ആത്മഹത്യ ചെയ്ത സുശീലന്റെ കുടുംബത്തിന് ധനസഹായം

Posted on: December 24, 2013 12:07 am | Last updated: December 24, 2013 at 12:07 am

തിരുവനന്തപുരം: കൊല്ലം ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുത്ത ശേഷം ആത്മഹത്യ ചെയ്ത അഞ്ചല്‍ സ്വദേശി സുശീലന്റെ കുടുംബത്തിന് ധനസഹായം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സുശീലന്റെ ശാരീരിക ദൗര്‍ബല്യം ബാധിച്ച രണ്ട് കുട്ടികള്‍ 2.5 ലക്ഷം രൂപവീതവും ഭാര്യ ശ്രീദേവിക്ക് രണ്ട് ലക്ഷം രൂപ വീതവും നല്‍കും.
കുട്ടികളുടെ തുടര്‍ ചികിത്സക്ക് ആവശ്യമായ ഏര്‍പ്പാടുകള്‍ ചെയ്യാനും യോഗം തീരുമാനിച്ചു. ഇയാളുടെ മരണവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് മന്ത്രി കെ സി ജോസഫ് പറഞ്ഞു. ജനസമ്പര്‍ക്ക പരിപാടി നടന്ന ദിവസം രാത്രി 12 നാണ് സുശീലന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. വൈകി കിട്ടുന്ന പരാതികള്‍ വാങ്ങി പരിശോധിച്ച് പിന്നീട് തീരുമാനമെടുക്കുന്ന രീതിയാണ് എല്ലാ ജില്ലകളിലും സ്വീകരിച്ചത്. സുശീലന്റെ കാര്യത്തിലും പ്രത്യേക പരിഗണന ആവശ്യമാണെന്ന് തോന്നിയതു മൂലം മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നു. എന്നാല്‍ ഇതുസംബന്ധിച്ച് പിന്നീട് തെറ്റായ പ്രചാരണങ്ങളാണ് ഉണ്ടായത്. ഇത് രാഷ്ട്രീയ വിവാദമാക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന ബാലാവകാശ കമ്മീഷനില്‍ പുതുതായി ആറംഗങ്ങളെ നിയമിക്കും. അഡ്വ. കെ നസീര്‍(തിരുവനന്തപുരം), സി യു മീന(കൊച്ചി), എന്‍ ബാബു(കോഴിക്കോട്), ഫിലിപ്പ് പാറക്കാട്(തിരുവനന്തപുരം), ജെ സന്ധ്യ(തിരുവനന്തപുരം), ഗ്ലോറി ജോര്‍ജ്(കല്‍പ്പറ്റ) എന്നിവരാണ് അംഗങ്ങള്‍. അപേക്ഷ സ്വീകരിച്ച് ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തില്‍ ശിപാര്‍ശ ചെയ്യപ്പെട്ടവര്‍ക്കാണ് നിയമനം നല്‍കിയതെന്ന് മന്ത്രി പറഞ്ഞു.