Connect with us

Gulf

ജീവനക്കാരില്‍ നിന്നും ഇന്‍ഷുറന്‍സ് തുക ഈടാക്കുന്ന സ്ഥപനങ്ങള്‍ക്കെതിരെ നടപടി: ഡി എച്ച് എ

Published

|

Last Updated

ദുബൈ: ആരോഗ്യ ഇന്‍ഷൂറന്‍സ് നിയമം നടപ്പാക്കാന്‍ അധികൃതര്‍ ഒരുങ്ങവേ ഇതിനുള്ള തുക ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നു പിടിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ദുബൈ ഹെല്‍ത്ത് അതോറിറ്റി(ഡി എച്ച് എ) മുന്നറിയിപ്പ് നല്‍കി. ഇത്തരം കമ്പനി അധികൃതര്‍ നിയമ നടപടി നേരിടേണ്ടി വരുമെന്ന് ഡി എച്ച് എയുടെ ഹെല്‍ത്ത് ഫണ്ടിംഗ് വിഭാഗം ഡയറക്ടര്‍ ഡോ. ഹൈദര്‍ അല്‍ യൂസുഫ് വ്യക്തമാക്കി. അടുത്ത വര്‍ഷം മുതലാണ് ദുബൈയില്‍ ജീവനക്കാര്‍ക്ക് ഘട്ടം ഘട്ടമായി ആരോഗ്യ ഇന്‍ഷൂറന്‍സ് നടപ്പാക്കാന്‍ അധികൃതര്‍ ഒരുങ്ങുന്നത്. ഹെല്‍ത്ത് ഇന്‍ഷൂറന്‍സിന് ആവശ്യമായ തുക ജീവനക്കാരില്‍ നിന്നു ഈടാക്കാന്‍ കമ്പനികള്‍ക്ക് അവകാശമില്ലെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ജീവനക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷൂറന്‍സ് ലഭ്യമാക്കേണ്ടത് കമ്പനികളുടെ ഉത്തരവാദിത്വമാണ്.

ഭാര്യയും മക്കളും ഉള്‍പ്പെട്ട ആശ്രിതര്‍ക്ക് ആരോഗ്യ ഇന്‍ഷൂറന്‍സ് ഉറപ്പാക്കേണ്ടത് ജീവനക്കാരന്റെ ഉത്തരവാദിത്വത്തില്‍ വരുന്ന കാര്യമാണ്. കുടുംബത്തിന്റെ ആരോഗ്യ ഇന്‍ഷൂറന്‍സ് ഉറപ്പാക്കാന്‍ കമ്പനികള്‍ക്ക് ഉത്തവാദിത്വമില്ലെന്നും ഡോ. ഹൈദര്‍ വിശദീകരിച്ചു.
ജീവനക്കാര്‍ തൊഴില്‍ കരാറില്‍ കുടുംബത്തിന്റെ ആരോഗ്യ ചെലവ് കമ്പനി വഹിക്കുമോ എന്ന കാര്യം തൊഴില്‍ കരാര്‍ പരിശോധിച്ച് ഉറപ്പാക്കണം. കമ്പനി നല്‍കാത്ത കേസുകളിലാണ് ജീവനക്കാന് ആശ്രിതരുടെ ആരോഗ്യ ഇന്‍ഷൂറന്‍സിന്റെ ഉത്തരവാദിത്വം ഏല്‍ക്കേണ്ടി വരിക. ഇന്‍ഷൂറന്‍സ് കമ്പികള്‍ 500 മുതല്‍ 700 ദിര്‍ഹം വരെയാണ് ഒരാളുടെ ആരോഗ്യ ഇന്‍ഷൂറന്‍സിനായി ഒരു വര്‍ഷത്തേക്ക് ഈടാക്കുന്നത്. ഡോക്ടറെ സന്ദര്‍ശിക്കുന്നതും പൊതുവായുള്ള രോഗങ്ങള്‍ക്ക് ചികിത്സ തേടലുമെല്ലാം ഇതില്‍ ഉള്‍പ്പെടും. ആയിരത്തിലധികം ജീവനക്കാരുള്ള കമ്പനികള്‍ 2014 ഒക്ടോബറിനകവും 100 മുതല്‍ 999 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ 2015 ജൂലൈ അവസാനത്തിന് മുമ്പായും 100 ല്‍ താഴെ ജീവനക്കാരുള്ള കമ്പനികള്‍ 2016 ജൂണ്‍ അവസാനത്തോടെയും ജീവനക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷൂറന്‍സ് ഉറപ്പാക്കണം.