Connect with us

Wayanad

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ വിജ്ഞാപനം റദ്ദാക്കണം: സി പി ഐ

Published

|

Last Updated

കല്‍പറ്റ: കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് മുന്നോടിയായി കേന്ദ്ര വനം-പരിസ്ഥിതി വകുപ്പ് ഇറക്കിയിട്ടുള്ള കരട് വിജ്ഞാപനം റദ്ദാക്കണമെന്ന് സി പി ഐ ജില്ലാ ജനറല്‍ബോഡി ആവശ്യപ്പെട്ടു. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തണം. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമ്പോഴുണ്ടാവുന്ന പ്രത്യാഘാതങ്ങള്‍ പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിച്ചത് ആത്മാര്‍ഥതയോടെയാണെങ്കില്‍ അവരുടെ ശുപാര്‍ശ ലഭിക്കും വരെ വിജ്ഞാപനം നിര്‍ത്തിവെയ്പ്പിക്കാനുള്ള ബാധ്യത സര്‍ക്കാറിനുണ്ട്. സ്വന്തം ഉത്തരവാദിത്വം നിര്‍വഹിക്കാതെ റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ ആശങ്ക വേണ്ടെന്നും കര്‍ഷക വിരുദ്ധ സമീപനം നീക്കുമെന്നുമുള്ള മുഖ്യമന്ത്രിയുടെ വാക്കുകള്‍ വിശ്വസിക്കാനാവില്ല. കേന്ദ്ര വനം-പരിസ്ഥിതി വകുപ്പ് ഇറക്കിയ കരട് വിജ്ഞാപനം അതേപോലെ തുടരുമ്പോള്‍ വിദഗ്ധ സമിതി നടത്തിയ തെളിവെടുപ്പുകൊണ്ട് ഫലമുണ്ടാവില്ലെന്ന് സി പി ഐ ജനറല്‍ബോഡി വിലയിരുത്തി.
പൊതുജന സമ്പര്‍ക്കത്തിനായി വയനാട്ടിലെത്തുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഇത്തവണ കാലവര്‍ഷത്തിലെ അതിവര്‍ഷത്തിലുണ്ടായ കൃഷിനാശത്തിന്റെ നഷ്ടപരിഹാരം സംബന്ധിച്ച് തീരുമാനം പ്രഖ്യാപിക്കാന്‍ തയ്യാറാവണമെന്നും സി പി ഐ ആവശ്യപ്പെട്ടു. അതിവര്‍ഷത്തിലെ കൃഷിനാശത്തിന്റെ കണക്കെടുപ്പ് പോലും ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല. അതിവര്‍ഷം മൂലം കവുങ്ങുകളിലെ പൈങ്ങ പൂര്‍ണമായും നശിച്ചു. കാപ്പിചെടിയില്‍ ഞെട്ടഴുകി കായകള്‍ വന്‍തോതില്‍ കൊഴിഞ്ഞുപോയി. ഇവരണ്ടും ഉണ്ടാക്കിയിട്ടുള്ള നഷ്ടാം കോടികളുടേതാണ്. ചെറുകിട-ഇടത്തരം കര്‍ഷകര്‍ക്കൊന്നും ഇത്തവണ തോട്ടത്തില്‍ നിന്ന് പൈങ്ങ ലഭിച്ചിട്ടില്ല. ഇതുമൂലം പലരുടെയും ജീവിതം തന്നെ വഴിമുട്ടി. മറ്റ് ജില്ലകളില്‍ അതിവര്‍ഷത്തിലെ കൃഷിനാശത്തിന്റെ കണക്കെടുപ്പ് സമയബന്ധിതമായി പൂര്‍ത്തിയാക്കിയപ്പോള്‍ വയനാട്ടില്‍ ഇക്കാര്യത്തിലുണ്ടായ അനാസ്ഥ നീക്കാന്‍ ഇടപെടുന്നതില്‍ ജനപ്രതിനിധികള്‍ പൂര്‍ണമായും പരാജയപ്പെട്ടു. ജനസമ്പര്‍ക്കത്തിലൂടെ ചുരുക്കം പേര്‍ക്ക് ചെറിയ സാമ്പത്തിക സഹായങ്ങള്‍ നല്‍കി ചൊട്ടുവിദ്യ കാണിക്കുകയാണ് മുഖ്യമന്ത്രി. എന്നാല്‍ ആയിരക്കണക്കില്‍ കര്‍ഷകരെ ബാധിച്ചിട്ടുള്ള കൃഷി്‌നാശത്തിന്റെയും അതിനുള്ള നഷ്ടപരിഹാരത്തിന്റെയും കാര്യത്തില്‍ തീരുമാനം പ്രഖ്യാപിക്കാന്‍ വയനാട്ടിലെത്തുന്ന മുഖ്യമന്ത്രി തയ്യാറാവണം. സി പി ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സത്യന്‍ മൊകേരി, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ടി വി ബാലന്‍, ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര പ്രസംഗിച്ചു. പി കെ മൂര്‍ത്തി അധ്യക്ഷനായിരുന്നു.