Connect with us

Kerala

ജനങ്ങളുടെ മനസ്സിലിടം നേടാന്‍ കുറുക്കുവഴികളില്ല: രാഷ്ട്രപതി

Published

|

Last Updated

തിരുവനന്തപുരം: ജനങ്ങളുടെ മനസ്സില്‍ ഇടംപിടിക്കാന്‍ കുറുക്കുവഴികളില്ലെന്ന് രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജി. ജനങ്ങള്‍ക്കും രാഷ്ട്രത്തിനും പൂര്‍ണമായി സ്വയം സമര്‍പ്പിക്കാത്തവര്‍ക്ക് വിജയിക്കാനാകില്ല. മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ പൂര്‍ണകായ പ്രതിമ അനാച്ഛാദനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. ഒരു ജനപ്രിയ രാഷ്ട്രീയക്കാരന് നല്ല ഭരണാധികാരിയാകാന്‍ കഴിഞ്ഞേക്കില്ല. മികച്ച ഭരണാധികാരിക്കാകട്ടെ, നല്ല രാഷ്ട്രീയക്കാരനാകാനും കഴിയില്ല. എന്നാല്‍, ഈ രണ്ട് രംഗത്തും ഒരു പോലെ തിളങ്ങിയ വ്യക്തിയായിരുന്നു കെ കരുണാകരനെന്ന് പ്രണാബ് പറഞ്ഞു. ഇന്ദിരാഗാന്ധി, രാജീവ്ഗാന്ധി, നരസിംഹറാവു, സോണിയാഗാന്ധി എന്നിവരുടെയൊക്കെ കീഴില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ തങ്ങള്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്. ലോക്‌സഭയിലും രാജ്യസഭയിലും സഹപ്രവര്‍ത്തകരായിരുന്നു. മന്ത്രിസഭയിലും ഒന്നിച്ചുണ്ടായിരുന്നു. സാമ്രാജ്യത്വത്തില്‍ നിന്നും രാജവാഴ്ചയില്‍ നിന്നും ജനാധിപത്യത്തിലേക്കുള്ള മാറ്റത്തിന്റെ ദൃക്‌സാക്ഷിയാണ് കരുണാകരന്‍. കരുണാനിധിക്കും ജ്യോതിബസുവിനും പുറമെ ഏറ്റവും കുടുതല്‍ കാലം ജനപ്രതിനിധി സഭകളില്‍ അംഗമായിട്ടുള്ള വ്യക്തിയാണ് കരുണാകരനെന്നും രാഷ്ട്രപതി അനുസ്മരിച്ചു.

കരുണാകരന്‍ ജനങ്ങളുടെ നേതാവായിരുന്നെന്ന് ഗവര്‍ണര്‍ നിഖില്‍കുമാര്‍ അഭിപ്രായപ്പെട്ടു. നെടുമ്പാശേരി വിമാനത്താവളത്തിന് കരുണാകരന്റെ പേരു നല്‍കുന്ന കാര്യം ആലോചിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ചടങ്ങില്‍ അധ്യക്ഷത വഹിച്ച രമേശ് ചെന്നിത്തലയാണ് ഈ ആവശ്യം മുന്നോട്ടുവെച്ചത്. നെടുമ്പാശേരി വിമാനത്താവളത്തിന് കരുണാകരന്റെ പേരുനല്‍കുന്നതാണ് അദ്ദേഹത്തോട് കാട്ടുന്ന ഏറ്റവും വലിയ ആദരമെന്ന് കേന്ദ്ര സഹമന്ത്രി ശശിതരൂര്‍ പറഞ്ഞു. കേരളത്തിന്റെ ഉയര്‍ച്ചക്കും രാഷ്ട്രീയത്തിനും കരുണാകരന്‍ നല്‍കിയ സംഭാവനകള്‍ വിസ്മരിക്കാനാകില്ലെന്ന് കേന്ദ്ര മന്ത്രി വയലാര്‍ രവി ചൂണ്ടിക്കാട്ടി. മുന്‍ മേഘാലയ ഗവര്‍ണറും കരുണാകരന്‍ ഫൗണ്ടേഷന്‍ വൈസ് പ്രസിഡന്റുമായ എം എം ജേക്കബും സംസാരിച്ചു. കരുണാകരന്‍ ഫൗണ്ടേഷന്റെ ഉപഹാരം കരുണാകരന്റെ മകളും കെ പി സി സി ജനറല്‍ സെക്രട്ടറിയുമായ പത്മജാ വേണുഗോപാലും കെ പി സി സി സെക്രട്ടറി ഇബ്‌റാഹിം കുട്ടി കല്ലാറും ചേര്‍ന്ന് രാഷ്ട്രപതിക്ക് കൈമാറി.