രാജഭക്തിക്ക് അവധി കൊടുക്കാത്തവര്‍

Posted on: December 19, 2013 6:00 am | Last updated: December 18, 2013 at 11:30 pm

SIRAJ.......സംസ്ഥനത്തെ രാഷ്ട്രീയ, സമര കോലാഹലങ്ങള്‍ക്കും മറ്റു മൂന്നാം കിട വാര്‍ത്തകള്‍ക്കുമിടയില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയി തിങ്കളാഴ്ച തിരുവനന്തപുരത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി നല്‍കിയ അധികൃതരുടെ നടപടിയും അതിനെതിരായി വി ടി ബല്‍റാം എം എല്‍ എ നടത്തിയ പ്രതികരണവും. ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മയുടെ നിര്യാണത്തെ തുടര്‍ന്നായിരുന്നു അവധി പ്രഖ്യാപനം. പഴയ രാജകുടുംബത്തിലെ അംഗമെന്നതില്‍ കവിഞ്ഞു ഒരിക്കല്‍ പോലും ഈ നാടിന്റെ ഭരണം കൈയാളിയിട്ടില്ലാത്ത മാര്‍ത്താണ്ഡ വര്‍മയുടെ മരണത്തോടനുബന്ധിച്ച് പൊതു അവധി പ്രഖ്യാപിച്ചത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്ന് പറഞ്ഞ ബല്‍റാം, രാജഭരണവും ഫ്യൂഡലിസവുമൊക്കെ കഴിഞ്ഞു പോയെന്നും ജനാധിപത്യ വ്യവസ്ഥിതിയാണ് നിലവില്‍ രാജ്യത്തുള്ളതെന്നും ഭരണകൂടത്തെയും രാഷ്ട്രീയ നേതൃത്വങ്ങളെയും ഓര്‍മിപ്പിക്കുകയുമുണ്ടായി.
അനാവശ്യവും അശാസ്ത്രീയവുമായ അവധി പ്രഖ്യാപനങ്ങള്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം അവതാളത്തിലാക്കുന്നുവെന്നും വിദ്യാഭ്യാസ നിലവാരം ഇടിയാനിടയാകുന്നുവെന്നും നിരീക്ഷങ്ങള്‍ വരുന്ന ഘട്ടത്തിലാണ് ഈ അവധിയെന്നത് വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ഈ വര്‍ഷം മുതല്‍ കേരളത്തിലും നടപ്പാക്കിയ കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമമ നുസരിച്ച് എല്‍ പി, യു പി വിഭാഗങ്ങളില്‍ 200 പ്രവൃത്തി ദിനങ്ങളും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 220 പ്രവൃത്തി ദിനങ്ങളും ഉണ്ടായിരിക്ക ണമെന്നാണ് ചട്ടം. എന്നാല്‍ പ്രകൃതിദുരന്തങ്ങളെ തുടര്‍ന്ന് വരുന്ന അവധികളും ഹര്‍ത്താല്‍, പണിമുടക്ക് തുടങ്ങിയ സമരാഭാസങ്ങളും മുലം വിദ്യാലയങ്ങള്‍ക്ക് നിര്‍ദിഷ്ട ദിവസങ്ങള്‍ തികക്കാന്‍ സാധിക്കാറില്ല. ഇതിന് പുറമെ അധികൃതരുടെ അതിരുകടന്ന രാജഭക്തി കൂടി അവധികളായി രൂപാന്തരപ്പെട്ടാല്‍ കാര്യം കൂടുതല്‍ അവതാളത്തിലാകും.
