നവവത്സരം: ഫെഡറല്‍ ജീവനക്കാര്‍ക്ക് മൂന്നു ദിവസം അവധി ലഭിച്ചേക്കും

Posted on: December 16, 2013 9:05 pm | Last updated: December 16, 2013 at 9:05 pm

അബുദാബി: നവവത്സരം പ്രമാണിച്ച് രാജ്യത്തെ ഫെഡറല്‍ ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് മൂന്നു ദിവസം തുടര്‍ച്ചായി അവധി ലഭിച്ചേക്കും. കൗണ്‍സില്‍ ഓഫ് മിനിസ്റ്റേഴ്‌സ് ഇത് സംബന്ധിച്ച് അധികം വൈകാതെ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവവത്സരാവധി ജനുവരി രണ്ട് വ്യാഴാഴ്ചത്തേക്ക് മാറ്റാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്ന് ഫെഡറല്‍ ഹ്യൂമണ്‍ റിസോഴ്‌സസ് അതോറിറ്റിയുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. ഒന്നി(ബുധന്‍)ന് അവധി നല്‍കിയാല്‍ പ്രവര്‍ത്തി ദിനത്തെ ബാധിക്കുന്നത് ഒഴിവാക്കാനാണ് രണ്ടിന് അവധി പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്നത്. ഈ രീതി തുടര്‍ന്നാല്‍ ജീവനക്കാര്‍ക്ക് വ്യാഴം മുതല്‍ ശനി വരെ മൂന്നു ദിവസം തുടര്‍ച്ചയായി അവധി ലഭിക്കും.
രണ്ട് പ്രവര്‍ത്തി ദിനങ്ങള്‍ക്കിടയില്‍ അവധി വന്നാല്‍ അവധി ആഴ്ച അവധിയോട് ചേര്‍ത്ത് നല്‍കാന്‍ മിനിസ്റ്റേഴ്‌സ് റെസലൂഷനിലെ ആര്‍ട്ടിക്കിള്‍ അഞ്ചു പ്രകാരമുള്ള അധികാരം ഉപയോഗിച്ചാണ് അവധി ഏകോപിപ്പിച്ച് നല്‍കുന്നത്. എന്നാല്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അവധി ബുധനാഴ്ച ആയിരിക്കുമെന്നും ഒട്ടു മിക്ക സ്ഥാപനങ്ങളും ശമ്പളത്തോട് കൂടിയ അവധിയാവും ജീവനക്കാര്‍ക്ക് നല്‍കുകയെന്നും അധികൃതര്‍ വ്യക്തമാക്കി. ബലിപെരുന്നാള്‍, നാഷണല്‍ ഡേ അവധികളും മുമ്പ് ആഴ്ച അവധിയോട് ചേര്‍ത്ത് നല്‍കിയിരുന്നു.