Connect with us

Gulf

ഷാര്‍ജയില്‍ പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു

Published

|

Last Updated

ഷാര്‍ജ: എമിറേറ്റില്‍ പാചക വാതകത്തിന് വീണ്ടും വില വര്‍ധിപ്പിച്ചു. എല്ലാ വിഭാഗത്തിലുമുള്ള സിലിണ്ടറിനും വില കൂട്ടിയിട്ടുണ്ട്. 10 മുതല്‍ 20 ദിര്‍ഹം വരെയാണ് വില കൂട്ടിയത്. വര്‍ധനവ് കഴിഞ്ഞ ദിവസം പ്രാബല്യത്തില്‍ വന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ രണ്ടാം തവണയാണ് വില കൂട്ടുന്നത്. ഒരു വര്‍ഷത്തിനിടെ പല തവണ വര്‍ധിപ്പിച്ചിട്ടുണ്ട്.

22 കിലോയുടെ സിലിണ്ടറിനു പത്തും 44 കിലോയുടേതിനു ഏഴ് ദിര്‍ഹവുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ 135 ദിര്‍ഹമുണ്ടായിരുന്ന 44 കിലോ സിലിണ്ടറിന് 290 ആയി. 11 കിലോക്ക് 68 ല്‍ നിന്നും 75 ദിര്‍ഹമായി.
വില വര്‍ധനവ് നഗരസഭയുടെ അംഗീകാരത്തോടെയാണെന്ന് ഷാര്‍ജ യര്‍മൂക്കിലെ ഒരു ഗ്യാസ് വിതരണക്കാരന്‍ പറഞ്ഞു. മുന്നറിയിപ്പില്ലാതെയായിരുന്നു വില വര്‍ധനവെന്നും ഇയാള്‍ പറഞ്ഞു. നവം. ആറിനാണ് 10 ദിര്‍ഹം വര്‍ധിപ്പിച്ചത്. ഡിസംബര്‍ അഞ്ചിന് പത്ത് മുതല്‍ 20 വരെ വീണ്ടും വര്‍ധിപ്പിച്ചു.
അടിക്കടിയുള്ള വില വര്‍ധനവ് സാധാരണക്കാരെ പ്രയാസത്തിലാക്കിയിരിക്കുയാണ്. ബാച്ചിലേഴ്‌സും കുടുംബമായി താമസിക്കുന്നവരെയുമാണ് വില വര്‍ധന ഏറെ ബാധിക്കുക. റസ്റ്റോറന്റുകളുടെ കാര്യം പറയേണ്ട.
നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധനവും താമസ സ്ഥലങ്ങളുടെ വാടക വര്‍ധനവും കാരണം ജനങ്ങള്‍ വളരെയേറെ ബുദ്ധിമുട്ടുന്ന അവസരത്തിലാണ് ഗ്യാസ് വില വര്‍ധന. കൂടെ ജല-വൈദ്യുത നിരക്ക് വര്‍ധനയും. ഗ്യാസ് വില വര്‍ധനവ് ഗ്യാസ് വിതരണക്കാരിലും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
അതേസമയം ഗ്യാസ് വില ഭയന്ന് ഇലക്ട്രിസിറ്റി ഉപകരണങ്ങളിലേക്ക് തിരിഞ്ഞവരും കുറവല്ല.

Latest