ജനവിധിയിലെ പാഠങ്ങള്‍

Posted on: December 9, 2013 6:00 am | Last updated: December 9, 2013 at 12:42 am

siraj copyപല നിലകളില്‍ അതീവ പ്രധാന്യമേറിയ തിരഞ്ഞെടുപ്പ് ഫലമാണ് വന്നിരിക്കുന്നത്. വോട്ടെടുപ്പ് നടന്ന ഡല്‍ഹി, രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലാണ് വോട്ടെണ്ണിയത്. മിസോറാമില്‍ ഇന്നാണ് വോട്ടെണ്ണല്‍. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രവണതകളിലേക്ക് വ്യക്തമായ സൂചനകള്‍ നല്‍കുന്ന സെമിഫൈനലെന്ന വിശേഷണമാണ് ഈ വോട്ടെടുപ്പിന് നല്‍കപ്പെട്ടത്. സാധാരണഗതിയില്‍ പ്രാദേശിക വിഷയങ്ങളാണ് പ്രധാനമായും നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ചര്‍ച്ചയാകാറുള്ളത്. സൂക്ഷ്മ അര്‍ഥത്തില്‍ ഇത്തവണയും അങ്ങനെത്തന്നെയായിരുന്നു. എന്നാല്‍ ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും തമ്മിലുള്ള മത്സരമായി തിരെഞ്ഞടുപ്പ് ആഘോഷിക്കപ്പെട്ടുവെന്നത് വസ്തുതയാണ്. തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലും ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയെന്നതും ഏറെ പ്രാധാന്യപൂര്‍വം കാണേണ്ടതാണ്. തിരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് എല്ലാ വിഭാഗം ജനങ്ങളെയും ആകര്‍ഷിക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും ശ്രമം വലിയ തോതില്‍ വിജയിച്ചുവെന്നത് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ രാഷ്ട്രീയ സംവിധാനത്തിന് അമൂല്യമായ ആത്മവിശ്വാസം പകരുന്നതാണ്. ഛത്തീസ്ഗഢില്‍ വോട്ട് ചെയ്തവരുടെ മഷിയടയാളം നോക്കി കൊന്നു തള്ളുമെന്ന് മാവോയിസ്റ്റുകള്‍ ഭീഷണി മുഴക്കിയിട്ടും റെക്കോര്‍ഡ് പോളിംഗ് ശതമാനം രേഖപ്പെടുത്തി. അരാഷ്ട്രീയവാദം ശക്തമാകുമെന്ന് വിലയിരുത്തപ്പെട്ട ഡല്‍ഹിയിലും പോളിംഗ് നിരക്ക് കുതിച്ചു. മറ്റിടങ്ങളിലും അത് തന്നെയായിരുന്നു അനുഭവം. ആരെയും തിരഞ്ഞെടുക്കാതിരിക്കാനുള്ള അവസരം (നോട്ട)സമ്മതിദായകന് നല്‍കിയ ആദ്യ വോട്ടെടുപ്പ് കൂടിയായിരുന്നു പിന്നിട്ടത്.
വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍, കേന്ദ്ര ഭരണ സഖ്യത്തിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് ശക്തമായ തിരിച്ചടി നേരിട്ടു. ഡല്‍ഹി, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് അമ്പേ പരാജയപ്പെട്ടു. ഛത്തീസ്ഗഢില്‍ മാത്രമാണ് പൊരുതി നോക്കാനുള്ള ഊര്‍ജമെങ്കിലും കോണ്‍ഗ്രസ് പുറത്തെടുത്തത്. നേതൃരാഹിത്യവും നയരാഹിത്യവും കോണ്‍ഗ്രസിന്റെ പതനത്തിന് കാരണമായി. മതേതര പ്രതീക്ഷയായി ആ പാര്‍ട്ടിയെ രാജ്യം കാണുമ്പോള്‍ ആ ഉത്തരവാദിത്വം നിര്‍വഹിക്കാനുള്ള സൂക്ഷ്മതയും രാഷ്ട്രീയ ബുദ്ധിയും ദീര്‍ഘവീക്ഷണവും അച്ചടക്കവും കോണ്‍ഗ്രസ് നേതാക്കള്‍ കാണിച്ചില്ലെന്നതാണ് ഈ തിരിച്ചടിയുടെ അടിസ്ഥാന കാരണം. കോണ്‍ഗ്രസ് നേതാവായ ഷീലാ ദീക്ഷിതിന് മൂന്ന് ഊഴം ഭരണം സമ്മാനിച്ച ഡല്‍ഹിയിലെ ജനങ്ങള്‍ പാര്‍ട്ടിയെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയെങ്കില്‍ അതിനര്‍ഥം കടമ നിര്‍വഹിക്കുന്നതില്‍ കോണ്‍ഗ്രസ് ഭരണകൂടം സമ്പൂര്‍ണ പരാജയമായിരുന്നുവെന്ന് മാത്രമാണ്. കൃത്യമായ ഒരു നേതാവിനെ പ്രഖ്യാപിക്കാന്‍ പോലും സാധിക്കാതെ വലഞ്ഞ ബി ജെ പിയാണ് അവിടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായതെന്നോര്‍ക്കണം. രണ്ടാമതെത്തിയത് ഒരു വയസ്സ് പോലും തികയാത്ത ആം ആദ്മി പാര്‍ട്ടി. ഭീകരമായ ഭരണവിരുദ്ധ വികാരത്തിന്റെ കുത്തൊഴുക്കില്‍ എ എ പി ചരിത്ര വിജയം നേടി. അരവിന്ദ് കെജ്‌രിവാളിന്റെയും ആം ആദ്മിയുടെയും വിജയം എല്ലാ മുഖ്യധാരാ പാര്‍ട്ടികള്‍ക്കും ആഴത്തിലുള്ള ആത്മപരിശോധനക്ക് അവസരമാകേണ്ടതാണ്. ഒരു സാമൂഹിക സംഘടനയുടെ ഘടന മാത്രമുള്ള ആ പാര്‍ട്ടി തിരഞ്ഞെടുപ്പ് കൗശലങ്ങളൊന്നുമില്ലാതെ ഇത്രയും സീറ്റുകള്‍ നേടിയെങ്കില്‍ ജനത്തിന്റെ അഭിവാഞ്ഛകള്‍ എങ്ങോട്ടാണ് ഒഴുകുന്നതെന്ന് സാമാന്യമായ വിവേചന ബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാകും. അധികാരം കൈവന്ന ആം ആദ്മിക്ക് എത്രമാത്രം പ്രഖ്യാപിത മൂല്യങ്ങളില്‍ ഉറച്ചുനില്‍ക്കാന്‍ സാധിക്കുമെന്ന സന്ദേഹമുയരുമ്പോഴും ബദല്‍ കൊണ്ടുവരാനായി വിയര്‍ക്കുന്ന ഇടതു പാര്‍ട്ടികള്‍ അടക്കമുള്ളവര്‍ ആം ആദ്മിയില്‍ നിന്ന് പാഠം പഠിക്കേണ്ടിയിരിക്കുന്നു.
അധികാരത്തിലിരുന്ന രാജസ്ഥാനിലും ഡല്‍ഹിയിലും കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോള്‍ തങ്ങള്‍ ഭരിച്ച മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ബി ജെ പിയെ ജനം കൈവിട്ടില്ലെന്നത് ശ്രദ്ധേയമാണ്. തീര്‍ച്ചയായും അത് അവിടെ ഭരണത്തിന് നേതൃത്വം നല്‍കിയ ശിവരാജ് സിംഗ് ചൗഹാന്റെയും രമണ്‍ സിംഗിന്റെയും ജനപ്രീതിയുടെ വിജയം തന്നെയാണ്. കര്‍ഷകരുടെയും ദരിദ്രരുടെയും ഉന്നമനത്തിനായി സര്‍ക്കാറുകള്‍ കൈക്കൊണ്ട നയങ്ങളും പരിപാടികളും വിലക്കയറ്റം അടക്കമുള്ള കെടുതികളില്‍ നിന്ന് ആശ്വാസമായി ആവിഷ്‌കരിച്ച പരിപാടികളും മുന്നേറ്റത്തിന് ഊര്‍ജമായി.
മോദി തരംഗമാണ് ഉണ്ടായിട്ടുള്ളതെന്ന് ബി ജെ പി സ്വാഭാവികമായും അവകാശപ്പെടും. രാഹുല്‍ ഗാന്ധിയുടെ പരാജയമായും വിലയിരുത്തപ്പെടും. കിട്ടിയ വിജയത്തെ മോഡിയുടെ അക്കൗണ്ടിലേക്ക് മാറ്റുകയെന്ന തന്ത്രം മാത്രമാണ് അത്. സത്യത്തില്‍ ജനജീവിതം ദുസ്സഹമാക്കിയ നയങ്ങള്‍ക്കെതിരായ വിധിയെഴുത്താണ് ഇത്. വിഭാഗീയതകളുടെ തടവറയില്‍ കുടുങ്ങിയ നേതാക്കളുടെ കൊള്ളരുതായ്മക്കെതിരെയുള്ള വിധി. ജാതിരാഷ്ട്രീയം. അഴിമതിക്കെതിരായ ജനരോഷം. ജനവിധി തിരിച്ചറിഞ്ഞ് ആത്മപരിശോധനക്ക് കോണ്‍ഗ്രസ് തയ്യാറായാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നില മെച്ചപ്പെടുത്താനാകും. നിയമസഭാ തിരഞ്ഞെടുപ്പ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ലെന്ന് പറഞ്ഞിരുന്നാല്‍ സ്ഥിതി വഷളാകും. ഒരു മതേതര സഖ്യം രാജ്യം ഭരിക്കണമെന്ന് തന്നെയാണ് രാജ്യത്തെക്കുറിച്ച് ഉത്കണ്ഠപ്പെടുന്ന മുഴുവന്‍ പേരും ആഗ്രഹിക്കുന്നത്.