National
പ്രധാനമന്ത്രിയാകാന്‍ രാഹുല്‍ ഗാന്ധി യോഗ്യന്‍: ലാലു

റാഞ്ചി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി യു പി എയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകുന്നതിനെ രാഷ്ട്രീയ ജനതാ ദള്‍ (ആര്‍ ജെ ഡി) നേതാവ് ലാലു പ്രസാദ് യാദവ് സ്വാഗതം ചെയ്തു. ഗാന്ധി കുടുംബാംഗമായ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി ആകാന്‍ യോഗ്യനാണെന്നും ആം ആദ്മി പാര്‍ട്ടി (എ എ പി) കുമിളയാണെന്നും താമസിയാതെ പൊട്ടുമെന്നും അഭിപ്രായപ്പെട്ടു. കാലിത്തീറ്റ കുംഭകോണക്കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം സര്‍ക്കാര്‍ ഗസ്റ്റ്ഹൗസില്‍ നടത്തിയ പ്രഥമ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ലാലു.
“എ എ പിയുടെ കഥ ഉടനെ കഴിയും. ശിരസില്‍ മഫഌ ചുറ്റി എ എ പി നേതാക്കള്‍ നിരപരാധികളായ ജനങ്ങളെ വഞ്ചിക്കാന്‍ വീണ്ടും ചുറ്റിത്തിരിയുകയാണ്” -ലാലുപ്രസാദ് കുറ്റപ്പെടുത്തി. സൗജന്യമായി വൈദ്യുതി നല്‍കും, ചേരിപ്രദേശങ്ങളില്‍ നല്ല വീടുകള്‍ നിര്‍മിക്കും തുടങ്ങിയ ആം ആദ്മി പാര്‍ട്ടിയുടെ വാഗ്ദാനങ്ങളെല്ലാം ജനങ്ങളെ വിഡ്ഢികളാക്കാനാണ്- ആര്‍ ജെ ഡി നേതാവ് വിശദീകരിച്ചു “എല്ലാ എ എ പി നേതാക്കളും ആള്‍മാറാട്ടക്കാരാണ്” -അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈയിടെ നടന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ 28 സീറ്റുകളില്‍ വിജയിച്ച് എ എ പി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളേയും അത്ഭുതപ്പെടുത്തിയിരുന്നു. ഒരു കക്ഷിക്കും കേവല ഭൂരിപക്ഷമില്ലാത്തതിനാല്‍ ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ രാഷ്ട്രപതിക്കയച്ച റിപ്പോര്‍ട്ടില്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്ര മന്ത്രിസഭയാണ് അന്തിമ തീരുമാനമെടുക്കേണ്ടത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് സി ബി ഐ കോടതിയുടെ ഉത്തരവനുസരിച്ച് ലാലു പ്രസാദ് റാഞ്ചി ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. ലാലുവിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു. കാലിത്തീറ്റ കുംഭകോണ കേസില്‍ സെപ്തംബര്‍ 30നാണ് പ്രത്യേക സി ബി ഐ കോടതി ലാലുവിനെ ശിക്ഷിച്ചത്. തുടര്‍ന്ന് 76 ദിവസം ജയിലിലായിരുന്നു. എത്രയും വേഗം പാറ്റ്‌നക്ക് പോകാനാണ് ലാലുവിന്റെ പരിപാടി. വര്‍ഗീയകലാപം നടന്ന യു പിയിലെ മുസാഫര്‍നഗര്‍ അദ്ദേഹം സന്ദര്‍ശിക്കും. കലാപത്തില്‍ കഷ്ടനഷ്ടങ്ങള്‍ സഹിക്കേണ്ടിവന്ന മുസ്‌ലിംകളുടെ സ്ഥിതി നേരില്‍ മനസ്സിലാക്കാനാണ് ലാലുവിന്റെ യാത്ര. പാറ്റ്‌നയിലെ ഗാന്ധി മൈതാനിയില്‍ വമ്പിച്ച റാലി സംഘടിപ്പിക്കുമെന്നും ലാലു പറഞ്ഞു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള വര്‍ഗീയശക്തികള്‍ ഡല്‍ഹിയില്‍ അധികാരത്തിലെത്തുന്നത് തടയാന്‍ താന്‍ ആകുന്നതെല്ലാം ചെയ്യുമെന്നും ആര്‍ ജെ ഡി നേതാവ് പ്രഖ്യാപിച്ചു.