Connect with us

Palakkad

ആളിയാര്‍ ഡാമില്‍ നിന്ന് അധിക ജലമില്ല; രണ്ടാം വിള പ്രതിസന്ധിയിലായേക്കും

Published

|

Last Updated

പാലക്കാട്: പറമ്പിക്കുളം ആളിയാര്‍ ഡാമില്‍ നിന്നും അധിക ജലം ലഭ്യമാക്കാന്‍ കഴിയാതെ വന്നതോടെ ഇത്തവണത്തെ രണ്ടാം വിള കൃഷി പ്രതിസന്ധിയിലാകുമെന്നുറപ്പായി.
കരാര്‍ പ്രകാരം കഴിഞ്ഞ വര്‍ഷം ലഭിക്കാതെ പോയ 1.6 ടി എം സി ജലം തമിഴ്‌നാടില്‍ നിന്നും ഈ വര്‍ഷം നേടിയെടുക്കാന്‍ കഴിയാത്തതാണ് കേരളത്തിന് തിരിച്ചടിയായത്. കഴിഞ്ഞ ദിവസം കോയമ്പത്തൂരില്‍ നടന്ന പറമ്പിക്കുളം ആളിയാര്‍ സംയുക്ത ജലക്രമീകരണ ബോര്‍ഡ് യോഗത്തില്‍ കേരളത്തിലെ ഉദ്യോഗസ്ഥരുടെ വാദം തമിഴ്‌നാട് അംഗീകരിക്കാതെ വന്നതാണ് പുതിയ പ്രതിസന്ധിക്ക് കാരണം. കഴിഞ്ഞ വര്‍ഷം കേരളത്തിന് ലഭിക്കാതെ പോയ 1.6 ടി എം സി ജലം ഈ വര്‍ഷം അധികമായി നല്‍കണം എന്ന കേരള ഉദേ്യാഗസ്ഥരുടെ വാദം തമിഴ്‌നാട് തള്ളിയതോടെ ഏറ്റവും കൂടുതല്‍ നെല്‍കൃഷിയുള്ള പാലക്കാട് പ്രതിസന്ധിയിലാകുമെന്ന് ഉറപ്പാണ്.
ആളിയാറില്‍ നിന്നും 7. 25 ടി എം സി ജലവും ഷോളയാറില്‍ നിന്ന് 12.3 ടി എം സി ജലവുമാണ് എല്ലാ വര്‍ഷവും ലഭിക്കേണ്ടത്. അതേസമയം ഇന്നലെ നടന്ന ചര്‍ച്ച തൃപ്തികരമാണെന്ന് യോഗത്തില്‍ പങ്കെടുത്ത ജലസേചന വകുപ്പ് ചീഫ് എന്‍ജിനീയര്‍ ലതിക പറഞ്ഞു. 15നകം 3.5 ടി എം സി ജലം വിട്ടു നല്‍കും. ഷോളയാര്‍ ഡാമില്‍ നിന്നും കരാര്‍ പ്രകാരമുള്ള 12. 3 ടി എം സി ജലം വിട്ടു നല്‍കണമെന്നും ഉറപ്പ് ലഭിച്ചിട്ടുണ്ട്.
ഫെബ്രുവരിയില്‍ ജസലസംഭരണ തോത് പരമാവധിയാക്കി നിലനിര്‍ത്താമെന്നും തമിഴ്‌നാട് യോഗത്തില്‍ അറിയിച്ചു. എന്നാല്‍ കഴിഞ്ഞ വര്‍ഷം കുറഞ്ഞ മഴയേ ലഭിച്ചിട്ടുള്ളൂവെന്ന കാരണത്താല്‍ മുഴുവന്‍ വെള്ളവും വിട്ടു നല്‍കാന്‍ അധികൃതര്‍ തയ്യാറായിരുന്നില്ല. ഇത്തവണയും തുലാവര്‍ഷം കുറവാണ് ലഭിച്ചത്. അതുകൊണ്ട് തന്നെ വേനല്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ വെള്ളം വിട്ടുനല്‍കിതമിഴ്‌നാട് തയ്യാറായില്ലെങ്കില്‍ രണ്ടാം വിള പതിസന്ധിയിലാകും.

Latest