ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാര്‍ച്ചില്‍

Posted on: December 21, 2013 11:28 pm | Last updated: December 21, 2013 at 11:28 pm

ballot voting vote box politics choice electionതിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാര്‍ച്ചിലുണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി എസ് സമ്പത്ത് സൂചന നല്‍കി. കഴിഞ്ഞ തവണത്തെപ്പോലെ ഇത്തവണയും പല ഘട്ടങ്ങളിലായിരിക്കും വോട്ടെടുപ്പ്.

2014 മേയ് 31 വരെയാണ് നിലവിലുള്ള പാര്‍ലിമെന്റിന്റെ കാലാവധി. ഈ സമയ പരിധിക്കുള്ളില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരേണ്ടതുണ്ട്. ഇതിന് മുന്നോടിയായി പല ഘട്ടങ്ങളില്‍ തിരഞ്ഞെടുപ്പ് നടത്തണം. ആദ്യ ഘട്ട വോട്ടെടുപ്പിന്റെ മൂന്നാഴ്ച മുമ്പ് വിജ്ഞാപനം ഇറങ്ങേണ്ടതുണ്ട്. ഇതിന്റെ മൂന്നാഴ്ച മുമ്പ് പ്രഖ്യാപനവും വരും. അപ്പോള്‍ ഏത് സമയമായിരിക്കുമെന്ന് ഊഹിച്ചാല്‍ മതിയെന്നായിരുന്നു സമ്പത്തിന്റെ പ്രതികരണം.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നല്‍കുന്ന സൂചന അനുസരിച്ച് മാര്‍ച്ച് മധ്യത്തോടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകും. മൂന്നാഴ്ച കഴിഞ്ഞ് എപ്രില്‍ രണ്ടാം വാരം മുതല്‍ ആറോ ഏഴോ ഘട്ടമായുള്ള തിരഞ്ഞെടുപ്പ് നടക്കും. ഒരു മാസത്തിലധികമെടുക്കുന്ന വോട്ടെടുപ്പ് മേയ് പകുതിയോടെ അവസാനിക്കും. ഫലപ്രഖ്യാപനത്തിനു ശേഷം സര്‍ക്കാര്‍ രൂപവത്കരണത്തിനു കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും സമയം ഉണ്ടാകും.