കെ എസ് ആര്‍ ടി സിക്ക് ഗുണമേന്മ കുറഞ്ഞ പെയിന്റ്: പോലീസിന്റെ വിജിലന്‍സ് വിഭാഗം അന്വേഷിക്കും

Posted on: December 8, 2013 5:38 am | Last updated: December 8, 2013 at 12:38 am

തിരുവനന്തപുരം: ഗുണനിലവാരം കുറഞ്ഞ പെയിന്റ് വാങ്ങിയ വകയില്‍ കെ എസ് ആര്‍ ടി സി ക്ക് കോടികളുടെ നഷ്ടമുണ്ടായ സംഭവം പോലീസിന്റെ വിജിലന്‍സ് വിഭാഗത്തെ കൊണ്ട് അന്വേഷിപ്പിക്കാന്‍ തീരുമാനം. ഇതു സംബന്ധിച്ച് രണ്ട് ദിവസത്തിനുള്ളില്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്ത് നല്‍കും. ഗുണനിലവാരം സംബന്ധിച്ച് കെ എസ് ആര്‍ ടി സി വിജിലന്‍സ് വിഭാഗം നല്‍കിയ റിപ്പോര്‍ട്ട് പൂഴ്ത്തിയ ടെക്‌നിക്കല്‍ വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ക്കെതിരെ നടപടിക്കും തീരുമാനമായി.
പൊതുവിപണിയില്‍ കാണാന്‍ പോലും കിട്ടാത്ത തീരെ ഗുണനിലവാരം കുറഞ്ഞ പെയിന്റ് വാങ്ങുന്നത് കെ എസ് ആര്‍ ടി സിക്ക് കോടികളുടെ നഷ്ടമുണ്ടാക്കുന്നതായും ഇതിന് പിന്നില്‍ ക്രമക്കേടുള്ളതായും കഴിഞ്ഞ ജൂണിലാണ് എം ഡിക്ക് കെ എസ് ആര്‍ ടി സിയുടെ വിജിലന്‍സ് വിഭാഗം ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കിയത്. തുടര്‍ന്ന് വകുപ്പു മന്ത്രി നേരിട്ട് വിശദീകരണം തേടി. പെയിന്റ് സംബന്ധിച്ച് മൂന്ന് വര്‍ഷമായി നടക്കുന്ന മുഴുവന്‍ ഇടപാടുകളും വിജിലന്‍സിനെ കൊണ്ട് അന്വേഷിപ്പിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.
ആറ് മാസമായിട്ടും റിപ്പോര്‍ട്ടിന്‍മേല്‍ നടപടിയെടുക്കാതിരുന്ന ടെക്‌നിക്കല്‍ വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടറോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് കിട്ടിയാല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ക്കെതിരെ വകുപ്പ് തല നടപടിയുണ്ടാകും. മൈസൂര്‍ പെയിന്റ്‌സ് ആന്‍ഡ് വാര്‍ണിഷ് കമ്പനിയുടെ ബൃന്ദാവന്‍ പെയിന്റാണ് മൂന്ന് വര്‍ഷമായി വാങ്ങുന്നത്. നിര്‍മാണ തീയതിയോ കാലാവധിയോ ബാച്ച് നമ്പറോ വിലയോ ഇല്ലാത്തതാണിതെന്ന് വ്യക്തമായിട്ടുണ്ട്. പൊതുവിപണിയില്‍ പോലുമില്ലാത്ത ഇത് വാങ്ങിയതു വഴി 2011ല്‍ 2.12 കോടിയുടെയും 2012ല്‍ 2.17 കോടിയുടെയും 2013ല്‍ 2.19 കോടിയുടെയും അധിക ബാധ്യതയുണ്ടായതായി കണക്കുകള്‍ വ്യക്തമാകുന്നു.