ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ 14ന് സൂചനാ പണിമുടക്ക് നടത്തും; 20 മുതല്‍ അനിശ്ചിതകാല സമരം

Posted on: December 13, 2013 7:20 am | Last updated: December 13, 2013 at 7:20 am

കല്‍പറ്റ: ബസ് ചാര്‍ജ് വര്‍ധിപ്പിക്കുക, വിദ്യാര്‍ഥി കണ്‍സഷന്‍ കാലോചിതമായി പരിഷ്‌കരിക്കുക, ഡീസലിന് സബ്‌സിഡി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ 14ന് സൂചനാ പണിമുടക്ക് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ 20 മുതല്‍ അനിശ്ചിത കാല പണിമുടക്ക് നടത്തുമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
ജില്ലയില്‍ 290 ബസുകള്‍ സര്‍വീസ് നടത്തുന്നതില്‍ 260 എണ്ണവും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ കീഴിലാണ്. ഈ ബസുകള്‍ 14ന് സൂചനാ പണിമുടക്കിലും 20 മുതല്‍ അനിശ്ചിതകാല സമരത്തിലും പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അവകാശപ്പെട്ടു.
കഴിഞ്ഞ ബസ് ചാര്‍ജിന് ശേഷം 7.62 പൈസ ഡീസലിന് വര്‍ധിച്ചു. വിദ്യാര്‍ഥി കണ്‍സെഷന്‍ ഉള്‍പ്പെടെയുള്ള സൗജന്യങ്ങള്‍ നല്‍കിയാണ് സ്വകാര്യബസുകള്‍ സര്‍വീസ് നടത്തുന്നത്. ഇതൊന്നുമില്ലാത്ത കെഎസ്ആര്‍ടിസിയുടെ നഷ്ടം നികത്താന്‍ കോടിക്കണക്കിന് രൂപ അനുവദിച്ചിട്ടും നിലനിര്‍ത്താന്‍ പറ്റാത്ത അവസ്ഥയിലാണ്. ഈ സാഹചര്യത്തില്‍ പതിനാറായിരത്തോളം വരുന്ന സംസ്ഥാന സ്വകാര്യബസ് സര്‍വീസുകള്‍ തുടരാന്‍ കഴിയാത്ത സാഹചര്യത്തിലാണ്. ബസ് ചാര്‍ജ് മിനിമം എട്ടുരൂപയായും കിലോമീറ്റിന് 68 പൈസയായും വര്‍ധിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
അനധികൃത കെഎസ്ആര്‍ടിസി സര്‍വീസ് അവസാനിപ്പിക്കാനും ബസുകളുടെ കാലാവധി പുനപ്പരിശോധിക്കാനും നടപടി വേണമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
അസോസിയേഷന്‍ പ്രസിഡന്റ് സി.പി. കുര്യാക്കോസ്, ജനറല്‍ സെക്രട്ടറി ബ്രിജേഷ് കെ. തോമസ്, നിസാര്‍ പള്ളിയാല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റി 18 മുതല്‍
അനിശ്ചിതകാല സമരത്തില്‍
കല്‍പറ്റ: ബസ് ചാര്‍ജ് കിലോമീറ്ററിന് 70 പൈസയും മിനിമം ചാര്‍ജ് എട്ടുരൂപയുമാക്കുക, വിദ്യാര്‍ഥി കണ്‍സഷന്‍ 50 ശതമാനമാക്കുക, സ്വകാര്യബസുകളുടെ പ്രായപരിധി 20 വര്‍ഷമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 18 മുതല്‍ അനിശ്ചിതകാല ബസ് സമരം ആരംഭിക്കുമെന്ന് ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ 14 ന് പ്രഖ്യാപിച്ച സൂചനാ സമരത്തില്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ബസുകള്‍ പങ്കെടുക്കില്ലെന്നും 18ന് ആരംഭിക്കുന്ന അനിശ്ചിതകാല സമരത്തില്‍ എല്ലാ ബസുടമകളും പങ്കെടുക്കുമെന്നും ഇവര്‍ അവകാശപ്പെട്ടു. കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ കീഴിലാണ് സംസ്ഥാനത്തെ 90 ശതമാനം ബസുകളുമെന്നും 18 മുതല്‍ ഈ ബസുകള്‍ പണിമുടക്കുമെന്നും ഇവര്‍ പറഞ്ഞു.
ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍, കേരള ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍, ഓള്‍ കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍, കേരള സ്‌റ്റേറ്റ് ലിമിറ്റഡ് സ്‌റ്റോപ്പ് ഓപ്പറേറ്റേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മിറ്റി, കേരള സ്‌റ്റേറ്റ് പ്രൈവറ്റ് ബസ് ഓണേഴ്‌സ് ആന്‍ഡ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍, പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് യൂത്ത് ഫെഡറേഷന്‍ എന്നിവ ചേര്‍ന്നതാണ് കോര്‍ഡിനേഷന്‍ കമ്മിറ്റി.
ജില്ലയിലെ 280 സ്വകാര്യ ബസുകളില്‍ വൈത്തിരി താലൂക്കിലെ 64 ബസുടമകളുടെ 88 ബസുകള്‍ ഉള്‍പ്പെടെ 125 ബസുകള്‍ ഓര്‍ഗനൈസേഷന് കീഴിലാണെന്നും ഇവര്‍ അവകാശപ്പെട്ടു. ബസുകള്‍ക്ക് ഡീസലിന് സെയില്‍സ് ടാക്‌സ് ഒഴിവാക്കുകയും വാഹനനികുതി ഇളവു നല്‍കുകയും ചെയ്യുക, ഇ പേമെന്റ് സംവിധാനം നടപ്പാക്കുക, പ്രവര്‍ത്തന ചെലവിന് ആനുപാതികമായി ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ സ്ഥിരം സംവിധാനം നടപ്പാക്കുക, മോട്ടോര്‍ വാഹന വകുപ്പിന്റെയും പോലീസിന്റെയും പീഡനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും കോര്‍ഡിനേഷന്‍ കമ്മിറ്റി ഉന്നയിക്കും. ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് ആര്‍. സദാശിവന്‍, വൈസ് പ്രസിഡന്റ് അബൂബക്കര്‍ സിദ്ദിഖ്, എ.വി. പൈലി, സി.എ. ഐപ്പ്, കെ. മൊയ്തൂട്ടി, കെ.എച്ച്. അഷ്‌റഫ്, കെ. ശ്രീനിവാസന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.