ടി പി കേസിലെ പ്രതികളെ വേറെ ജയിലുകളിലേക്ക് മാറ്റും: തിരുവഞ്ചൂര്‍

Posted on: December 3, 2013 11:22 am | Last updated: December 3, 2013 at 4:21 pm

thiruvanjoor

കോഴിക്കോട്: ജില്ലാ ജയിലില്‍ ഗുരുതര ചട്ടലംഘനം നടത്തിയ ടി പി വധക്കേസ് പ്രതികളെ മറ്റ് ജയിലുകളിലേക്ക് മാറ്റണം എന്ന കാര്യം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ടി പി വധക്കേസ് പ്രതികള്‍ ജയിലില്‍ മൊബൈല്‍ ഫോണും ഫേസ്ബുക്കും ഉപയോഗിച്ചു എന്ന കാര്യം വ്യക്തമായി പുറത്തുവന്നതിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലാ ജയില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തിരുവഞ്ചൂര്‍. സുരക്ഷാ വീഴ്ച ഒഴിവാക്കാന്‍ നടപടിയെടുക്കും. പ്രശ്‌നത്തിലേക്ക് ശക്തമായ ഉന്നതതല അന്വേഷണം നടത്തും. ചട്ടലംഘനം നടത്തിയവര്‍ വിചാരണത്തടവുകാരായതിനാല്‍ കോടതിയുടെ അനുമതിയോടെ മാത്രമേ ജയില്‍ മാറ്റാന്‍ കഴിയൂ. ജയിലിനുള്ളില്‍ മൊബൈല്‍ ഉപയോഗിക്കുന്നതായി മനസ്സിലായതായും ഇത് തടയാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ആഭ്യന്തരമന്ത്രി അറിയിച്ചു.

ജയില്‍ വളപ്പിലുള്ള മൊബൈല്‍ ജാമറുകള്‍ പ്രവര്‍ത്തിക്കാത്തത് മൊബൈല്‍ ഉപയോഗം സാധ്യമാക്കുന്നുണ്ട്. മൊബൈലിന്റെ ഉപയോഗം തടയുന്ന സെന്‍സറുകള്‍ ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കും. ജയിലില്‍ താന്‍ കാണേണ്ട കാര്യങ്ങള്‍ കണ്ടു എന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. വാര്‍ത്ത പുറത്തുവന്നതിനുശേഷം ജയില്‍ പരിശോധനകളും നടപടികളും വൈകിയെന്ന ആരോപണം ആഭ്യന്തരമന്ത്രി നിഷേധിച്ചു. കണ്ണൂര്‍ ഡി സി സി ഹൈക്കമാന്റിനയച്ച കത്തിനെപ്പറ്റി ചോദിച്ചപ്പോള്‍ അക്കാര്യം പറയേണ്ട സ്ഥലമല്ല ജയില്‍ വളപ്പെന്നും പൊളിറ്റിക്‌സ് നമുക്ക് ഗസ്റ്റ് ഹൗസില്‍ പറയാമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ജയില്‍ ഡി ജി പി അലക്‌സാണ്ടര്‍ ജേക്കബ്, ഇന്റലിജന്‍സ് ഡി ജി പി ടി പി സെന്‍കുമാര്‍ എന്നിവരും ആഭ്യന്തരമന്ത്രിയോടൊപ്പമുണ്ടായിരുന്നു.