അബുദാബി സര്‍വകലാശാല ഡിജിറ്റല്‍ ഡിസൈനിംഗ് മത്സരം: മലയാളിക്ക് ഒന്നാം സ്ഥാനം

Posted on: December 10, 2013 7:13 pm | Last updated: December 10, 2013 at 7:13 pm

അബുദാബി: യു എ ഇയുടെ 42ാം ദേശീയദിനാഘോഷത്തിന്റെ ഭാഗമായി അബുദാബി സര്‍വകലാശാല പൊതുജനങ്ങള്‍ക്കായി നടത്തിയ ഡിജിറ്റല്‍ ഡിസൈനിംഗ് മല്‍സരത്തില്‍ മലയാളിക്ക് ഒന്നാം സ്ഥാനം. ‘ഷോ യുവര്‍ ലൗ ടു ദി യു എ ഇ’ എന്ന തലവാചകത്തില്‍ മല്‍സരത്തിലാണ് മലപ്പുറം മുണ്ടാക്കോട് സ്വദേശി അബ്ദുല്‍ ഹക്കീം സഖാഫി ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
അബുദാബിയുടെ പൈതൃകവും ചരിത്രവും ശൈഖ് സായിദിന്റെ ചിത്രവും ഉള്‍ക്കൊള്ളിച്ച് ഹക്കീം സഖാഫി തയാറാക്കിയ ഡിസൈനാണ് തിരഞ്ഞെടുക്കപ്പെട്ടത്. സര്‍വകലാശാലയില്‍ നടന്ന ചടങ്ങില്‍ വൈസ് ചാന്‍സിലര്‍ ഡോ. ടെറി മോത്തിക്കില്‍ നിന്ന് ഹക്കീം സഖാഫി സമ്മാനം ഏറ്റുവാങ്ങി.
മുസഫയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായ ഇദ്ദേഹം നാട്ടിലും അബൂദബിയിലും ഡിസൈനിംഗ് രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. മഅ്ദിന്‍ അക്കാദമി, മര്‍കസ് എന്നിവിടങ്ങളില്‍ നിന്നാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. നാല് വര്‍ഷത്തോളം മര്‍കസില്‍ ഡിസൈനറായും സേവനം അനുഷ്ഠിച്ചിരുന്നു. ഒന്നര വര്‍ഷം മുമ്പ് ഹക്കീം സഖാഫി യു എ ഇയില്‍ എത്തിയത്.