മലയോര നിവാസികള്‍ ഭീതിയില്‍

Posted on: December 6, 2013 1:36 pm | Last updated: December 6, 2013 at 1:36 pm

കാളികാവ്: പൂക്കോട്ടുംപാടത്ത് മാവോയിസ്റ്റുകള്‍ വീണ്ടും കബീറിനെ തേടിയെത്തി. കബീറും കുടുംബവും താമസിക്കുന്ന വട്ടപ്പാടത്തെ വീടിന് സമീപത്ത് പട്ടാളവേഷധാരികളായ ഒരു സ്ത്രീയും രണ്ട് പുരുഷന്‍മാരും അടങ്ങുന്ന സംഘമാണ് എത്തിയത്. ഇന്നലെ പുലര്‍ച്ചെ ഒന്നരമണിക്കാണ് തോക്ക്ധാരികളായ മാവോയിസ്റ്റുകള്‍ എത്തിയത്. വീടിന്റെ പുറത്ത് ശബ്ദം കേട്ട് ഉണര്‍ന്ന കബീര്‍ സംഘത്തോട് സംസാരിച്ചെങ്കിലും ഒന്നും മറുപടി പറഞ്ഞില്ല. പുറത്തെ വിളിച്ചത്തില്‍ നില്‍ക്കുകയായിരുന്ന സംഘത്തോട് എന്തിനാണ് നിങ്ങള്‍ വന്നത്, എന്താണ് നിങ്ങള്‍ക്ക് വേണ്ടത് തുടങ്ങിയ ചോദ്യങ്ങള്‍ ചോദിച്ചെങ്കിലും സംഘം കൃത്യമായ മറുപടി ഒന്നും പറഞ്ഞില്ല. ഇരുപത് മിനിട്ടിലേറെ സമയം അവിടെ നിന്ന സംഘം വീടിന്റെ പുറകിലെ റബ്ബര്‍ തോട്ടത്തിലൂടെ കോട്ടപ്പുഴയുടെ ഭാഗത്തേക്ക് പോയി.
സംഘത്തിലുണ്ടായിരുന്ന പുരുഷന്‍മാരായ രണ്ട് പേര്‍ കബീറിന്റെ അടുത്ത് ആദ്യം വന്നവരാണെന്ന് കബീര്‍ പറഞ്ഞു. അയല്‍പക്കകാരോടും പോലീസിനോടും വിവരം അറിയിച്ചു. അരമണിക്കൂറിന ശേഷം പോലീസ് സ്ഥലത്തെത്തി. നാട്ടുകാരും പോലീസും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. സംഘം പോയപ്പോള്‍ വീടിന് പുറത്ത് ഉണക്കാനിട്ട കബീറിന്റെ ഭാര്യയുടെ നൈറ്റിയും മുണ്ടും കൊണ്ടുപോയിരുന്നു. അത് അടുത്തുള്ള റബ്ബര്‍ തോട്ടത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ പിന്നീട് കാണപ്പെട്ടു. നിലമ്പൂര്‍ സി ഐ. എ പി ചന്ദ്രന്‍, പൂക്കോട്ടുംപാടം എസ് ഐ ബാബുരാജ്, ഇന്റലിജന്‍സ് വിഭാഗവും, സ്ഥലത്ത് എത്തിയിരുന്നു. മാവോയിസ്റ്റുകളുടെ സാനിധ്യം സ്ഥിരീകരിച്ച സാഹചര്യത്തില്‍ മലയോര നിവാസികള്‍ ഭീതിയിലാണ്. കിഴക്കന്‍ പ്രദേശങ്ങളിലെ പൂക്കോട്ടുംപാടം അങ്ങാടികളിലെ വ്യാപാരികള്‍ സ്ഥാപനങ്ങള്‍ നേരത്തെ അടച്ച് വീടുകളിലേക്ക് മടങ്ങാറാണ് ചെയ്യുന്നത്. കൂട്ടത്തോടെയാണ് കച്ചവടക്കാര്‍ വീടുകളിലേക്ക് മടങ്ങുന്നത്. രാവിലെ മലവാരങ്ങളില്‍ ടാപ്പിംഗ് നടത്തുന്ന തൊഴിലാളികള്‍ നേരം വെളുത്തതിന് ശേഷമാണ് ജോലിക്ക് പോകുന്നത്. വനപാലകരും പോലീസും പെട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. തണ്ടര്‍ബോള്‍ട്ട് സംഘവും പ്രദേശങ്ങളില്‍ പെട്രോളിംഗ് നടത്തുന്നുണ്ട്.