മാപ്പിളപ്പാട്ടിന് ഗള്‍ഫില്‍ പരിശീലന കോഴ്‌സ് ആരംഭിക്കുന്നു

Posted on: December 4, 2013 12:04 am | Last updated: December 4, 2013 at 12:04 am

മലപ്പുറം: കേരള സര്‍ക്കാറിന്റെ സാംസ്‌കാരിക വകുപ്പിന് കീഴില്‍ സര്‍ക്കാര്‍ അക്കാദമിയാക്കി ഉയര്‍ത്തപ്പെട്ട മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി, ഗള്‍ഫ് നാടുകളില്‍ മാപ്പിളപ്പാട്ട് പഠനത്തിനും പരിശീലനത്തിനും ഉപകരിക്കുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ നടത്തുന്ന സ്ഥാപനങ്ങളാരംഭിക്കുന്നു.
കേരള നാടന്‍കലാ അക്കാദമി ഇപ്പോള്‍ ദുബൈയില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ മാതൃകയിലായിരിക്കും പരിശീലനം നല്‍കുക. ഇതിനാവശ്യമായ സിലബസും മറ്റും മാപ്പിളകലാ വിദഗ്ധരെകൊണ്ട് ശില്‍പ്പശാല നടത്തി തയ്യാറാക്കും. ഇത്തരത്തിലുള്ള മാപ്പിളപ്പാട്ട് സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ ഇപ്പോള്‍ 10 വയസ്സ് മുതല്‍ 18 വയസ്സ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് എല്ലാ ഞായറാഴ്ചയും കൊണ്ടോട്ടിയിലെ അക്കാദമിയില്‍ നടത്തിവരുന്നുണ്ട്. അക്കാദമി എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ പ്രഥമ യോഗത്തിലാണ് ഗള്‍ഫ് നാടുകളില്‍ കൂടി പഠന കോഴ്‌സ് നടത്താന്‍ തീരുമാനിച്ചത്. യോഗത്തില്‍ ചെയര്‍മാന്‍ സി പി സൈതലവി അധ്യക്ഷത വഹിച്ചു.
സ്‌കൂള്‍ കലോത്സവങ്ങളിലെ മാപ്പിളപ്പാട്ട് മത്സരങ്ങളില്‍ സങ്കരഭാഷ ഉപയോഗിച്ചു പാടുന്ന പാട്ടുകള്‍ മാത്രമാണ് ഇപ്പോള്‍ വിദ്യാര്‍ഥികള്‍ ആലപിക്കുന്നത്. സങ്കരഭാഷയില്‍ പാട്ടുകള്‍ പാടുന്നവര്‍ക്ക് മാത്രമാണ് വിധികര്‍ത്താക്കള്‍ ഉയര്‍ന്ന മാര്‍ക്ക് നല്‍കുന്നത്. മാപ്പിളപ്പാട്ട് സാഹിത്യ ശാഖയിലെ 400 വര്‍ഷം മുമ്പ് ഖാസി മുഹമ്മദ് രചിച്ച പ്രഥമ കാവ്യമായ ‘മുഹ്‌യുദ്ദീന്‍ മാല’ സങ്കരഭാഷയിലല്ല, ലളിതമായ മലയാളത്തിലാണ് രചിച്ചിട്ടുള്ളത്. ചാക്കീരി മൊയ്തീന്‍കുട്ടി 1903 ല്‍ രചിച്ച ‘ചാക്കീരി ബദര്‍’ കുഞ്ഞായി മുസ്‌ലിയാരുടെ കപ്പപ്പാട്ട്, പി ടി ബീരാന്‍കുട്ടി മൗലവിയുടെ ഹജ്ജ് യാത്ര, പക്ഷിപ്പാട്ടും, കുറത്തിപ്പാട്ടും എന്നീ അറബി മലയാള ലിപിയില്‍ രചിച്ച പ്രശസ്ത കാവ്യങ്ങള്‍ മലയാള ലിപിയിലേക്ക് മൊഴിമാറ്റം നടത്തി പഠനം, പദാര്‍ത്ഥം, വ്യാഖ്യാനം സഹിതം പ്രസിദ്ധീകരിക്കാനും പുതിയ തലമുറക്ക് അജ്ഞാതമായ മെഹര്‍, എം എം കല്‍പ്പറ്റ, എ എ മലയാളി എന്നീ പ്രശസ്ത മാപ്പിളകവികള്‍ ലളിതമായ മലയാളത്തില്‍ രചിച്ച സമ്പൂര്‍ണ കൃതികള്‍ ഉടനെ പ്രസിദ്ധീകരിക്കാനും യോഗം തീരുമാനിച്ചു.
ഇശല്‍ പൈതൃകം ത്രൈമാസികയുടെ അടുത്ത ലക്കം സംഗീത സംവിധായകന്‍ കെ രാഘവന്‍ മാസ്റ്ററുടെ സ്‌പെഷ്യല്‍ പതിപ്പായി പ്രസിദ്ധീകരിക്കാനും തീരുമാനിച്ചു. മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ അവാര്‍ഡ് (51,111 രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും) നല്‍കാന്‍ യോഗം തീരുമാനിച്ചു. ഇതിനായി മൂന്നംഗ ജഡ്ജിംഗ് കമ്മിറ്റിയെ യോഗം ചുമതലപ്പെടുത്തി. തുരുവനന്തപുരത്ത് വി ജെ ടി ഹാളില്‍ അവാര്‍ഡ് ദാനവും സെമിനാറും മാപ്പിള കലോത്സവവും നടത്താനും തീരുമാനിച്ചു.
യോഗത്തില്‍ സെക്രട്ടറി ആസാദ് വണ്ടൂര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് ചെയര്‍മാന്‍ എ കെ അബ്ദുര്‍റഹ്മാന്‍, കെ മുഹമ്മദ് ഈസ ഖത്തര്‍, ഡോ. കെ കെ മുഹമ്മദ് അബ്ദുല്‍ സത്താര്‍, കാനേഷ് പൂനൂര്‍, പി പി റഹ്മത്തുല്ല, ബാലകൃഷ്ണന്‍ വള്ളിക്കുന്ന്, ഒ എം കരുവാരക്കുണ്ട്, ഫൈസല്‍ എളേറ്റില്‍, ആനക്കച്ചേരി മൂസ ഹാജി, എ ടി തങ്ങള്‍, ശ്രീധരന്‍ പാറക്കോട്, അഡ്വ. ടി പി രാമചന്ദ്രന്‍, കെ പി എ നസീര്‍, പി മൊയ്തീന്‍കുട്ടി മാസ്റ്റര്‍, സീതീ കെ വയലാര്‍, പ്രൊഫ. എം സി അലി ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.