സംസ്ഥാനത്ത് എല്ലാവര്‍ക്കും ഭൂമി നല്‍കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

Posted on: December 24, 2013 8:36 am | Last updated: December 24, 2013 at 8:36 am

പട്ടാമ്പി: ഭൂ രഹിതരില്ലാത്ത കേരളം പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ സംസ്ഥാനത്ത് മുഴുവന്‍ പേര്‍ക്കും ഭൂമി നല്‍കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പുതുതായി രൂപീകരിച്ച പട്ടാമ്പി താലൂക്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. കൂടുതല്‍ ഭൂമിയുള്ളവരില്‍ നിന്ന് ഇല്ലാത്തവര്‍ക്ക് ഭൂമി സ്വീകരിക്കുന്നതിന് നടപടികളാരംഭിക്കും.
ഇതിനായി വ്യക്തികളുടേയും സംഘടനകളുടേയും സഹകരണം ആവശ്യമാണ്. ഒന്നാംഘട്ടത്തില്‍ സര്‍ക്കാര്‍ ഭൂമികള്‍ മാത്രമാണ് വിതരണം ചെയ്തത്. പുതിയ അപേക്ഷകള്‍ പരിഗണിക്കുന്ന കാര്യം പരിശോധിക്കും. ഭൂ രഹിതരില്ലാത്ത കേരളം പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ 2,43,000 അപേക്ഷകള്‍ കിട്ടി.
സര്‍ക്കാരിന്റെ കൈവശം ഒരു ലക്ഷം പേര്‍ക്ക് കൊടുക്കാനുള്ള ഭൂമിയെ ഉണ്ടായിരുന്നുള്ളൂ. അതനുസരിച്ചാണ് കണ്ണൂരിനെ ഭൂ രഹിതരില്ലാത്ത ജില്ലയാക്കി പ്രഖ്യാപിച്ചത്. പദ്ധതികള്‍ പ്രഖ്യാപിച്ചാല്‍ പോര നടപ്പാക്കുക കൂടി സര്‍ക്കാരിന്റെ ബാധ്യതയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭൂമിയില്ലാത്തവര്‍ക്ക് മൂന്ന്‌സെന്റ് സ്ഥലം നല്‍കാനായി സര്‍ക്കാര്‍ ഭൂമി കണ്ടെത്തും. സര്‍ക്കാരിന്റെ കൈവശമുള്ള ഭൂമി തീര്‍ന്നു. 14-ാം ധനകാര്യകമ്മീഷനുമായി ചര്‍ച്ച ചെയ്യും. സമൂഹത്തിന്റെ ആവശ്യമാണ് ഭൂമി കൂടുതല്‍ ഉള്ളവര്‍ ഇല്ലാത്തവര്‍ക്ക് നല്‍കുകയെന്നത്. കിടപ്പാടമില്ലാത്തവര്‍ക്ക് അതുണ്ടാക്കിക്കൊടുക്കാന്‍ ബാധ്യസ്ഥരാണ്.
ഉള്ളവര്‍ വിട്ടുവീഴ്ച്ചകള്‍ ചെയ്യണം. ഭൂ രഹിതരില്ലാത്ത കേരളം ഒരു സ്വപ്‌നമല്ല, യാഥാര്‍ഥ്യമാവണം. എല്ലാവരേയും സഹകരിപ്പിച്ചുകൊണ്ടുള്ള വലിയമുന്നേറ്റം കൂടിയേതീരുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാവര്‍ക്കും സ്വീകാര്യമായ രീതി യില്‍ പ്രവര്‍ത്തിക്കാനാണ് സര്‍ക്കാര്‍ താത്പര്യപ്പെടുന്നത്. ഇതിനാവശ്യമായി ആരുമായും ചര്‍ച്ച നടത്തുന്നതിന് തയാറാണ്.
ജനവികാരം അറിഞ്ഞു പ്രവര്‍ത്തിച്ചാലെ ജനപിന്തുണയുണ്ടാകൂ. പരസ്പരവിശ്വാസത്തോടെയും കൂട്ടായ്മയോടെയും പ്രവര്‍ത്തിച്ചാലേ മുന്നോട്ടുപോകാനാവൂ. വനരഹിതരായി ആരും ഉണ്ടാകരുതെന്നാണ് സര്‍ക്കാരിന്റെ സ്വപ്‌നമെന്നും മുഖ്യമന്ത്രി പറഞ്ഞു.