Kerala
ജോര്‍ജിന്റെ പെരുമാറ്റം അഴിച്ചുവിട്ട അമ്പലക്കാളയെ പോലെ: മുരളീധരന്‍
തിരുവനന്തപുരം: അഴിച്ചുവിട്ട അമ്പലക്കാളയെ പോലെയാണ് കോണ്‍ഗ്രസിനെ തെറിവിളിച്ചുനടക്കുന്നയാള്‍ പെരുമാറുന്നതെന്ന് കെ മുരളീധരന്‍. ഗവണ്‍മെന്റ് ചീഫ് വിപ്പ് പി സി ജോര്‍ജിനെതിരെയായിരുന്നു പേര് പരാമര്‍ശിക്കാതെ മുരളിയുടെ പരാമര്‍ശം. തിരുവനന്തപുരത്ത് സന്ധ്യ എന്ന വീട്ടമ്മ കാണിച്ച ധൈര്യം പോലും ഇയാളെ നിയന്ത്രിക്കാന്‍ കോണ്‍ഗ്രസ് കാണിക്കുന്നില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസുകാരെ തെറിവിളിച്ചു നടക്കുന്ന ഇയാള്‍ക്കൊപ്പം യോഗത്തില്‍ പങ്കെടുക്കേണ്ട ഗതികേടാണിപ്പോള്‍. ഒരു സ്ഥലത്തിരിക്കുമ്പോള്‍ മറുവശത്തോട് ആഭിമുഖ്യം പുലര്‍ത്തുകയാണ് ഇയാളുടെ രീതി. പണ്ട് നാളികേര കര്‍ഷകരുടെ സമരം ഉദ്ഘാടനം ചെയ്തപ്പോള്‍ തേങ്ങ ഉടച്ചു കൊണ്ട് “ഈ തേങ്ങ കരുണാകരന്റെ തലയില്‍ പതിക്കട്ടെ എന്ന് പറഞ്ഞ ഇയാളുടെ തലയിലാണ് ജനം തേങ്ങയടിച്ചത്. ഇയാളെയുമായി മുന്നോട്ടു പോയാല്‍ തിരഞ്ഞെടുപ്പില്‍ എന്തു കിട്ടും എന്ന് ആലോചിക്കണം. ടിപി വധക്കേസ് വിധി വരട്ടെ എന്നു കരുതി കാത്തിരുന്നിട്ടു കാര്യമില്ലെന്നും ലാവ്‌ലിന്‍ കേസിന്റെ വിധി എല്ലാവരും കണ്ടതാണെന്നും മുരളി പറഞ്ഞു.