സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമയുടെ നിര്‍മാണ ചെലവ് 2500 കോടി

Posted on: December 12, 2013 12:05 am | Last updated: December 12, 2013 at 12:05 am

sardhar vallabhai patttelതിരുവനന്തപുരം: സര്‍ദാര്‍ വല്ലഭായ് രാഷ്ട്രീയ ഏകതാ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നിര്‍മിക്കാന്‍ പോകുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമയായ സ്റ്റാച്യു ഓഫ് യൂനിറ്റിയുടെ ചെലവ് 2, 500 കോടി. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായ സ്റ്റാച്യു ഓഫ് യൂനിറ്റിയുടെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഗുജറാത്ത് കൃഷി മന്ത്രി ബാബുഭായ് ബുഖരിയുടെ നേതൃത്വത്തില്‍ തലസ്ഥാനത്തെത്തിയ പ്രതിനിധി സംഘമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
നര്‍മദ നദിയിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന് സമീപം സാധുബേട്ടിലാണ് 182 മീറ്റര്‍ ഉയരത്തിലുള്ള പ്രതിമ നിര്‍മിക്കുന്നത്. നിര്‍മാണം നാല് വര്‍ഷത്തിനുളളില്‍ പൂര്‍ത്തിയാകുമെന്ന് ബാബുഭായ് ബുഖരി പറഞ്ഞു. പ്രതിമക്ക് അമേരിക്കയിലെ പ്രസിദ്ധമായ സ്റ്റാച്യു ഒഫ് ലിബര്‍ട്ടിയേക്കാള്‍ മൂന്നിരട്ടി വലിപ്പമുണ്ടാകും. ഇന്ത്യയിലെ ഓരോ ഗ്രാമത്തില്‍ നിന്നും ശേഖരിക്കുന്ന മണ്ണും ഉരുക്ക് കാര്‍ഷികോപകരണങ്ങളും ഉപയോഗിച്ചാണ് പ്രതിമ നിര്‍മിക്കുന്നത്. ഐക്യ ഇന്ത്യയെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ 562 നാട്ടുരാജ്യങ്ങളെ കൂട്ടിയോജിപ്പിച്ചത് സര്‍ദാര്‍ വല്ലഭായ് പട്ടേലാണെന്ന് ബുഖരിയ പറഞ്ഞു.
നിര്‍മാണത്തില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നുമില്ലെന്നും ഇത്തരമൊരു സംരഭത്തിന് കോണ്‍ഗ്രസ് മുതിര്‍ന്നാലും സഹകരിക്കുമെന്ന് മുന്‍ മന്ത്രി ഐ കെ ജഡേജ പറഞ്ഞു. സര്‍ദാര്‍ പട്ടേലിന്റെ ചരമവാര്‍ഷിക ദിനമായ 15ന് 565 സ്ഥലങ്ങളില്‍ മാരത്തോണ്‍ സംഘടിപ്പിക്കും. എല്ലാ ഗ്രാമങ്ങളിലെയും ഹൈസ്‌കൂളുകളില്‍ ഇന്ത്യയുടെ ഐക്യത്തെയും അഖണ്ഡതയെയും കുറിച്ചുള്ള ഉപന്യാസ മത്സരം സംഘടിപ്പിക്കും. കേരള സര്‍ക്കാറിന്റെ സഹകരണം തേടി മന്ത്രി ബാബുഭായ് ബുഖരിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കാണും.