Connect with us

National

പത്ത് വര്‍ഷത്തിന് ശേഷം ഗുജറാത്തിന് ലോകായുക്ത

Published

|

Last Updated

ഗാന്ധിനഗര്‍: ഒരു പതിറ്റാണ്ടിന് ശേഷം ഗുജറാത്തില്‍ ലോകായുക്തയെ നിയമിച്ചു. ഗുജറാത്ത് ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് ഡി പി ബുച്ച് ആണ് ഗവര്‍ണര്‍ കമല ബെനിവാളിന് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് സംസ്ഥാനത്തെ നാലാമത്തെ ലോകായുക്തയായി ചുമതലയേറ്റത്.
മുഖ്യമന്ത്രി നരേന്ദ്ര മോദി, നിയമസഭാ സ്പീക്കര്‍ വജുവാല എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ. 2003 ഡിസംബറില്‍ ജസ്റ്റിസ് ആര്‍ എം സോണി വിരമിച്ചതിന് ശേഷം ഇതുവരെ ലോകായുക്ത സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. കഴിഞ്ഞ മാസം 27നാണ് മോദി സര്‍ക്കാര്‍ ജസ്റ്റിസ് ബുച്ചയുടെ പേര് ലോകായുക്ത സ്ഥാനത്തേക്ക് ശിപാര്‍ശ ചെയ്തത്.
2011 മുതല്‍ ലോകായുക്ത നിയമന വിഷയത്തില്‍ ഗവര്‍ണര്‍ കമല ബെനിവാളുമായി മോദി സര്‍ക്കാര്‍ ശീത സമരത്തിലായിരുന്നു. ഗുജറാത്ത് സര്‍ക്കാറുമായി കോണ്‍ഗ്രസ് ഈ വിഷയത്തില്‍ നിരന്തരം കൊമ്പുകോര്‍ത്തിരുന്നു. യു പി എ സര്‍ക്കാറിനെ അഴിമതിയാരോപണങ്ങളുടെ പേരില്‍ കടന്നാക്രമിക്കുമ്പോഴും സ്വന്തം പാര്‍ട്ടി ഭരിക്കുന്ന ഗുജറാത്തില്‍ ലോകായുക്ത നിയമനത്തെ സംബന്ധിച്ച് മൗനം പാലിക്കുകയാണെന്നായിരുന്നു ബി ജെ പിയോട് കോണ്‍ഗ്രസ് ചോദിച്ചത്. സംസ്ഥാന സര്‍ക്കാറിനോട് കൂടിയാലോചിക്കാതെ 2011 ആഗസ്റ്റ് 25ന് ജസ്റ്റിസ് ആര്‍ എ മേത്തയെ ലോകായുക്തയായി ഗവര്‍ണര്‍ നിയമിച്ചതാണ് ഏറ്റുമുട്ടലിന് ഇടയാക്കിയത്. ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും അന്തിമ വിധി ഗവര്‍ണര്‍ക്ക് അനുകൂലമായിരുന്നു. തുടര്‍ന്ന്, സര്‍ക്കാര്‍ നിയമ ഭേദഗതി വരുത്തുകയായിരുന്നു.