വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Posted on: December 27, 2013 7:17 pm | Last updated: December 27, 2013 at 8:17 pm

ഫുജൈറ: 22 കാരിയായ വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ഫോറന്‍സിക് റിപോര്‍ട്ട് ലഭിക്കാന്‍ കാത്തിരിക്കുകയാണെന്ന് ഫുജൈറ പോലീസ് വ്യക്തമാക്കി. ഖോര്‍ഫുക്കാന് സമീപത്തെ അല്‍ റിഫയിലാണ്, രക്ഷിതാക്കള്‍ക്കൊപ്പം താമസിക്കുന്ന പ്രവാസി യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കഴുത്തില്‍ കയര്‍ കുടുങ്ങിയ പാടുകളോടെയാണ് മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് വെളിപ്പെടുത്തി.
ഫുജൈറയിലെ വിദേശ യൂണിവേഴ്‌സിറ്റിയിലായിരുന്നു പഠിച്ചിരുന്നത്. യുവതിയുടെ മാതാവ് നാട്ടില്‍ പോയതാണ്. ശ്വാസം മുട്ടി മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. പുറത്തുപോയി വീട്ടില്‍ മടങ്ങി എത്തിയ ശേഷം മകളെ മേല്‍ക്കുരയില്‍ കയറില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് പിതാവ് പോലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. വിവരം അറിഞ്ഞ ഉടന്‍ പോലീസ് സ്ഥലത്തെത്തി ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. വിദ്യാര്‍ഥിനിക്ക് ജീവിതനൈരാശ്യം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നോയെന്നും പോലീസ് പിതാവില്‍ നിന്ന് അന്വേഷിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.