോധനം പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. ഏപ്രില്‍ മാസം ഷാര്‍ജ നഗരസഭാ കൗണ്‍സിലാണ് എമിറേറ്റിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപത്തെ ഗ്രോസറികളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന നിരോധിക്കാന്‍ തീരുമാനം കൈകൊണ്ടത്.

എന്നാല്‍ സിഗരറ്റ് ഉല്‍പ്പന്നങ്ങള്‍ക്ക് വില്‍പ്പന നിരോധനം വരുന്നത് വരുമാനത്തെ ബാധിക്കുമെന്നാണ് എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിലെ താമസ മേഖലയിലും വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കു സമീപത്തും ഗ്രോസറി നടത്തുന്നവര്‍ പറയുന്നത്. സിഗരറ്റ് ഉള്‍പ്പെടെയുള്ള പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ സാധിക്കില്ലെങ്കില്‍ ഗ്രോസറി നടത്തുന്നതില്‍ കാര്യമില്ലെന്ന് അല്‍ തആവൂനിലെ ഗ്രോസറി ഉടമ പ്രതികരിച്ചു. നിരോധനം പ്രാബല്യത്തിലായതോടെ പല ഗ്രോസറികളും അതീവ രഹസ്യമായാണ് ഇത്തരം ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നത്. അപരിചിതര്‍ക്ക് സിഗരറ്റ് വില്‍ക്കുന്നതും പരസ്യമായി നല്‍കുന്നതും ഗ്രോസറികള്‍ അവസാനിപ്പിച്ചിരിക്കുകയാണ്.

അതേ സമയം വിദ്യാലയങ്ങള്‍ക്കും പാര്‍പ്പിട മേഖലക്കും സമീപം സിഗരറ്റ് വില്‍ക്കുന്നത് നിരോധിച്ച ഷാര്‍ജ നഗരസഭാ നടപടിയെ താമസക്കാര്‍ സ്വാഗതം ചെയ്തു. സന്തോഷം നല്‍കുന്ന വാര്‍ത്തായണിതെന്ന് ഖുനാത്ത് അല്‍ ഖബ്‌സയിലെ താമസക്കാരനായ ഹാഷിം കെ അബ്ദുല്ല പ്രതികരിച്ചു. ഷാര്‍ജ നഗരസഭ നിരോധനം ഏര്‍പ്പെടുത്തിയതില്‍ സന്തോഷമുണ്ടെന്ന് ഷാര്‍ജ എക്‌സ്‌പോ സെന്ററിന് സമീപം താമസിക്കുന്ന സുരേഷ് കിഷോര്‍ താരെ അഭിപ്രായപ്പെട്ടു. ഈ നടപടി കുട്ടികളെ സിഗരറ്റ് വലിക്കുന്നതില്‍ നിന്നും പിന്‍വലിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. നിരോധനം പ്രഖ്യാപിച്ചാല്‍ മാത്രം പോര അത് കര്‍ശനമായി നടപ്പാക്കുന്നുണ്ടോയെന്നുകൂടി പരിശോധിക്കണമെന്ന് ഈ മേഖലയിലേ മറ്റൊരു താമസക്കാരനായ റണ ഖാത്തിബും ആവശ്യപ്പെട്ടു.