Connect with us

Malappuram

സ്‌കൂള്‍ കുട്ടികള്‍ ലഹരി ഉപയോഗിച്ച സംഭവം; പിന്നില്‍ മയക്കുമരുന്ന് ലോബിയെന്ന് സൂചന

Published

|

Last Updated

മങ്കട: മങ്കട ഗവ. വൊക്കേഷണന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വി എച്ച് എസ് സി വിഭഗാത്തിലെ വിദ്യാര്‍ഥികള്‍ ലഹരി വസ്തുക്കള്‍ ഉപയോഗിച്ച സംഭവത്തിന് പിന്നില്‍ മയക്ക് മരുന്ന് ലോബിയുടെ കണ്ണികള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോയെന്ന് സംശയിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു.
ഉച്ചസയമങ്ങളിലുള്ള ഇടവേളകളിലും വൈകുന്നേരങ്ങളിലലും സംശയാസ്പദമായ രീതിയില്‍ പലരും സ്‌കൂള്‍ പരിസരങ്ങളിലെത്തുന്നതായി പല രക്ഷിതാക്കളും മുമ്പേ സൂചന നല്‍കിയിരുന്നു. സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും പോലീസിലോ ബന്ധപ്പെട്ടവര്‍ക്കോ ഇതു സംബന്ധിച്ച് സ്‌കൂള്‍ അധികാരികള്‍ പരാതി നല്‍കിയിട്ടില്ല. സംഭവത്തില്‍പെട്ട കുട്ടികളെ കൗണ്‍സിലിംഗ് ചെയ്യാന്‍ ആരോഗ്യ വകുപ്പിന് അനുമതി നല്‍കിയില്ലെന്നും പരാതിയുണ്ട്. ഈമാസം ആറിന് ഉച്ചക്കുള്ള ഇടവേളയിലാണ് വിദ്യാര്‍ഥികള്‍ക്ക് തലകറക്കം അനുഭവപ്പെട്ടതായി അധ്യാപകര്‍ക്ക് വിവരം ലഭിച്ചത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ കുട്ടികള്‍ ലഹരി വസ്തുക്കള്‍ ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് അധികാരികള്‍ രക്ഷിതാക്കളെ വിളിച്ചു വരുത്തി കാര്യം ധരിപ്പിച്ചു. കുട്ടികളെ താത്കാലികമായി സ്‌കൂളില്‍ നിന്നും ഒഴിവാക്കി.
തുടര്‍ന്ന് ഇന്നലെ സ്‌കൂളില്‍ നടന്ന യോഗത്തില്‍ തിങ്കളാഴ്ച ഇതു സംബന്ധിച്ച് വേണ്ടപ്പെട്ടവരുടെ യോഗം വിളിക്കാന്‍ തീരുമാനിച്ചു. ഇന്ന് ആരോഗ്യ വകുപ്പ്, എക്‌സൈസ്, പോലീസ്, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി തുടങ്ങിയവരുടെ യോഗത്തില്‍ വിഷയത്തെ കുറിച്ച് അന്വേഷിക്കാനും ലഹരി വസ്തുക്കളുടെ ഉറവിടത്തെ കുറിച്ച് അന്വേഷിക്കാനും നാര്‍കോടിക് സെല്ലിലും പോലീസും പരാതി നല്‍കാന്‍ തീരുമാനിക്കുകയുണ്ടായി. എന്നാല്‍ ഇന്നുവരെ ഇതു സംബന്ധിച്ച യാതൊരു വിധ പരാതിയും ബന്ധപ്പെട്ടവര്‍ നല്‍കിയിട്ടില്ല. വെള്ളിയാഴ്ചകളിലെ ഇടവേളകളില്‍ കുട്ടികള്‍ പുറത്തു പോകുന്നതായും പുറമെ നിന്നെത്തുന്ന ആളുകളുമായി ഇടപഴുകുന്നതായും മുമ്പേ പരാതിയുണ്ടായിരുന്നു. മൊബൈല്‍ ഫോണ്‍, ബൈക്ക് തുടങ്ങിയവയുടെ ഉപയോഗത്തിന് കര്‍ശനമായ നിയന്ത്രണമുണ്ടായിട്ടും കുട്ടികള്‍ യഥേഷ്ടം ഇവ ഉപയോഗിക്കുന്നുണ്ട്.
മങ്കടയിലും പരിസര പ്രദേശങ്ങളിലും മയക്കു മരുന്നിന്റെ കണ്ണികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നാട്ടുകാര്‍ അഭിപ്രായപ്പെട്ടിരുന്നു. ഗ്രാമ പ്രദേശങ്ങളില്‍ പോലും പെട്ടിക്കടകളിലും മറ്റുമായി ഹാന്‍സ് പോലുള്ള ലഹരി വസ്തുക്കള്‍ ലഭ്യമാണ്. രഹസ്യ കോഡുകള്‍ ഉപയോഗിച്ചാണ് സ്‌കൂള്‍ കുട്ടികള്‍ ഇതു വാങ്ങി ഉപയോഗിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് വെള്ളിലയിലെ ഒരു കടയില്‍ നിന്ന് ആരോഗ്യ വകുപ്പ് ഇത്തരം ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തിരുന്നു. ഇയാളെ പോലീസിന് കൈമാറി.

 

Latest