സര്‍ക്കാര്‍ മാന്യമായ വസ്ത്രം നല്‍കണം: എസ് വൈ എസ്

Posted on: December 13, 2013 7:25 am | Last updated: December 13, 2013 at 7:25 am

കോഴിക്കോട്: ഒന്ന് മുതല്‍ എട്ട് വരെയുള്ള ക്ലാസ്സുകളില്‍ പഠിക്കുന്ന സ്‌കൂള്‍ കുട്ടികള്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന യൂണിഫോം മാന്യമായതാകണമെന്ന് എസ് വൈ എസ് സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
ഒന്ന് മുതല്‍ ഏഴ് വരെയുള്ള ക്ലാസ്സുകളിലെ ആണ്‍ കുട്ടികള്‍ക്ക് നിക്കറും ശര്‍ട്ടിനുമുള്ള തുണിയും നല്‍കാനാണ് സര്‍ക്കാര്‍ ഉത്തരവായത്. സംസ്‌കാര സമ്പന്നരെന്ന് വിശേഷിപ്പിക്കപ്പെടുന്ന കേരളീയ സമൂഹത്തിന് അപമാനമാണ് ഈ വേഷം. മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പാന്റും ശര്‍ട്ടും ധരിക്കാന്‍ ആവശ്യമായ തുണി നല്‍കി കേരളീയന്റെ ഉദാത്ത സംസ്‌കാരം നിലനിര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
പ്രസിഡന്റ് പൊന്മള അബദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, സയ്യിദ് ത്വാഹാ സഖാഫി, പേരോട് അബദുര്‍റഹ്മാന്‍ സഖാഫി, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, സി പി സൈതലവി മാസ്റ്റര്‍, മജീദ് കക്കാട്, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, മുഹമ്മദ് പറവൂര്‍, മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, സുലൈമാന്‍ സഖാഫി മാളിയേക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.