പത്തനംതിട്ടയില്‍ ക്വാറിയില്‍ സംഘര്‍ഷത്തിനിടെ വെടിവെപ്പ്

Posted on: December 26, 2013 11:29 am | Last updated: December 27, 2013 at 1:37 am

gunപത്തനംതിട്ട: മലയാലപ്പുഴയിലെ ക്വാറിയില്‍ സമരം നടത്തുന്ന തൊഴിലാളികളും ക്വാറിയുടമയും തമ്മില്‍ സംഘര്‍ഷം. ക്വാറിയുടമ കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് ആകാശത്തേക്ക് വെടിവെച്ചു. തോക്ക് തൊഴിലാളികള്‍ പിടിച്ചെടുത്തു. സംഘര്‍ഷത്തില്‍ രണ്ടു തൊഴിലാളികള്‍ക്ക് പരിക്കേറ്റു.

മലയാലപ്പുഴയിലെ കാവുങ്കല്‍ ഗ്രാനൈറ്റ്‌സ് എന്ന ക്വാറിയില്‍ രണ്ട് ദിവസമായി തൊഴിലാളികള്‍ സമരത്തിലായിരുന്നു. രാവിലെ ക്വാറിയില്‍ എത്തിയ ഉടമയും സമരത്തെ എതിര്‍ക്കുന്ന ഒരു വിഭാഗം തൊഴിലാളികളും ക്വാറിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചു. ഇതോടെ സമരക്കാരും ക്വാറിയുടമയും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവുമുണ്ടായി. തുടര്‍ന്നാണ് വെടിവെയ്പ്പുണ്ടായത്.

അതേസമയം ക്വാറി തുറന്ന് വാഹനങ്ങള്‍ പുറത്തേക്കെടുക്കാന്‍ ശ്രമിച്ചപ്പോള്‍ തൊഴിലാളികള്‍ തനിക്കെതിരെ കല്ലെറിയുകയായിരുന്നുവെന്നും അതിനെ തുടര്‍ന്നാണ് താന്‍ വെടിവെച്ചതെന്നുമാണ് ക്വാറി ഉടമയുടെ വാദം.

സംഘര്‍ഷത്തെ തുടര്‍ന്ന് സ്ഥലത്ത് പോലീസ് എത്തി. തൊഴിലാളികള്‍ പിടിച്ചെടുത്ത ക്വാറിയുടമയുടെ തോക്ക് പോലീസിന് കൈമാറി.