കൊച്ചി:അബ്ദുന്നാസിര്‍ മഅ്ദനിക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കണമെന്ന കോടതി ഉത്തരവിനെ പോലും തള്ളിക്കളയുന്ന സമീപനമാണ് കര്‍ണാടക സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്ന് പി ഡി പി ആരോപിച്ചു. നവംബര്‍ 18 ന് മഅ്ദനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി പരിഗണിച്ചപ്പോള്‍ ആരോഗ്യനില ആശങ്കാ ജനമാണെന്നും കൃത്യമായ ചികിത്സ നല്‍കുന്നതില്‍ സര്‍ക്കാര്‍ നിരന്തരമായി വീഴ്ച വരുത്തുന്നുവെന്നും അഭിഭാഷകന്‍ സുപ്രീം കോടതിയുടെ ശ്രദ്ധയില്‍ പ്പെടുത്തിയിരുന്നു.
തുടര്‍ന്ന് ആവശ്യമായ ചികിത്സ കര്‍ണാടകത്തിലെ മണിപ്പാല്‍, അഗര്‍വാള്‍ ഹോസ്പിറ്റലുകളില്‍ നല്‍കണമെന്നും ചെലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. അക്കര്യത്തില്‍ നിരന്തരമായ വീഴ്ചയാണ് വരുത്തുന്നത്. മണിപ്പാല്‍ ഹോസ്പിറ്റലിലെ ആറ് ദിവസത്തെ വിദഗ്ധ പരിശോധനകളില്‍ രോഗ നിര്‍ണയം വരുത്തിയതിന് ശേഷവും ചികിത്സ നല്‍കാതെ മഅ്ദനിയെ ജയിലിലേക്ക് തിരിച്ചയക്കുകയാണുണ്ടായത്.
കസ്റ്റഡിയില്‍ കഴിയുന്ന വ്യക്തിയുടെ ചികിത്സാ ചെലവുകള്‍ ഗവണ്‍മെന്റ് തന്നെ വഹിക്കണമെന്ന് കോടതി വ്യക്തമാക്കിയതാണ്. മഅ്ദനിക്ക് ജാമ്യം ലഭ്യമാക്കാതെ മനുഷ്യാവകാശം പോലും നിഷേധിക്കുക വഴി ബി ജെ പി സര്‍ക്കാറിനെക്കാള്‍ കടുത്ത നടപടികളാണ് കര്‍ണാടക സര്‍ക്കാര്‍ തുടര്‍ന്ന് വരുന്നത്.
ഭരണകൂട ഭീകരത അവസാനിപ്പിക്കാനുള്ള പ്രായോഗിക നടപടികള്‍ കൈക്കൊള്ളാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറകണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് ആവശ്യപ്പെട്ടു.