ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ അന്തരിച്ചു

Posted on: December 16, 2013 5:35 am | Last updated: December 16, 2013 at 11:55 pm

uthradam

തിരുവനന്തപുരം: തിരുവിതാംകൂര്‍ രാജകുടുംബത്തിലെ ഇപ്പോഴത്തെ അധിപനും തിരുവിതാംകൂറിന്റെ അവസാന രാജാവായ ചിത്തിര തിരുനാള്‍ മബാലരാമവര്‍മയുടെ അനുജനും അവസാന ഇളയരാജാവുമായ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ അന്തരിച്ചു. അദ്ദേഹത്തിന് 91 വയസ്സായിരുന്നു. എസ് യു ടി ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ 2.20നാണ് അദ്ദേഹത്തിന്റെ അന്ത്യം. കുറച്ചുദിവസങ്ങളായി ചികിത്സയിലായിരുന്ന അദ്ദേഹം ആന്തരിക രക്തസ്രാവത്തെത്തുടര്‍ന്നുണ്ടായ ഹൃദയാഘാതം കാരണമാണ് മരണപ്പെട്ടത്. മൃതദേഹം രാവിലെ ലെവി ഹാളില്‍ പൊതുദര്‍ശനത്തിന് വച്ചു. കവടിയാര്‍ കൊട്ടാരവളപ്പില്‍ ഉച്ചക്കുശേഷം 3.30നാണ് അന്ത്യകര്‍മങ്ങള്‍ നടക്കുക.

1922 മാര്‍ച്ച് 22ന് കവടിയാര്‍ കൊട്ടാരത്തിലാണ് മഹാറാണി സേതു പാര്‍വതി ഭായിയുടെയും കിളിമാനൂര്‍ കൊട്ടാരത്തിലെ രവിവര്‍മ കൊച്ചുകോയിക്കല്‍ തമ്പുരാന്റെയും മകനായി മാര്‍ത്താണ്ഡവര്‍മ ജനിച്ചത്. തിരുവിതാംകൂര്‍ സര്‍വകലാശാലയില്‍ നിന്നുമാണ് അദ്ദേഹം ബിരുദം കരസ്ഥമാക്കിയത്. ശേഷം ഉപരിപഠനത്തിനായി ഇംഗ്ലണ്ടിലേക്ക് തിരിച്ചു. മടങ്ങിയെത്തിയതിന് ശേഷം ഏറെക്കാലം ബാംഗ്ലൂരിലായിരുന്നു കഴിഞ്ഞിരുന്നത്. മലയാളനാട്ടില്‍ നടന്ന സ്വാതന്ത്ര്യ പോരാട്ടങ്ങള്‍ക്കും പ്രധാന രാഷ്ട്രീയ മാറ്റങ്ങള്‍ക്കും സാക്ഷ്യം വഹിച്ചയാളാണ് ഉത്രാടം തിരുന്നാള്‍. ശ്രീ ചിത്തിര തിരുന്നാള്‍ 1991ല്‍ മരണപ്പെട്ടതിനുശേഷം അധികാരമേറ്റെടുക്കുകയായിരുന്നു. ‘തൃപ്പടിദാനം’ ആത്മകഥയാണ്. രാധാദേവിയാണ് ഭാര്യ. അനന്തപത്മനാഭന്‍, പാര്‍വതി ദേവി എന്നിവരാണ് മക്കള്‍.