മുന്‍ മന്ത്രിമാരുടെയോ പ്രസിഡന്റിന്റെയോ മരണ വേളയില്‍ പോലും പൊതു അവധി പ്രഖ്യാപിക്കേണ്ടതില്ലെന്നും നിലവില്‍ പദവിയിലിരിക്കുന്നവര്‍ക്ക് വേണ്ടി മാത്രമേ അവധി നല്‍കേണ്ടതുള്ളുവന്നൂമാണ് രാജ്യം പിന്തുടരുന്ന നിയമം. എന്നിരിക്കെ രാഷ്ട്ര സേവനത്തില്‍ പറയത്തക്ക ഒരു പങ്കും വഹിച്ചിട്ടില്ലാത്ത രാജകുടുംബാംഗത്തിന്റെ നിര്യാണത്തെ തുടര്‍ന്ന് എന്തിനാണ് പൊതുഅവധി പ്രഖ്യാപിച്ചതെന്ന ബല്‍റാമിന്റെ സന്ദേഹം പ്രസക്തമാണ്. ജനാധിപത്യ വിശ്വാസത്തോട് പൊരുത്തപ്പെടാത്തതാണ് ഇത്തരം നടപടികളും രാജഭക്തിയും. ഭരണാധികാരികള്‍ക്ക് അവരോടുള്ള കൂറും ആദരവും പ്രകടമാക്കിയേ കഴിയൂ എന്നാണെങ്കില്‍, അതിന് വ്യക്തിപരമായ മാര്‍ഗങ്ങള്‍ സ്വീകരിക്കട്ടെ എന്നല്ലാതെ പഠനവും ഓഫീസ് സേവനവും മുടക്കുകയല്ല വേണ്ടത്. മാത്രമല്ല, രാഷ്ട്രീയലക്ഷ്യത്തിനു വേണ്ടിയുള്ള ഇത്തരം അവധിപ്രഖ്യാപനങ്ങള്‍ തെറ്റായ കീഴ്‌വഴക്കമാണ്.
രാജ്യത്തിന്റെ സമ്പൂര്‍ണ ജനാധിപത്യത്തിലേക്കുള്ള പ്രയാണത്തിന്റെ ഭാഗമായി രാജവാഴ്ചകളും പ്രിവിപേഴ്‌സ് പോലുള്ള അതിന്റെ അവശിഷ്ടങ്ങളും നിര്‍ത്തലാക്കിയെങ്കിലും ജനാധിപത്യത്തിന്റെ കാവലാളുകളെന്നവകാശപ്പെടുന്ന ജനപ്രതിനിധികളുള്‍പ്പെടെ ചിലരുടെ മനസ്സില്‍ ഇന്നും അതിരുവിട്ട രാജഭക്തി കുടികൊള്ളുന്നുണ്ട്. നാടിനോ സമൂഹത്തിനോ നാട്ടുരാജാക്കന്മാര്‍ നല്‍കിയ സംഭാവനകളല്ല, രാജഭരണ കേന്ദ്രീതമായ പൊതു ചരിത്രബോധവും ഫ്യൂഡലിസത്തിന്റെ സ്വാധീനവുമാണ് ഇതിന് കാരണം. സ്വന്തം സുഖസൗകര്യങ്ങളും കൊട്ടര രാഷ്ട്രീയവുമായി ബ്രട്ടീഷ് സംരക്ഷണത്തില്‍ ജീവിച്ചവരാണ് കൊളോണിയല്‍ കാലഘട്ടത്തിലെ രാജകുടുംബങ്ങളിലേറെയും. വൈദേശിക വാഴ്ചക്കെതിരെ ഇന്ത്യന്‍ ജനത സമരത്തിന്റെ തീച്ചൂളയിലിറങ്ങിയപ്പോള്‍, അതിനോട് പുറംതിരിഞ്ഞു നിന്ന് ബ്രിട്ടീഷുകാരില്‍ നിന്ന് സ്ഥാനമാനങ്ങളും പതക്കങ്ങളും സമ്പാദിക്കാന്‍ തിടുക്കം കാട്ടിയ അവര്‍, ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോള്‍ രാജഭരണം കൈവിട്ടു പോകാതിരിക്കാനും സര്‍വ തന്ത്രങ്ങളും പയറ്റുകയുണ്ടായി. എന്നിട്ടും അവര്‍ക്ക് അപ്രമാദിത്തം നല്‍കുന്നതിനെതിരെ ഒരു എം എല്‍ എ രംഗത്തു വന്നപ്പോള്‍ പിന്തുണക്കാന്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്നോ മറ്റു പാര്‍ട്ടികളില്‍ നിന്നോ ആരും മുന്നോട്ടുവന്നില്ലെന്നതാണ് ശ്രദ്ധേയം. മാര്‍ത്താണ്ഡ വര്‍മ രാജാവിന്റെ മരണം ചില മാധ്യമങ്ങള്‍ കൊണ്ടാടിയതും ചാള്‍സ് രാജകുമാരന്റെ ഈയിടത്തെ കൊച്ചി സന്ദര്‍ശനത്തിന് അവ നല്‍കിയ പ്രാധാന്യവും കോളോണിയന്‍ ചരിത്രവും രാജഭക്തിയും നമ്മുടെ മാധ്യമ പ്രവര്‍ത്തകരില്‍ പോലും എത്ര ആഴത്തില്‍ വേരൂന്നിയിട്ടുണ്ടെന്ന് വ്യക്തമാക്കുന്നു.

ALSO READ  ചോരവാര്‍ന്ന് മരിക്കുകയാണോ നമ്മിലെ മനുഷ്യത്വം?